

കൊച്ചി: എന്‍ ശേഷാദ്രിനാഥനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഉന്നയിച്ച വിമര്‍ശനത്തെ തള്ളി മന്ത്രി കെ എം ഷാജി. തന്റെ വകുപ്പ് നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുണ്ട്. വിശ്വാസി ആകുന്നത് തെറ്റായ കാര്യമല്ലെന്നും കെഎം ഷാജി പറഞ്ഞു.
'നിയാസ് അത്തരമൊരു പരാതി പറഞ്ഞതായി അറിയില്ല. ശേഷാദ്രിനാഥന്റെ പ്രൊഫൈല്‍ പരിശോധിച്ചതാണ്. വിശ്വാസിയാകുന്നത് അപകടകരമായി കാണുന്നില്ല. അദ്ദേഹം യോഗ്യനാണ്', എന്നായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.
അതേസമയം ശേഷാദ്രിനാഥിന്റെ നിയമനം സംബന്ധിച്ച് തന്റെ പാര്‍ട്ടി പ്രസിഡന്റിനോടാണ് പരാതി പറഞ്ഞതെന്നും കെഎം ഷാജിയോട് അല്ലെന്നും പി എം നിയാസ് പറഞ്ഞു. താന്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ആയിരുന്ന സമയത്ത് എസ്എഫ്‌ഐ നേതാവായിരുന്നു ശേഷാദ്രിനാഥ്. തീവ്രഹിന്ദു വിശ്വാസിയാണ് അദ്ദേഹം. എന്തായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസമെന്നും എന്തായിരുന്നു പുലര്‍ത്തിയിരുന്നതെന്നും കഴിഞ്ഞ കാലങ്ങളിലെ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പരിശോധിച്ചാല്‍ മതി. കെപിസിസി ഔദ്യോഗിക ഭാരവാഹിയെന്ന നിലയില്‍ പാര്‍ട്ടി അറിയാതെയോ അറിഞ്ഞോ തെറ്റിദ്ധരിപ്പിച്ചോ ഉണ്ടായ തെറ്റുകള്‍ തിരുത്താനാണ് ശ്രമിച്ചത് എന്ന് പി എം നിയാസ് പറയുന്നു.
ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നുമായിരുന്നു പി എം നിയാസ് ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയാസ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, മുഖ്യമന്ത്രി വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു.
സംഘിയായി പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇന്ന് സുപ്രധാന തസ്തികയിലേക്ക് നമ്മുടെ ഭരണകാലത്ത് വാഴ്ത്തപ്പെടുന്നത് കണ്ട് നില്‍ക്കാനാവില്ല. ഒരു കാലത്തും പാര്‍ട്ടിയോടൊപ്പം നില്‍ക്കാത്തവര്‍ നിരന്തരമായി പ്രധാന തസ്തികയില്‍ അവരോധിക്കപ്പെടുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന സാധാരണപ്രവര്‍ത്തകരുടേയും നേതാക്കളുടെയും അവസ്ഥ കെപിസിസി പ്രസിഡന്റിന് മനസിലാകുമല്ലോയെന്നും നിയാസ് ചോദിക്കുന്നു.
Content Highlights: KM Shaji has dismissed KPCC General Secretary PM Niyas' criticism over the appointment of N. Seshadrinathan as the Chief Election Commissioner