ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; 5000 രൂപയുടെ ചെക്ക് നിരസിച്ച് ദുരിതബാധിതർ, മതിയായ ധനസഹായം നൽകിയില്ലെന്ന് പരാതി

അടിയന്തര ആശ്വാസമെന്ന നിലയ്ക്ക് നൽകിയ 5000 രൂപയുടെ ചെക്ക് ഗ്രാമീണർ നിരസിച്ചു

dot image

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ മിന്നൽ പ്രളയം വൻ നാശനഷ്ടം വിതച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് സർക്കാർ മതിയായ ധനസഹായം നൽകിയില്ലെന്ന് പരാതി. അടിയന്തര ആശ്വാസമെന്ന നിലയ്ക്ക് നൽകിയ 5000 രൂപയുടെ ചെക്ക് ഗ്രാമീണർ നിരസിച്ചു. സർവ്വവും നഷ്ടമായ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഈ തുക അപര്യാപ്തമെന്നാണ് പരാതി.


ധരാലിയിലെയും ഹർഷിലിലെയും ദുരിതബാധിത കുടുംബങ്ങൾക്കാണ് 5000 രൂപയുടെ ചെക്ക് വിതരണം ചെയ്തത്. പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ തങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി കുറച്ചുകാണുന്നുവെന്ന് ഗ്രാമീണർ ആരോപിച്ചു.

എന്നാൽ 5000 രൂപ താൽക്കാലിക സഹായം മാത്രമാണെന്നായിരുന്നു ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് പ്രശാന്ത് ആര്യയുടെ ന്യായീകരണം. "മുഴുവൻ നഷ്ടവും വിലയിരുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ശരിയായ നഷ്ടപരിഹാരം നൽകും," അദ്ദേഹം പറഞ്ഞു. വീട് പൂർണമായും തകർന്നവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അതേ തുക നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഓഗസ്റ്റ് അഞ്ചിനാണ് ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനമുണ്ടായത്. ഹർസിൽ സൈനിക ക്യാംപിൽ നിന്ന് നാല് കിലോമീറ്റർ അകലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയിരുന്നു. കാണാതായവരുടെ എണ്ണത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നൂറ് പേരെയെങ്കിലും കുറഞ്ഞത് കാണാതായിട്ടുണ്ട് എന്നാണ് സൈന്യം പറയുന്നത്.

Content Highlights: Uttarkashi families protest over relief cheques

dot image
To advertise here,contact us
dot image