'മൃതദേഹം കുഴിച്ചിടുന്നത് കണ്ടു, തൂമ്പ വൃത്തിയാക്കിയത് എന്റെ വീട്ടിൽ'; ധർമസ്ഥലയിൽ കൂടുതൽ വെളിപ്പെടുത്തല്‍

ശുചീകരണ തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ യുവതി മൊഴി നൽകി

dot image

ധർമസ്ഥല: ധർമസ്ഥലയിലെ ദുരൂഹതകളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ശുചീകരണ തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ പ്രദേശത്തെ താമസക്കാരിയായ സ്ത്രീ മൊഴി നൽകിയത്. ബോളിയാർ വനമേഖലയോട് ചേർന്നാണ് മൃതദേഹം കുഴിച്ചിടുന്നത് കണ്ടത്. കുഴിച്ചിട്ട ശേഷം ശുചീകരണത്തൊഴിലാളി തന്റെ വീട്ടിലെത്തിയാണ് വെള്ളം കുടിച്ചത്. കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പ കഴുകി വൃത്തിയാക്കിയതെന്നും ഇവർ നൽകിയ മൊഴിയിൽ പറയുന്നു.

ബലാത്സംഗം ചെയ്യപ്പെട്ട വിദ്യാർഥിനികളുടേയും സ്ത്രീകളുടേയും നിരവധി മൃതദേഹങ്ങൾ ദഹിപ്പിക്കുയും കുഴിച്ചിടുകയും ചെയ്തുവെന്ന് ബെഗളൂരുവിലെ ധർമസ്ഥലയിലെ മഞ്ചുനാഥ ക്ഷേത്രത്തിലെ മുൻ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയതിലൂടെയാണ് ഇവിടം വിവാദങ്ങളിൽ നിറഞ്ഞത്.

1998നും 2014-നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്നാണ് ഇയാൾ ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത്. സംഭവം നടന്ന് ഒരു പതിറ്റാണ്ടിനുശേഷമുളള ഈ തുറന്നുപറച്ചിൽ കുറ്റബോധം താങ്ങാൻ കഴിയാതെയാണെന്നും ക്രൂരമായി കൊലചെയ്യപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.

രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ പിന്നീട് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ശുചീകരണത്തൊഴിലാളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്‌പോട്ടുകളായി തിരിച്ച് പ്രദേശത്ത് പരിശോധന തുടരുകയാണ്. ഇതിനിടെ ചില ഇടങ്ങളിൽ നിന്നും രേഖകൾ, വസ്ത്രം, അസ്ഥിഭാഗങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. അതേസമയം കേസ് അട്ടിമറിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു.

Content Highlights: More revelations emerge in the mysteries of Dharmasthala

dot image
To advertise here,contact us
dot image