

ഇക്കുറി ലോകകപ്പ് പല കാര്യങ്ങളാണ് റെക്കോഡും ചരിത്രവുമെല്ലാം സൃഷ്ടിക്കുകയാണ്. മെസ്സിയും എംബാപ്പെയും ഹാളണ്ടും അരങ്ങുവാഴുന്ന ലോകകപ്പില്‍ ഇതാ ആഫ്രിക്കന്‍ രാജ്യങ്ങളുടെ നേട്ടം ചരിത്രത്തിലിടം നേടന്നു. ലോക ഫുട്‌ബോളിലെ വന്‍ ശക്തികളെ വെല്ലുവിളിച്ചാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ കുതിപ്പ്. ഇക്കുറി ലോകകപ്പില്‍ പങ്കെടുത്ത പത്തില്‍ ഒമ്പത് രാജ്യങ്ങളും നോക്കൗട്ടിലെത്തി. ടുണീഷ്യ മാത്രമാണ് നോക്കൗട്ട് കാണാതെ മടങ്ങിയത്. 48 ടീമുകള്‍ പങ്കെടുക്കുന്ന പുതിയ ലോകകപ്പ് ഫോര്‍മാറ്റിനെ പൂര്‍ണമായി മുതലാക്കിയത് ആഫ്രിക്കന്‍ ടീമുകളാണെന്ന് നിസ്സംശയം പറയാം. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ, ദക്ഷിണാഫ്രിക്ക, സെനഗല്‍, ഐവറി കോസ്റ്റ്, ഘാന, ഈജിപ്ത്, കോംഗോ, അള്‍ജീരിയ അരങ്ങേറ്റക്കാരായ കേപ് വെര്‍ദെ എന്നീ ടീമുകള്‍ അവസാന 32-ലെത്തി. കേപ് വെര്‍ദെയുടെ മുന്നേറ്റമാണ് ഫുട്‌ബോള്‍ ലോകത്തിന് അമ്പരപ്പുണ്ടാക്കുന്നത്. വലിയ മത്സരങ്ങള്‍ കളിച്ചുപരിചയമില്ലാത്ത അവര്‍ സ്‌പെയിനെയും യുറഗ്വായിയെയും സൗദി അറേബ്യയെയും വരെ വിറപ്പിച്ചാണ് നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പ് എഫില്‍ കളിച്ച മൂന്നു മത്സരങ്ങളും തോറ്റ ടുണീഷ്യയാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ആഫ്രിക്കന്‍ ടീം. മുമ്പ് രണ്ട് ആഫ്രിക്കന്‍ ടീമുകള്‍ നോക്കൗട്ടിലെത്തിയതാണ് റെക്കോഡ്.
ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ മുന്നേറ്റത്തെയാണ് ലോകകപ്പ് അടയാളപ്പെടുത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ടീമുകള്‍ വമ്പന്‍ ടീമുകള്‍ക്കെതിരെ പോലും ഭയമില്ലാതെ കളിച്ചത് ശ്രദ്ധേയമായിരുന്നു. കേപ് വെര്‍ദെയുടെ പ്രകടനം ഇവിടെയാണ് ചലനമുണ്ടാക്കിയത്. ആഫ്രിക്കന്‍ ഫുട്ബോളിന്റെ വളര്‍ച്ചയുടെ തെളിവുകൂടിയാണ് ഈ മുന്നേറ്റം. സമീപകാലത്ത് യൂറോപ്യന്‍ ലീഗുകളില്‍ വലിയ സ്വാധീനം ചെലുത്തുന്ന നിരവധി ആഫ്രിക്കന്‍ താരങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. ഇതാണ് ദേശീയ ടീമുകളില്‍ പ്രതിഫലിച്ചതെന്നാണ് ഫുട്ബോള്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. കോംഗോയുടെ മുന്നേറ്റവും ചരിത്രമാണ്. 52 വര്‍ഷത്തിനുശേഷം ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തിയ കോംഗോ, ഉസ്ബെക്കിസ്ഥാനെതിരെ 3-1ന് വിജയിച്ചാണ് ചരിത്രം സൃഷ്ടിച്ചത്. ആദ്യം പിന്നിലായ ശേഷം രണ്ടാം പകുതിയിലെ പോരാട്ടവീര്യമാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. പോര്‍ച്ചുഗലിനെതിരെയും അവര്‍ പോരാടി. മൊറോക്കോ, സെനഗല്‍, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഐവറി കോസ്റ്റ് തുടങ്ങിയ ടീമുകള്‍ക്ക് മുമ്പും വലിയ ടൂര്‍ണമെന്റുകളിലെ അനുഭവമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ താരതമ്യേന ചെറിയ ഫുട്ബോള്‍ ശക്തികളായി കണക്കാക്കിയിരുന്ന ടീമുകള്‍ പോലും മുന്നേറ്റം നടത്തിയതോടെ ആഫ്രിക്കന്‍ ഫുട്ബോളിന്റെ തലവര മാറുകയാണ്. അവരെ ലോകം ശ്രദ്ധിക്കുകയാണ്. 2022 ലോകകപ്പില്‍ സെമിഫൈനലിലെത്തിയ ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോ ചരിത്രം കുറിച്ചിരുന്നു.
അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നേട്ടമെന്നും വിലയിരുത്തപ്പെടുന്നു. ഫുട്‌ബോള്‍ ലോകത്ത് ഇനി വന്‍ ശക്തിയായി മാറുമോ ആഫ്രിക്ക എന്നതാണ് ആകാംക്ഷ. അതോടൊപ്പം ആഫ്രിക്കയിലേക്ക് ഒരു ലോകകിരീടമെത്തുമോ എന്നും ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നു.
content highlights: This is Africa's time; Nine out of ten teams featured in the World Cup advance to the knockouts