

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കുന്നതിനെ പിന്തുണച്ച മന്ത്രി കെ എം ഷാജിയ്ക്ക് മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്. സംഘിയെയും വിശ്വാസിയെയും തിരിച്ചറിയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അറിയാമെന്നാണ് പി എം നിയാസിന്റെ പ്രതികരണം. വിശ്വാസികളെല്ലാം സംഘികളല്ലെന്നും ഇപ്പോള്‍ മാത്രമേ തിരുത്താന്‍ കഴിയൂ എന്നും പി എം നിയാസ് പറഞ്ഞു. നിയമിച്ചുകഴിഞ്ഞാല്‍ തിരുത്താന്‍ കഴിയില്ലെന്നും അതിനെതിരെ ഏതറ്റം വരെയും മുന്നോട്ടുപോകുമെന്നും നിയാസ് അറിയിച്ചു. ശേഷാദ്രിനാഥന്റെ പ്രൊഫൈല്‍ പരിശോധിച്ചതാണെന്നും വിശ്വാസിയാകുന്നത് അപകടകരമായി കാണുന്നില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്.
'വിശ്വാസികളെയും സംഘികളെയും തിരിച്ചറിയാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫുകാര്‍ക്കും അറിയാം. നമ്മളെല്ലാവരും വിശ്വാസികളാണ്. പക്ഷെ നമ്മള്‍ സംഘികളാണോ? അദ്ദേഹത്തിന് ഇത് മനസിലായോ എന്ന് എനിക്കറിയില്ല. അദ്ദേഹത്തെ പഠിപ്പിക്കേണ്ട ആളല്ല ഞാന്‍. എന്റെ പാര്‍ട്ടിയിലും മുഖ്യമന്ത്രിയോടും എഐസിസി ജനറല്‍ സെക്രട്ടറിയോടും വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാരോടുമാണ് ആവശ്യപ്പെട്ടത്': പി എം നിയാസ് പറഞ്ഞു.
ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും പി എം നിയാസ് നേരത്തെ പറഞ്ഞിരുന്നു. താന്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ആയിരുന്ന സമയത്ത് എസ്എഫ്‌ഐ നേതാവായിരുന്നു ശേഷാദ്രിനാഥെന്നും തീവ്രഹിന്ദു വിശ്വാസിയാണ് അദ്ദേഹമെന്നും പിഎം നിയാസ് പറഞ്ഞു. എന്തായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസമെന്നും എന്തായിരുന്നു പുലര്‍ത്തിയിരുന്നതെന്നും കഴിഞ്ഞ കാലങ്ങളിലെ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പരിശോധിച്ചാല്‍ മനസിലാവുമെന്നും കെപിസിസി ഔദ്യോഗിക ഭാരവാഹിയെന്ന നിലയില്‍ പാര്‍ട്ടി അറിയാതെയോ അറിഞ്ഞോ തെറ്റിദ്ധരിപ്പിച്ചോ ഉണ്ടായ തെറ്റുകള്‍ തിരുത്താനാണ് ശ്രമിച്ചത് എന്ന് നിയാസ് പറഞ്ഞു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയാസ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, മുഖ്യമന്ത്രി വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. സംഘിയായി പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇന്ന് സുപ്രധാന തസ്തികയിലേക്ക് നമ്മുടെ ഭരണകാലത്ത് വാഴ്ത്തപ്പെടുന്നത് കണ്ട് നില്‍ക്കാനാവില്ല. ഒരു കാലത്തും പാര്‍ട്ടിയോടൊപ്പം നില്‍ക്കാത്തവര്‍ നിരന്തരമായി പ്രധാന തസ്തികയില്‍ അവരോധിക്കപ്പെടുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന സാധാരണപ്രവര്‍ത്തകരുടേയും നേതാക്കളുടെയും അവസ്ഥ കെപിസിസി പ്രസിഡന്റിന് മനസിലാകുമല്ലോയെന്നും നിയാസ് ചോദിച്ചിരുന്നു.
Content Highlights: KPCC General Secretary PM Niyas reply to minister KM Shaji supporting appointment of seshadrinathan as election commissioner stating that Congress clearly knows the difference between a believer and a 'Sanghi