
ന്യൂഡല്‍ഹി: രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുവെന്ന ശക്തമായ ആരോപണം വാര്‍ത്താസമ്മേളനം വിളിച്ച് ജനങ്ങളോട് ഉന്നയിച്ചതിന് പിന്നാലെ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി ക്യാമ്പെയ്‌ന് തുടക്കമിട്ടു. ഇതിനായി 'വോട്ട്‌ചോരി ഡോട്ട് ഇന്‍' എന്ന പേരില്‍ വെബ്‌സൈറ്റിന് തുടക്കമിട്ടു.
വെബ്‌സൈറ്റില്‍ 'വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി' എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്. ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാവുന്നതാണ്. കോണ്‍ഗ്രസാണ് ക്യാമ്പെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയിലൂടെ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നു.
ജനങ്ങള്‍ക്കായി ഒരു സന്ദേശവും പോര്‍ട്ടലില്‍ പങ്കുവെയ്ക്കുന്നുണ്ട്. വോട്ട് ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും എന്നാല്‍ നിലവില്‍ അത് അങ്ങനെയല്ലെന്നും സന്ദേശത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയോടെ ബിജെപി ഇതിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നതിനായി ബെംഗളൂരു സെന്‍ട്രലില്‍ മാത്രം ഒരു ലക്ഷത്തോളം വ്യാജ വോട്ടുകളാണ് പിറന്നത്. ഇത് എഴുപത് മുതല്‍ നൂറോളം സീറ്റുകളില്‍ സംഭവിച്ചതായി സങ്കല്‍പ്പിച്ച് നോക്കൂ. അത് സ്വതന്ത്രമായുള്ള തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും രാഹുല്‍ പുറത്തുവിട്ടിരുന്നു. മഹാരാഷ്ട്ര അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് കഴിഞ്ഞ അഞ്ചുമാസം കൊണ്ട് ചേര്‍ത്തതായി രാഹുല്‍ ആരോപിച്ചിരുന്നു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു. ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് അവ നശിപ്പിച്ചത്. ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ ഒരുകോടി പുതിയ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് ബെംഗളൂരു സെന്‍ട്രലിലെ മഹാദേവപുര മണ്ഡലമായിരുന്നു. ഇവിടെ വിശദമായ പരിശോധനയാണ് നടത്തിയതെന്നും മണ്ഡലത്തില്‍ 1,00250 വോട്ട് ബിജെപി മോഷ്ടിച്ചു എന്നും രാഹുല്‍ പറഞ്ഞിരുന്നു. ഈ മണ്ഡലത്തില്‍ ലോക്സഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 32,707 ആയിരുന്നു. ഇവിടെ ബിജെപിക്ക് 1,14,046 വോട്ട് ഭൂരിപക്ഷമുണ്ട്. ഒറ്റ നിയമസഭാ മണ്ഡലത്തിന്റെ ബലത്തിലാണ് ആ ലോക്സഭാ സീറ്റ് ബിജെപി പിടിച്ചത്. ഇവിടെ ഒരു വോട്ടറുടെ പേര് നാല് ബൂത്തുകളില്‍ ഉണ്ട്. ഇങ്ങനെ നിരവധി വോട്ടര്‍മാരാണുളളത്. ഒരാള്‍ പല സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയിലുണ്ട്. വ്യാജ വിലാസങ്ങള്‍ 40,000 മുകളിലാണ്. പലരുടെയും അച്ഛന്റെ പേര് അക്ഷരങ്ങള്‍ മാത്രമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
Content Highlights- Congress launches campaign urging people to register against vote theft