

'ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഒന്നിനും ശ്രദ്ധയില്ല, മൊബൈല്‍ ഫോണും റീല്‍സും കണ്ട് അവര്‍ സമയം കളയുകയാണ്…'- ഇന്ന് സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കുറ്റപ്പെടുത്തലുകളില്‍ ഒന്നാണിത്. എന്നാല്‍, തലമുറകള്‍ മാറുമ്പോഴൊക്കെ മുതിര്‍ന്നവര്‍ പുതിയ തലമുറയില്‍ കുറ്റങ്ങള്‍ കണ്ടെത്തുന്നത് ചരിത്രപരമായ ഒരു പതിവാണ്. പണ്ട് അച്ചടിയന്ത്രം കണ്ടുപിടിച്ച് പുസ്തകങ്ങള്‍ വന്‍തോതില്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അന്നത്തെ ചിന്തകര്‍ പറഞ്ഞത്, 'ഇനി മനുഷ്യര്‍ക്ക് ഓര്‍മ്മശക്തി ഉണ്ടാവില്ല, എല്ലാം പുസ്തകം നോക്കി വായിക്കും' എന്നായിരുന്നു! പിന്നീട് റേഡിയോയും ടെലിവിഷനും സിനിമയും വന്നപ്പോഴും സമാനമായ ആശങ്കകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇന്നത്തെ 'ഷോട്ട് അറ്റന്‍ഷന്‍ സ്പാന്‍' വാദങ്ങളെയും ഈയൊരു ചരിത്ര പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ചിന്താശേഷിയും ആശയവിനിമയ രീതികളും കാലത്തിനനുസരിച്ച് പരിണമിക്കുക മാത്രമാണ് ചെയ്യുന്നത്.
അച്ചടി പുസ്തകങ്ങള്‍ മാത്രമാണ് അറിവിന്റെ ഏക ജാലകം എന്ന് ചിന്തിക്കുന്നത് ചരിത്രപരമായ ഒരു മിഥ്യാധാരണയാണ്. മനുഷ്യന്റെ ബുദ്ധിപരമായ വികാസത്തിന്റെ ചരിത്രത്തിന് ഏകദേശം 70,000 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ അതിനൊപ്പം നാമിന്ന് കാണുന്ന എഴുത്തും വായനയും ജനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മനുഷ്യന്‍ ആദ്യമായി എന്തെങ്കിലും എഴുതാന്‍ തുടങ്ങിയിട്ട് വെറും 5,000 വര്‍ഷങ്ങളെ ആയിട്ടുള്ളൂ. അതാകട്ടെ, വളരെ ചുരുക്കം ആളുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഒരു കാര്യമായിരുന്നു. ഇന്ന് നമ്മള്‍ കാണുന്നതുപോലെ ഭൂരിഭാഗം ആളുകളും എഴുതാനും വായിക്കാനും തുടങ്ങിയിട്ട് കഷ്ടിച്ച് ഏതാണ്ട് 100 വര്‍ഷമേ ആയിട്ടുള്ളൂ.
അതുവരെ മനുഷ്യന്‍ തന്റെ അറിവുകളും ആശയങ്ങളും കൈമാറിയിരുന്നത് വാമൊഴിയിലൂടെ അഥവാ സംസാരത്തിലൂടെ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ, മനുഷ്യന്റെ ബുദ്ധിവികാസത്തെ എഴുത്തുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയില്ല. അറിവ് നേടാനും, മനസ്സിന് അല്പം സമാധാനം കണ്ടെത്താനും, മനുഷ്യരുടെ വൈകാരികമായ അവസ്ഥകളെ മനസ്സിലാക്കാനും വേണ്ടി നമ്മള്‍ ഉപയോഗിക്കുന്ന ഒരു മികച്ച മാധ്യമമാണ് വായന. കഥകളിലൂടെയും കവിതകളിലൂടെയും നമ്മള്‍ മനുഷ്യബന്ധങ്ങളെയും വികാരങ്ങളെയും തൊട്ടറിഞ്ഞു. എന്നാല്‍, വായന എന്ന മാധ്യമവും ഇന്ന് വലിയൊരു പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
പണ്ട് പുസ്തക വായനയിലൂടെ മാത്രം ലഭിച്ചിരുന്ന അറിവും ആനന്ദവും വൈകാരികമായ അനുഭൂതികളും ഇന്ന് പലതരത്തിലുള്ള വീഡിയോകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും മനുഷ്യര്‍ക്ക് ലഭിക്കുന്നുണ്ട്. മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും പ്രതിഫലിപ്പിക്കുന്ന സിനിമകള്‍, വെബ് സീരീസുകള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവയെല്ലാം ഇന്ന് വായനയുടെ അതേ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. അതുകൊണ്ട് തന്നെ അറിവും സമാധാനവും നേടാന്‍ പുസ്തകം വായന മാത്രമാണ് വഴി എന്ന ചിന്ത മാറേണ്ടതുണ്ട്. പണ്ട് സംസാരിച്ച് ആശയങ്ങള്‍ കൈമാറുമ്പോള്‍ അതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരാള്‍ മറ്റൊരാളോട് ഒരു കാര്യം പറയുന്നു; ആ കേട്ടയാള്‍ മൂന്നാമത് ഒരാളോട് അത് പറയുമ്പോള്‍, അതില്‍ കേട്ടയാളുടെ സ്വന്തം ചിന്തകളും ഭാവനകളും കൂട്ടിച്ചേര്‍ക്കപ്പെടാം. അങ്ങനെ വരുമ്പോള്‍ ആദ്യത്തെ ആള്‍ പറഞ്ഞ കാര്യത്തിന്റെ യഥാര്‍ത്ഥ ആധികാരികതയും സന്ദേശവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
എന്നാല്‍ എഴുത്ത് വന്നതോടെ ഈ പ്രശ്‌നത്തിന് വലിയൊരു പരിഹാരമായി.
ഒരാള്‍ എഴുതിവെച്ച കാര്യം വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതേപടി വായിക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കും. എഴുതിയ ആളിന്റെ യഥാര്‍ത്ഥ ആശയം വായനക്കാരനിലേക്ക് നേരിട്ടെത്തുന്നു എന്നതാണ് ഇതിന്റെ സവിശേഷത. 'എഴുതി പഠിച്ചാൽ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാകും' എന്നൊരു ധാരണ പൊതുവെയുണ്ട്. അത് ശരിയാണ്, പക്ഷേ അതിന്റെ പിന്നിലെ കാരണം എഴുത്ത് എന്ന പ്രക്രിയ മാത്രമല്ല; മറിച്ച് അതൊരു 'റീഇന്‍ഫോഴ്‌സ്‌മെന്റ്' (മനസ്സിലാക്കിയ കാര്യത്തെ വീണ്ടും ഉറപ്പിക്കല്‍) ആയതുകൊണ്ടാണ്.
ഒരു കാര്യം മനസ്സിലാക്കിയ ശേഷം, അത് വീണ്ടും മനസ്സില്‍ ഉറപ്പിക്കാന്‍ പല വഴികളുണ്ട്. നിങ്ങള്‍ പഠിച്ച ഒരു കാര്യം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ട് മറ്റൊരാള്‍ക്ക് പറഞ്ഞ് കൊടുക്കുകയാണെങ്കില്‍ അത് നിങ്ങളുടെ മനസ്സില്‍ നന്നായി ഉറയ്ക്കും. അതിന് എഴുതണമെന്ന നിര്‍ബന്ധമില്ല. മറ്റൊരാളോട് പറയാന്‍ എപ്പോഴും ഒരാളെ കൂടെ കിട്ടണമെന്നില്ല. എന്നാല്‍ എഴുതുമ്പോള്‍ നമ്മള്‍ ആരെയും ആശ്രയിക്കേണ്ടതില്ല. അതുകൊണ്ട് റീഇന്‍ഫോഴ്‌സ്‌മെന്റിന് ഏറ്റവും എളുപ്പമുള്ള വഴി എഴുതുക എന്നത് തന്നെയാണ്. ഒരു കുട്ടി രാത്രിയിരുന്ന് പഠിക്കുമ്പോള്‍, പഠിച്ച കാര്യങ്ങള്‍ സ്വയം മനസ്സിലാക്കി എഴുതി നോക്കുന്നത് അതുകൊണ്ടാണ്. ചുരുക്കത്തില്‍ മനസ്സില്‍ ഉറപ്പിക്കാന്‍ എഴുതുകയോ, പറയുകയോ, ടൈപ്പ് ചെയ്യുകയോ എന്തുവേണമെങ്കിലും ചെയ്യാം. ഇന്നത്തെ കാലത്ത് നമുക്ക് സംസാരിക്കാന്‍ എ ഐ പോലെയുള്ള സംവിധാനങ്ങളുണ്ട്. നമ്മള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ എ ഐ -യോട് ചര്‍ച്ച ചെയ്യുമ്പോള്‍ പോലും അവിടെ മികച്ച രീതിയില്‍ റീഇന്‍ഫോഴ്‌സ്‌മെന്റ് നടക്കുന്നുണ്ട്.
'വായിച്ചാല്‍ വളരും വായിച്ചില്ലെങ്കിലും വളരും; വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും' എന്നൊക്കെയുള്ള പ്രശസ്തമായ വരികള്‍ വായനയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി അന്നത്തെ കാലത്ത് ഉണ്ടായ കാല്പനികമായ ചിന്തകളാണ്. കാരണം, അറിവുകള്‍ കൈമാറാന്‍ അക്കാലത്ത് ഏറ്റവും ചിലവ് കുറഞ്ഞതും എളുപ്പമുള്ളതുമായ മാര്‍ഗ്ഗം പുസ്തകങ്ങളായിരുന്നു. ഒരാള്‍ക്ക് എല്ലാവരുടെയും അടുത്ത് ചെന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഒരുപാട് സമയവും ചിലവും വരും. എന്നാല്‍ ഒരു പുസ്തകം എഴുതിയാല്‍ അത് ഒരേസമയം ഒട്ടനവധി ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കും.അതുകൊണ്ട്, എഴുത്തും വായനയും അറിവ് പങ്കുവെക്കാനുള്ള മികച്ചൊരു മാര്‍ഗ്ഗമാണ് എന്നതില്‍ സംശയമില്ല. പക്ഷേ, അത് മാത്രമാണ് മനുഷ്യന്റെ ബുദ്ധിവികാസത്തിന് കാരണം എന്ന് കരുതുന്നത് പൂര്‍ണ്ണമായും ശരിയല്ല.
ഡിജിറ്റല്‍ വായനയും പുസ്തക വായനയും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം അവ നല്‍കുന്ന ശ്രദ്ധയും ഏകാഗ്രതയുമാണ്. മൊബൈല്‍ ഫോണുകളിലോ മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളിലോ വായിക്കുമ്പോള്‍ ശ്രദ്ധ തിരിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. കാരണം ഈ ഉപകരണങ്ങള്‍ വായനയ്ക്ക് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളവയല്ല. വായനയ്ക്കിടയില്‍ വരുന്ന നോട്ടിഫിക്കേഷനുകളും മറ്റ് ആപ്പുകളുമെല്ലാം നമ്മുടെ ശ്രദ്ധ മാറ്റിയേക്കാം. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അച്ചടിച്ച പുസ്തകങ്ങളുടെ വായന. യാതൊരുവിധ തടസ്സങ്ങളോ ശ്രദ്ധാശൈഥില്യമോ ഇല്ലാതെ പൂര്‍ണ്ണമായും പുസ്തകത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വായിക്കാന്‍ ഇത് സഹായിക്കുന്നു. അത് ഏകാഗ്രതയും ക്ഷമയും വളര്‍ത്തുന്നു. സ്‌ക്രീന്‍ ടൈം കുറയ്ക്കാനും, മാനസികമായ ശാന്തത നല്‍കാനും അച്ചടിച്ച പുസ്തകങ്ങളുടെ വായന സഹായിക്കും.
കിന്‍ഡില്‍ പോലുള്ള വായനയ്ക്ക് മാത്രമായി നിര്‍മ്മിച്ച ഡിജിറ്റല്‍ റീഡറുകള്‍ ഉണ്ടെങ്കിലും, അവ പലര്‍ക്കും ലഭ്യമാകണമെന്നില്ല. മാത്രമല്ല, പുസ്തകങ്ങള്‍ നല്‍കുന്ന ഫോക്കസ്ഡ് ആയ വായനാനുഭവം തന്നെയാണ് അവയെ ഡിജിറ്റല്‍ വായനയില്‍ നിന്നും വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം.
പുതിയ തലമുറയ്ക്ക് ശ്രദ്ധ കുറവാണെന്ന വിലയിരുത്തല്‍ പൂര്‍ണ്ണമായും ശരിയല്ല. അവരുടെ ശ്രദ്ധ കുറയുകയല്ല, മറിച്ച് അതൊരു 'ഹൈപ്പര്‍ അറ്റന്‍ഷന്‍' ആയി മാറുകയാണ് ചെയ്തത്. ഒരേ സമയം പാട്ട് കേള്‍ക്കാനും, സോഷ്യല്‍ മീഡിയ സ്‌ക്രോള്‍ ചെയ്യാനും, പ്രോജക്ട് വര്‍ക്ക് ചെയ്യാനും കഴിയുന്ന മള്‍ട്ടി-ടാസ്‌കറുകളാണ് ഇന്നത്തെ തലമുറ. മാത്രമല്ല, ഒരു വിവരത്തില്‍ നിന്ന് തങ്ങള്‍ക്ക് ആവശ്യമുള്ളത് എന്താണെന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ അവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഒരു റീല്‍സ് കാണുമ്പോള്‍ ആദ്യത്തെ രണ്ട് സെക്കന്‍ഡില്‍ തന്നെ ഇത് തങ്ങള്‍ക്ക് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അവരുടെ തലച്ചോറിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് അവരുടെ അറ്റന്‍ഷന്‍ കുറഞ്ഞതല്ല, മറിച്ച് അവര്‍ വിവരശേഖരണത്തില്‍ കൂടുതല്‍ വേഗതയുള്ളവരും 'സെലക്ടീവും' ആയതാണ്.
മനുഷ്യന്റെ ക്രിയേറ്റിവിറ്റിയും ഭാവനയും മറ്റു മനുഷ്യരെ മനസ്സിലാക്കാനുള്ള കഴിവുകളുമൊക്കെ പുസ്തക വായനയിലൂടെ മാത്രമേ ലഭിക്കൂ എന്ന് ചിന്തിക്കുന്നത് ഒരു മിഥ്യാധാരണയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും , ഡിജിറ്റല്‍ ലോകവും, റീലുകളുമൊക്കെ നമ്മുടെ ചിന്താശേഷിയെയും ഭാവനയെയും നശിപ്പിക്കുമെന്ന് ഭയപ്പെടേണ്ടതില്ല. പകരം, ഇവയെല്ലാം മനുഷ്യന്റെ സര്‍ഗ്ഗാത്മകതയ്ക്ക് പുതിയ ആകാശങ്ങളാണ് തുറന്നു തരുന്നത്. ലഘുവായ വീഡിയോകളിലൂടെയും ഡിജിറ്റല്‍ ഉള്ളടക്കങ്ങളിലൂടെയും ലക്ഷക്കണക്കിന് ആളുകളിലേക്ക് ആശയങ്ങള്‍ അതിവേഗം എത്തിക്കാന്‍ ഇന്ന് സാധിക്കുന്നുണ്ട്. മാധ്യമം മാറുന്നു എന്നതിനര്‍ത്ഥം മനുഷ്യന്റെ ചിന്താശേഷി ഇല്ലാതാകുന്നു എന്നല്ല; മറിച്ച് അത് പുതിയൊരു തലത്തിലേക്ക് വികസിക്കുന്നു എന്നാണ്. ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യകള്‍ വരുമ്പോള്‍ മനുഷ്യന്റെ സര്‍ഗ്ഗാത്മകതയും ചിന്താശേഷിയും നഷ്ടപ്പെടുമെന്ന് ഭയപ്പെടേണ്ടതില്ല.
മണിക്കൂറുകള്‍ നീണ്ട ടൈപ്പിംഗോ ഡാറ്റാ ശേഖരണമോ മിനിറ്റുകള്‍ക്കുള്ളില്‍ തീര്‍ക്കാന്‍ എ ഐ സഹായിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യന് സമയലാഭമാണ് ഉണ്ടാകുന്നത്. അവിടെയും ഏത് ആശയം വേണം, എന്ത് മാറ്റണം എന്ന് തീരുമാനിക്കുന്നത് മനുഷ്യന്റെ തനതായ ചിന്താ പ്രക്രിയ തന്നെയാണ്. എ ഐ നമുക്ക് മുന്നില്‍ ഒരു ഉത്പന്നം തനിയെ നിര്‍മ്മിച്ചു തരുന്നില്ല. അതിന് കൃത്യമായ ഇന്‍പുട്ടുകളും പ്രോംപ്റ്റുകളും നല്‍കാന്‍ മനുഷ്യന്റെ സര്‍ഗ്ഗാത്മകത ആവശ്യമാണ്. ഒരു ഡിജിറ്റല്‍ ടൂളുമായി സംവാദം നടത്തുമ്പോഴും നമ്മള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കുമ്പോഴും അറിവിന്റെ ആഴത്തിലുള്ള 'റീ-ഇന്‍ഫോഴ്‌സ്‌മെന്റ്' ആണ് നടക്കുന്നത്. ഇവിടെ ക്രിയേറ്റിവിറ്റി ഇല്ലാതാകുന്നില്ല, മറിച്ച് എഴുത്തിന്റെയും വായനയുടെയും പരമ്പരാഗത അതിരുകള്‍ക്കപ്പുറം അത് മറ്റൊരു തലത്തിലേക്ക് 'റീഡിഫൈന്‍' ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഇന്നത്തെ തലമുറ വായനയില്‍ നിന്ന് അകന്നുപോയി എന്ന് പറയുന്നതിലും അര്‍ത്ഥമില്ല. അവരുടെ വായനയുടെ 'മാധ്യമം' മാറി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.
സാങ്കേതികവിദ്യകളെയോ റീല്‍സിനെയോ ഒരു സാമൂഹിക വിപത്തായി നേരിട്ട് കുറ്റപ്പെടുത്തുന്നതില്‍ വലിയ യുക്തിയില്ല. മനുഷ്യന്റെ അലസതയും ശ്രദ്ധയില്ലായ്മയും റീല്‍സ് എന്ന മാധ്യമം വന്നതുകൊണ്ട് മാത്രം ഉണ്ടായ ഒരു പ്രശ്‌നമല്ല. മറിച്ച് എല്ലാ കാലഘട്ടത്തിലും മനുഷ്യരിലുള്ള മടിയും അലസതയും പുതിയൊരു മാധ്യമത്തിലൂടെ പുറത്തുവരുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. യഥാര്‍ത്ഥത്തില്‍ ഇത് മാധ്യമത്തിന്റെ പ്രശ്‌നമല്ല, മറിച്ച് വ്യക്തിപരമായ മുന്‍ഗണനകളുടെയും ലക്ഷ്യബോധത്തിന്റെയും പ്രശ്‌നമാണ്. മടിയും കാര്യങ്ങള്‍ മാറ്റിവെക്കുന്ന സ്വഭാവവും ഇന്നലെയോ ഇന്നോ ഉണ്ടായതല്ല, മറിച്ച് എല്ലാ കാലത്തുമുള്ള മനുഷ്യസഹജമായ രീതികളാണ്. പണ്ടുകാലത്ത് സമയം കളയാന്‍ ആളുകള്‍ നാട്ടുക്കവലകളിലും ചായക്കടകളിലും പോയിരുന്ന് വര്‍ത്തമാനം പറഞ്ഞിരുന്നെങ്കില്‍, ഇന്നവര്‍ മൊബൈല്‍ സ്‌ക്രീനുകളില്‍ സ്‌ക്രോള്‍ ചെയ്യുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യബോധമുള്ള ഒരാള്‍ ഒരിക്കലും തന്റെ പഠനസമയത്തോ ജോലിസമയത്തോ റീല്‍സ് കണ്ട് സമയം കളയില്ല.
ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളെ ഈ ലോകത്തുനിന്ന് പൂര്‍ണ്ണമായി അകറ്റിനിര്‍ത്തുക എന്നത് അപ്രായോഗികമാണ്. പകരം അവരെ സ്വയം നിയന്ത്രണത്തിന് ശീലിപ്പിക്കുകയാണ് വേണ്ടത്. അതിനായി ചില പ്രായോഗിക വഴികള്‍ സ്വീകരിക്കാം. വെറും വിനോദങ്ങള്‍ക്കപ്പുറം ശാസ്ത്രം, ചരിത്രം, ഭാഷാ വൈദഗ്ധ്യം എന്നിവ നല്‍കുന്ന പേജുകള്‍ ഫോളോ ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. നമ്മള്‍ തിരഞ്ഞെടുക്കുന്ന കണ്ടന്റുകള്‍ക്ക് അനുസരിച്ച് റീല്‍സ് ഫീഡ് തനിയെ അറിവിന്റെ കേന്ദ്രമായി മാറിക്കോളും.സോഷ്യല്‍ മീഡിയ ഉപയോഗത്തെ ഒരു സമ്മാനമായി മാറ്റുക. ഫോണുകളിലുള്ള ആപ് ടൈമര്‍ സംവിധാനങ്ങള്‍ വഴി സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ദിവസേന ഒരു സമയപരിധി നിശ്ചയിക്കുക. സ്വന്തം സമയത്തെയും ചിന്തകളെയും നിയന്ത്രിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് എല്ലാ കാലഘട്ടത്തിലും അനിവാര്യം.
Content Highlights: Dr. Keerthi Prabha said it is not logical to regard social media reels as a social menace. She stated that human laziness is not a problem created solely by reels and commented on the broader discussion surrounding the impact of digital content on society