മുഗൾ കാലത്തിൻ്റെ മധ്യകാല ചരിത്രത്തെ തീവ്രഹിന്ദുത്വ വെട്ടി ഒട്ടിക്കുന്നു; ലക്ഷ്യം നിർമ്മിത ശത്രുത എന്ന പദ്ധതി

നിർമ്മിത ശത്രുത എന്ന ഈ പദ്ധതി, ഇന്ത്യൻ സമൂഹത്തിന്റെ നാനാത്വത്തെ തകർക്കാൻ സഹായിക്കുന്ന ഒരു മിത്ത് മാത്രമാണ്

മുഗൾ കാലത്തിൻ്റെ മധ്യകാല ചരിത്രത്തെ തീവ്രഹിന്ദുത്വ വെട്ടി ഒട്ടിക്കുന്നു; ലക്ഷ്യം നിർമ്മിത ശത്രുത എന്ന പദ്ധതി
എം എസ് ഷൈജു
1 min read|25 Jun 2026, 09:14 am
dot image

ജമൈക്കൻ വംശജനും അറിയപ്പെടുന്ന പാൻ ആഫ്രിക്കൻ നേതാവും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന മാർക്കസ് ഗാർവി ചരിത്രമില്ലാത്ത ദേശീയതയെ ഉപമിച്ചിരിക്കുന്നത് വേരുകളില്ലാത്ത ഒരു വൃക്ഷത്തോടാണ്. തങ്ങളുടെ ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള അറിവില്ലായ്മ ഒരു ജനതയുടെ സ്വത്വത്തെത്തന്നെ ഇല്ലാതാക്കുന്നതും പുനഃസൃഷ്ടിക്കുന്നതും എങ്ങനെയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഒരു സമൂഹത്തിന്റെ വളർച്ചയ്ക്കും ഐക്യത്തിനും അവരുടെ ഭൂതകാലത്തെക്കുറിച്ചുള്ള അറിവ് എത്രത്തോളം അത്യാവശ്യമാണെന്ന് ഊന്നിപ്പറയാനാണ് അദ്ദേഹം ഈ ഉപമ ഉപയോഗിച്ചത്. ഒരു ജനതയുടെ സ്വത്വത്തെ നിർണ്ണയിക്കുന്ന കണ്ണാടിയാണ് അവരുടെ ചരിത്രം. ചരിത്രപരമായ ഓർമ്മകൾ എങ്ങനെയാണ് ഒരു സമൂഹത്തെ ഒന്നാക്കിത്തീർക്കുന്നത് എന്നതിലാണ് ഒരു രാഷ്ട്രത്തിന്റെ യഥാർത്ഥമായ ദേശീയത കുടി കൊള്ളുന്നത്.

ജനങ്ങളെ തമ്മിൽ ചേർത്ത് ബന്ധിപ്പിക്കുന്ന പൊതുവായ വേരുകളെ മുഴുവൻ അടർത്തിമാറ്റാനും അവരുടെ പാരമ്പര്യവും ചരിത്രവും വെവ്വേറെയാണെന്ന് സ്ഥാപിക്കാനുമാണ് ഒരു നൂറ്റാണ്ടിലധികമായി ഹിന്ദുത്വ എന്ന ആശയത്തെ ഉയർത്തിപ്പിടിച്ച് കൊണ്ട് സംഘപരിവാർ രാജ്യത്ത് ശ്രമിച്ചു കൊണ്ടിരിക്കുന്നത്

അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടങ്ങൾ, പൊതുവായ നേട്ടങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ സ്മരണകളിലൂടെയും ചരിത്ര പഠനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയുമാണ് തലമുറകളിലേക്ക് കൈമാറപ്പെടുന്നത്. ഒരു ദേശത്തിന്റെ അതിരുകൾക്കുള്ളിൽ ജീവിക്കുന്ന ജനതയ്ക്ക് തങ്ങൾ ഒരേ വേരുകളിൽ നിന്ന് വന്നവരാണെന്നും, ഒരേ പാരമ്പര്യം പിന്തുടരുന്നവരാണെന്നുമുള്ള തോന്നലുണ്ടാകുന്നത് അവർക്ക് പങ്ക് വെക്കാനായി പൊതുവായ ഒരു ചരിത്രമുണ്ടാകുമ്പോൾ മാത്രമാണ്. എന്നാൽ ജനങ്ങളെ തമ്മിൽ ചേർത്ത് ബന്ധിപ്പിക്കുന്ന പൊതുവായ വേരുകളെ മുഴുവൻ അടർത്തിമാറ്റാനും അവരുടെ പാരമ്പര്യവും ചരിത്രവും വെവ്വേറെയാണെന്ന് സ്ഥാപിക്കാനുമാണ് ഒരു നൂറ്റാണ്ടിലധികമായി ഹിന്ദുത്വ എന്ന ആശയത്തെ ഉയർത്തിപ്പിടിച്ച് കൊണ്ട് സംഘപരിവാർ രാജ്യത്ത് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

നമ്മൾ ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകുന്നത് ചരിത്രമാണ്. ഒരു രാഷ്ട്രത്തിന്റെ ഉദയത്തെക്കുറിച്ചും, അത് അഭിമുഖീകരിച്ച പ്രതിസന്ധികളെക്കുറിച്ചും, അത് നേടിയ വിജയങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ ജനങ്ങളിൽ ഉണ്ടാക്കുന്ന അഭിമാനവും ഉൾബോധവുമാണ് ദേശീയത എന്ന സങ്കല്പത്തിൻ്റെ ചരിത്രാസ്ഥിത്വമായി മാറുന്നത്. ചരിത്രം ഒരു ദേശത്തിന്റെ വികാരവും കൂട്ടായ ഓർമ്മയുമായി മാറിയാണ് ദേശീയതയേയും പൗരന്മാരെയും തമ്മിൽ ചേർത്ത് ബന്ധിപ്പിക്കുന്നത്. ചരിത്രം ദേശീയതയെ ഊട്ടിയുറപ്പിക്കാൻ സഹായിക്കുമ്പോൾ തന്നെ, ചിലപ്പോൾ അത് ചില ഭിന്നതകൾക്കും കാരണമാകാറുണ്ട്. ചരിത്രം ഒരുന്മാദമായി മാറാൻ തുടങ്ങുന്നേടത്ത് നിന്ന് അതൊരു മൂർത്തമായ പ്രശ്നമാകാൻ തുടങ്ങും. ദേശീയതയെ ജനതയുടെ ഉന്മാദമാക്കി മാറ്റാൻ ശ്രമിക്കുന്നവർക്ക് ചരിത്രത്തോട് പ്രത്യേകമായ താത്പര്യങ്ങളുണ്ടാകുന്നതിന്റെ കാരണമിതാണ്. ഏതൊക്കെ സംഭവങ്ങൾ ഓർക്കണം, ഏതൊക്കെ ചരിത്രനായകരെ ആരാധിക്കണം, എന്തൊക്കെ നമ്മൾ ബോധപൂർവമായി മറക്കാൻ ശ്രമിക്കണം എന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് പലപ്പോഴും സമൂഹത്തിൽ പുതിയ ചേരിതിരിവുകൾ സൃഷ്ടിക്കാറുള്ളത്. ഇന്ത്യയെ സംബന്ധിച്ച് പറഞ്ഞാൽ ഈയൊരു പ്രതിസന്ധി ഏറ്റവും കൂടുതൽ നേരിടുന്നത് മധ്യകാലഘട്ടത്തിലെ ചരിത്രമാണ്.

ചരിത്രത്തിൻ്റെ ഏറ്റവും ഗരിമയാർന്ന ഇന്ത്യയുടെ മധ്യകാലഘട്ട ചരിത്രം ഇന്ന് ശ്രദ്ധേയമാകുന്നത് വർത്തമാനകാല രാഷ്ട്രീയ ആവശ്യങ്ങൾക്കായി അതിനെ ഉപയോഗിക്കാനുള്ള ഗൂഢവും സത്യസന്ധമല്ലാത്തതുമായ ശ്രമങ്ങൾ കൊണ്ടാണ്

ഒരു വർണ്ണ ചിത്രത്തിലെ ഏറ്റവും കടുപ്പവും വൈവിധ്യവുമുള്ള നിറച്ചാർത്തുകൾ ചേർന്ന ഭാഗം പോലെയാണ് ഇന്ത്യയുടെ മധ്യകാല ചരിത്രം. ചരിത്രത്തിൻ്റെ ഏറ്റവും ഗരിമയാർന്ന ഒരു ഘട്ടം കൂടിയാണത്. എന്നാൽ ഇന്ന് ഇന്ത്യയുടെ മധ്യകാലഘട്ട ചരിത്രം ശ്രദ്ധേയമാകുന്നത് വർത്തമാനകാല രാഷ്ട്രീയ ആവശ്യങ്ങൾക്കായി അതിനെ ഉപയോഗിക്കാനുള്ള ഗൂഢവും സത്യസന്ധമല്ലാത്തതുമായ ശ്രമങ്ങൾ കൊണ്ടാണ്. രാജ്യം രൂപപ്പെട്ട് കഴിഞ്ഞതിന് ശേഷം നിർമിച്ചെടുത്ത പുതിയ ദേശീയത ആഖ്യാനങ്ങളെയും ഒട്ടും ഉൾക്കൊള്ളൽ ക്ഷമതയില്ലാത്ത ഹിന്ദുത്വ ദേശീയത എന്ന സങ്കല്പത്തെയും മധ്യകാല ഇന്ത്യയുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ അവിടെ സംഭവിക്കുന്നത് ചരിത്രത്തിന്റെ വസ്തുനിഷ്ഠമായ വിശകലനമല്ല, മറിച്ച് കേവലമായ ഒരു മിത്ത് നിർമ്മിതിയാണ്. അത്തരം മിത്ത് നിർമിതികളും യഥാർത്ഥ ചരിത്രവും തമ്മിലുള്ള സംഘർഷങ്ങളാണ് മധ്യകാല ഇന്ത്യയുടെ ചരിത്രത്തെ പുനർ നിർമ്മിക്കുവാനുള്ള ശ്രമങ്ങളിലൂടെ സംഘപരിവാറിൻ്റെ അക്കാദമിക് താത്പര്യങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.

The Mughal Empire (1526–1857) transformed Medieval India into a vibrant melting pot of cultural variety, famously giving rise to a distinct Indo-Islamic synthesis. By blending Central Asian, Persian, and indigenous Indian traditions, the Mughals influenced every facet of social and cultural life
മുഗൾ കാലത്തെ സാംസ്കാരിക വൈവിധ്യം/AI image

​മുഗൾ ഭരണകാലത്തെ ഏകപക്ഷീയമായ വായനകൾ

​മധ്യകാല ഇന്ത്യയിലെ ഭരണകൂടങ്ങളെ മതത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്നതിനും ഇന്ത്യൻ ചരിത്രത്തിൻ്റെ ധാരയിൽ നിന്ന് അവയെ അടർത്തി മാറ്റുന്നതിനുമാണ് സംഘപരിവാർ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മുഗളരെന്നാൽ പുറത്ത് നിന്ന് ഈ രാജ്യത്തേക്ക് വന്നവരാണ് എന്നാണ് സംഘപരിവാറിൻ്റെ ആഖ്യാനം. ഈ വാദത്തിലൂന്നിയാണ് സംഘപരിവാർ അവരുടെ ദേശീയതയുടെ സിദ്ധാന്തങ്ങളെ മുഴുവൻ ആവിഷ്കരിച്ചിരിക്കുന്നത്. ചരിത്രപരമായി നോക്കിയാൽ ഒരടിസ്ഥാനവുമില്ലാത്ത ഒരു വാദം മാത്രമാണിത്. പ്രധാനമായും രണ്ട് കാര്യങ്ങൾ കൊണ്ടാണ് ഹിന്ദുത്വ വാദങ്ങളുടെ അടിസ്ഥാനമില്ലായ്മ നമുക്ക് ബോധ്യപ്പെടുന്നത്. ഒന്നാമതായി, ഇങ്ങോട്ട് വന്നവരല്ലാത്ത ആരും ഇന്ത്യയുടെ ചരിത്രത്തിൻ്റെ ഭാഗമായിട്ടില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓരോ കാലത്തും പലയിടങ്ങളിൽ നിന്ന് വന്നവരാണ് ഇന്ത്യയുടെ സാംസ്കാരിക ബൗഹുത്വത്തിൻ്റെ അടിത്തറ തീർത്തിട്ടുള്ളത്. ഇനി വന്നവരുടെ കാര്യമെടുത്താൽ ബാബറും വളരെ കുറച്ച് ആളുകളും മാത്രമാണ് ഇങ്ങോട്ട് വന്നവരുടെ കൂട്ടത്തിലുള്ളത്. മറ്റെല്ലാം ഇവിടെ നിന്നുള്ളതാണ്. മുഗൾ രാജവംശത്തിൽ ജനിച്ച് വളർന്ന ഭരണകർത്താക്കളിൽ ഹുമയൂൺ ഒഴിച്ചുള്ള മുഴുവൻ പേരും ഡൽഹിയിലോ മധ്യ ഇന്ത്യയിലോ ജനിച്ച് വളർന്നവരാണ്. അവരുടെ മാതാക്കളും ഇന്ത്യയിൽ തന്നെ ജനിച്ച് വളർന്നവരാണ്. അതായത്, ബാബർ 1526 ൽ പാനിപ്പത്ത് യുദ്ധത്തിലൂടെ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ഇന്ത്യയിൽ ഭരണമുറപ്പിക്കുന്നതിന് ഏകദേശം 18 വർഷം മുമ്പേ ജനിച്ച ഹുമയൂൺ മാത്രമാണ് ബാബറല്ലാതെ ഇന്ത്യയിലേക്ക് വന്ന ഒരേയൊരു മുഗൾ ഭരണകർത്താവ്. ബാബർ വന്നത്, ഇന്ത്യൻ മിത്തോളജി പ്രകാരം, ഗാന്ധാരിയുടെ നാടായ അഫ്ഗാനിസ്ഥാനിൽ നിന്നാണ്. വിശാലമായ പൗരാണിക ഭാരതത്തിൻ്റെ ഭാഗമായി സംഘപരിവാർ തന്നെ കാണുന്ന അഫ്ഗാനിസ്ഥാനിൽ/ ഗാന്ധാരത്തിൽ/ കാണ്ഡഹാറിൽ നിന്നും വരുന്ന ഒരു കൂട്ടർ ഇന്ത്യയുടെ ദേശീയ സങ്കൽപത്തിൽ നിന്നും പുറത്താണെങ്കിൽ മഹാഭാരതത്തിലെ ഗാന്ധാരിയും സുബലനും വ്യാസനും കൗരവരുമടക്കം മഹാഭൂരിപക്ഷം മനുഷ്യരും ഇതേ മാനദണ്ഡങ്ങൾ കൊണ്ട് പുറന്തള്ളപ്പെടേണ്ടവരാണ്.

മുഗൾ കാലത്തെ എല്ലാം ഒന്നായി കാണുന്നതിലൂടെ അക്ബറുടെ മതസഹിഷ്ണുതയെയും ഔറംഗസീബിന്റെ നടപടികളെയും ഒരേ തട്ടിലിട്ട് വിശകലനം ചെയ്യുകയാണ് സംഘപരിവാർ ചെയ്യുന്നത്. ചരിത്രത്തിൻ്റെ തുടർച്ചകളായി ഡൽഹി ഭരിച്ച സുൽത്താനേറ്റുകളെയും മുഗളന്മാരെയും കേവലം മതപരമായ സാമ്രാജ്യങ്ങളായി മാത്രം ചിത്രീകരിക്കുന്നത് ചരിത്രപരമായ വൈവിധ്യത്തെ തമസ്കരിക്കലും ചരിത്രത്തിൻ്റെ പരിണാമ തുടർച്ചകളെ നിരാകരിക്കലുമാണ്

മുഗൾ ഭരണത്തെയും മറ്റ് മുസ്‌ലിം രാജവംശങ്ങളെയും കേവലം വിദേശ അധിനിവേശക്കാർ എന്ന ഒറ്റ മുദ്ര കൊണ്ട് ചാപ്പ കുത്തിയാണ് സംഘപരിവാർ ദേശീയതയുടെ ചരിത്രത്തിൻ്റെ തുടർച്ചകളെ നിരാകരിക്കുന്നത്. സംഘപരിവാർ ആശയങ്ങളുടെ മതപരമായ വെറി മൂലമാണെങ്കിലും ഫലത്തിൽ ആധുനിക രാഷ്ട്രസങ്കല്പങ്ങളെ പുരാതന/മധ്യകാല സമൂഹങ്ങളിൽ ആരോപിക്കുന്നതിന് തുല്യമാണിത്. ​ചരിത്രത്തിൻ്റെ ഒരു നീണ്ട കാലത്തെ വെറും ശൂന്യത മാത്രമാക്കി മാറ്റുകയാണവർ ചെയ്യുന്നത്. മുഗൾ കാലത്തെ എല്ലാം ഒന്നായി കാണുന്നതിലൂടെ അക്ബറുടെ മതസഹിഷ്ണുതയെയും ഔറംഗസീബിന്റെ നടപടികളെയും ഒരേ തട്ടിലിട്ട് വിശകലനം ചെയ്യുകയാണ് സംഘപരിവാർ ചെയ്യുന്നത്. ചരിത്രത്തിൻ്റെ തുടർച്ചകളായി ഡൽഹി ഭരിച്ച സുൽത്താനേറ്റുകളെയും മുഗളന്മാരെയും കേവലം മതപരമായ സാമ്രാജ്യങ്ങളായി മാത്രം ചിത്രീകരിക്കുന്നത് ചരിത്രപരമായ വൈവിധ്യത്തെ തമസ്കരിക്കലും ചരിത്രത്തിൻ്റെ പരിണാമ തുടർച്ചകളെ നിരാകരിക്കലുമാണ്. ഇന്ത്യ ഭരിച്ച സകല ഭരണകൂടങ്ങളുടെയും പ്രാഥമിക ലക്ഷ്യം അധികാരം നിലനിർത്തുക എന്നതായിരുന്നു. അതിനായി സാധ്യമാകുന്നതെല്ലാം മറ്റെല്ലാവരെയും പോലെ മുഗളരും ചെയ്തിട്ടുണ്ട്. അതിൽ മതപരവും മതപരമല്ലാത്തതുമായ അനേകം ഘടകങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, പിന്നീട് മതപരമെന്ന് വ്യാഖ്യാനിക്കാൻ കഴിയുന്ന വിധമുള്ള സംഭവങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് ആ ഭരണകൂടത്തെ തന്നെ മതാത്മക ഭരണകൂടമാക്കി വ്യാഖ്യാനിക്കുന്ന ശൈലിയാണ് സംഘപരിവാറിൻ്റേത്. ആ വ്യാഖ്യാനത്തിന് വഴങ്ങാത്ത എല്ലാ ചരിത്രങ്ങളെയും അവർ ചവറ്റു കൊട്ടയിലേക്ക് തള്ളുകയും ചെയ്യുന്നു.

മുഗൾ ഭരണത്തിൻ്റെ മതപരമായ മാനങ്ങൾ

മുഗൾ ഭരണത്തിൽ മതത്തിൻ്റെ അംശങ്ങളേയില്ലായിരുന്നു എന്ന് പറയുന്നത് വാസ്തവമല്ല. മുഗൾ ഭരണകൂടം മതപരമായ ചില അംശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നെങ്കിലും, അത് ഒരു മതാത്മക ഭരണകൂടമായിരുന്നില്ല എന്നതാണ് സാമൂഹ്യശാസ്ത്രപരമായി പ്രസക്തമായത്. ചരിത്രകാരന്മാർക്കിടയിൽ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണത്. മുഗൾ ചക്രവർത്തിമാർ മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ഭരണസ്ഥിരതയ്ക്കും വേണ്ടി പലപ്പോഴും ഉപയോഗിച്ചിരുന്നുവന്നത് ഒരു യാഥാർഥ്യമാണ്. മതത്തെ ഭരണത്തിനുള്ള സൗകര്യമായി ഉപയോഗിക്കുമ്പോഴും ഭരണത്തെ മതത്തിൻ്റെ താത്പര്യങ്ങൾക്കായി മുഗളർ വിനിയോഗിച്ചിട്ടില്ല. ഈ വിനിയോഗങ്ങളൊന്നും മതപരമായ ബോധത്തോടെയുമായിരുന്നില്ല, മറിച്ച് അതിനെ ഭരണപരമായ തന്ത്രവും പ്രായോഗികതയുമായാണ് മുഗൾ ഭരണാധികാരികൾ മനസിലാക്കിയിരുന്നത്. ഇതിനെ സാധൂകരിക്കുന്ന പ്രധാന കാര്യം, മുഗളർ ഭരണ തത്വങ്ങളെയോ നിയമങ്ങളെയോ രൂപീകരിക്കാൻ മതഗ്രന്ഥങ്ങളെയല്ല ആശ്രയിച്ചതെന്നതാണ്. പകരം പ്രായോഗികമായ രാഷ്ട്രീയ നിയമങ്ങളെയാണ് ഭരണ തത്വങ്ങൾ രൂപീകരിക്കാൻ അവർ എപ്പോഴും അടിസ്ഥാനമാക്കിയിരുന്നത്.

അക്ബർ 1564-ൽ ജിസിയ നികുതി പൂർണ്ണമായും നിർത്തലാക്കിയതോടെ ഭരണകൂടം മതാടിസ്ഥാനത്തിലുള്ള എല്ലാ വിവേചനങ്ങളിൽ നിന്ന് മോചിതരാകാൻ ബോധപൂർവമായി തന്നെ ശ്രമിച്ചു. മുഗൾ ചിത്രകല, വാസ്തുവിദ്യ, സംഗീതം എന്നിവയിൽ മതപരമായ തീമുകൾക്കൊപ്പം തന്നെ മതേതരമായ വിഷയങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിരുന്നു. പേർഷ്യൻ, ഇന്ത്യൻ കലാ രൂപങ്ങളുടെ സമ്മേളനമായ മുഗൾ ശൈലി ഒരു മതത്തിന്റെ മാത്രം സ്വത്തായിരുന്നില്ല. മുഗൾ ചക്രവർത്തിമാർ തങ്ങളുടെ പ്രജകളിലെ ഭൂരിപക്ഷവും ഇസ്‌ലാം മതവിശ്വാസികളല്ലാത്തവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

ഒരു ഇസ്ലാമിക ഭരണകൂടത്തിൻ്റെ വിദൂരമായ ലാഞ്ചനയെങ്കിലും മുഗളർ പുലർത്തിയിരുന്നെങ്കിൽ അവരുടെ ഭരണത്തിന് കീഴിൽ അമുസ്‌ലിംകൾക്ക് ഉയർന്ന ഉദ്യോഗങ്ങൾ ലഭിക്കുമായിരുന്നില്ല. മുഗൾ സാമ്രാജ്യത്തിന്റെ അസ്ഥിവാരമായ 'മൻസബ്ദാരി' സമ്പ്രദായത്തിൽ രജപുത്രർ വളരെ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നുവന്നതിന് ചരിത്രത്തിൽ സ്പഷ്ടമായ തെളിവുകളുണ്ട്. രാജാ മാൻ സിംഗ്, രാജാ തോഡർ മാൽ തുടങ്ങിയവർ അക്ബറിന്റെ ഭരണത്തിലെ നിർണ്ണായക സ്ഥാനങ്ങൾ വഹിച്ചവരാണ്. അക്ബർ 1564-ൽ ജിസിയ നികുതി പൂർണ്ണമായും നിർത്തലാക്കിയതോടെ ഭരണകൂടം മതാടിസ്ഥാനത്തിലുള്ള എല്ലാ വിവേചനങ്ങളിൽ നിന്ന് മോചിതരാകാൻ ബോധപൂർവമായി തന്നെ ശ്രമിച്ചു. മുഗൾ ചിത്രകല, വാസ്തുവിദ്യ, സംഗീതം എന്നിവയിൽ മതപരമായ തീമുകൾക്കൊപ്പം തന്നെ മതേതരമായ വിഷയങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിരുന്നു. പേർഷ്യൻ, ഇന്ത്യൻ കലാ രൂപങ്ങളുടെ സമ്മേളനമായ മുഗൾ ശൈലി ഒരു മതത്തിന്റെ മാത്രം സ്വത്തായിരുന്നില്ല. മുഗൾ ചക്രവർത്തിമാർ തങ്ങളുടെ പ്രജകളിലെ ഭൂരിപക്ഷവും ഇസ്‌ലാം മതവിശ്വാസികളല്ലാത്തവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

മുഗൾ സാമ്രാജ്യം മതപരമായ ബോധത്തിൻ്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ഒരു ഭരണകൂടമല്ല എന്ന് ഉറപ്പിക്കുന്നതിന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്ന മറ്റ് ചില തെളിവുകൾ മുഗളരുടെ രാഷ്ട്രീയ സഖ്യങ്ങളായിരുന്നു. മുഗളർ ഹിന്ദു രാജാക്കന്മാരുമായി സഖ്യമുണ്ടാക്കുകയും മുസ്‌ലിം രാജാക്കന്മാരോട് പോരാട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. സൈനിക മേധാവികളായി മുസ്ലിംകൾക്ക് പകരം ധാരാളം ഹിന്ദുക്കളെ അവർ നിയമിച്ചു. അവരുടെ ഭൂനികുതി സംവിധാനങ്ങളിലെ പരിഷ്കാരങ്ങൾ മത നിയമങ്ങളായിരുന്നില്ല എന്ന് മാത്രമല്ല, അവ പിന്നീട് ഇന്ത്യൻ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായി മാറുകയാണുണ്ടായത്. അധികാരം നിലനിർത്താനും സാമ്രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനും എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ഒരു മതേതര സമീപനം സ്വീകരിക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗ്ഗമില്ലായിരുന്നു. ഔറംഗസീബിന്റെ കാലത്ത് ചില മതപരമായ കാർക്കശ്യങ്ങൾ ഉണ്ടായെങ്കിലും മൊത്തത്തിൽ നോക്കിയാൽ മുഗൾ ഭരണം മതത്തെ ഭരണത്തിന്റെ ഒരു ഉപകരണമായി മാത്രം കണ്ട ഒന്നായിരുന്നുവെന്ന് മാത്രമേ നമുക്ക് വിലയിരുത്താൻ കഴിയുകയുള്ളൂ.

​ക്ഷേത്ര ധ്വംസനം, മതപരിവർത്തനം

Mughal Emperor Akbar (Jalal-ud-din Muhammad Akbar) lived to be 63 years old. He was born on October 15, 1542, and passed away on October 27, 1605.
മുഗൾ കാലഘട്ടം/AI image

വസ്തുതകളെയും അതിശയോക്തികളെയും കൂട്ടിക്കലർത്തുകയും ചരിത്രത്തിന്റെ ഒരു ഭാഗത്തെ മാത്രം ഉയർത്തിക്കാണിച്ച് മൊത്തം കാലഘട്ടത്തെ വിധിയെഴുതുകയും ചെയ്യുന്ന ഒരു ശൈലിയാണ് മധ്യകാല ഇന്ത്യാ ചരിത്രത്തെ ഹിന്ദുത്വവൽക്കരിക്കാനായി സംഘപരിവാർ സ്വീകരിച്ചിരിക്കുന്നത്. മധ്യകാലഘട്ടത്തിൽ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണ്. നിഷേധിച്ചത് കൊണ്ട് ഇല്ലാതാകുന്നതല്ല അത്. എന്നാൽ ഈ ചരിത്ര സത്യത്തെ തെറ്റായി ആഖ്യാനിച്ച് ഹിന്ദുത്വ അവരുടെ വിദ്വേഷ പ്രചാരണങ്ങളെ ശക്തിപ്പെടുത്തുവനുള്ള ശ്രമങ്ങളാണ് ദേശീയതയുടെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കേവല വായനകൾക്കപ്പുറം കൂടുതൽ ഗഹനമായ വിശകലനങ്ങൾ ആവശ്യമുള്ള ഒരു സംഗതി കൂടിയാണിത്. ചരിത്രരേഖകളിൽ കാണുന്ന ക്ഷേത്ര ധ്വംസനങ്ങളുടെ എണ്ണം പലപ്പോഴും അതിശയോക്തി നിറഞ്ഞതാണ്. അന്നത്തെ കൊട്ടാര ചരിത്രകാരന്മാർ തങ്ങളുടെ രാജാവിനെ മഹത്വവത്കരിക്കാൻ വേണ്ടി യുദ്ധവിജയങ്ങളെക്കുറിച്ച് എഴുതുമ്പോൾ ക്ഷേത്രങ്ങൾ തകർത്തതിനെ പെരുപ്പിച്ച് കാട്ടിയിട്ടുണ്ട്. ഭാവിയിൽ ഇത് സൃഷ്ടിക്കുന്ന ഒരു വിനയെക്കുറിച്ച് അന്നവർ ആലോചിച്ചിരിക്കാൻ ഒരു തരവുമില്ലല്ലോ. യഥാർത്ഥത്തിൽ ശത്രുവിനെ ഭയപ്പെടുത്താനുള്ള ഒരു തരം പ്രൊപ്പഗണ്ട മാത്രമായിരുന്നു ഇത്. പിൽക്കാലത്ത് കണ്ടെത്തിയ പല തെളിവുകളും പരിശോധിച്ച് പലപ്പോഴും ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിൽ അങ്ങനെയൊരു കെട്ടിടം നില നിന്നിരുന്നതിന് ചരിത്രപരമായ തെളിവുകളില്ല എന്ന് കണ്ടെത്തിയ അനേകം സംഭവങ്ങൾ ചരിത്രകാരനായ റിച്ചാർഡ് ഇറ്റൻ രേഖപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രം സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും പ്രത്യക്ഷമായ ബിംബങ്ങളായാണ് ഓരോ ഭരണകൂടങ്ങളിലും നില നിന്നിട്ടുള്ളത്. രാഷ്ട്രീയ അധികാരം ഉറപ്പിക്കുന്നതിനും, എതിരാളികളുടെ സാമ്പത്തിക സ്രോതസ്സ് നശിപ്പിക്കുന്നതിനുമുള്ള ഏറ്റവും പ്രകടമായ മാർഗമായാണ് ക്ഷേത്രങ്ങളെ ശത്രുക്കൾ കണ്ടിരുന്നത്. അക്കാലഘട്ടങ്ങളിൽ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാൻ വിവിധ ഹിന്ദു രാജാക്കന്മാർ മറ്റ് ഹിന്ദു രാജാക്കന്മാരുടെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചിട്ടുണ്ട് എന്ന ചരിത്ര വസ്തുത കൂടി നാം ഇതിനോട് ചേർത്ത് വായിക്കണം. ഏഴാം നൂറ്റാണ്ടിൽ പല്ലവ രാജാവായ നരസിംഹവർമ്മൻ ഒന്നാമൻ ചാലൂക്യരുടെ തലസ്ഥാനമായ വാതാപി ആക്രമിച്ച് അവിടുത്തെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചത് ഒരു ഉദാഹരണമാണ്. ഇവിടെ മതം ഒരു വിഷയമേ അല്ലായിരുന്നു.

മധ്യകാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിൽ നാം ഈ വിഷയത്തെ സമീപിക്കുമ്പോൾ ക്ഷേത്ര ധ്വംസനങ്ങൾക്ക് മതപരമായ പ്രാധാന്യത്തേക്കാളും രാഷ്ട്രീയമായ പ്രാധാന്യങ്ങളാണ് കൂടുതലുള്ളതെന്ന് കാണാൻ കഴിയും. ക്ഷേത്രം സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും പ്രത്യക്ഷമായ ബിംബങ്ങളായാണ് ഓരോ ഭരണകൂടങ്ങളിലും നില നിന്നിട്ടുള്ളത്. രാഷ്ട്രീയ അധികാരം ഉറപ്പിക്കുന്നതിനും, എതിരാളികളുടെ സാമ്പത്തിക സ്രോതസ്സ് നശിപ്പിക്കുന്നതിനുമുള്ള ഏറ്റവും പ്രകടമായ മാർഗമായാണ് ക്ഷേത്രങ്ങളെ ശത്രുക്കൾ കണ്ടിരുന്നത്. അക്കാലഘട്ടങ്ങളിൽ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാൻ വിവിധ ഹിന്ദു രാജാക്കന്മാർ മറ്റ് ഹിന്ദു രാജാക്കന്മാരുടെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചിട്ടുണ്ട് എന്ന ചരിത്ര വസ്തുത കൂടി നാം ഇതിനോട് ചേർത്ത് വായിക്കണം. ഏഴാം നൂറ്റാണ്ടിൽ പല്ലവ രാജാവായ നരസിംഹവർമ്മൻ ഒന്നാമൻ ചാലൂക്യരുടെ തലസ്ഥാനമായ വാതാപി ആക്രമിച്ച് അവിടുത്തെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചത് ഒരു ഉദാഹരണമാണ്. ഇവിടെ മതം ഒരു വിഷയമേ അല്ലായിരുന്നു. അധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോൾ പുതിയ ഭരണാധികാരി പഴയതിന്റെ ചിഹ്നങ്ങളെ നശിപ്പിക്കുക എന്നത് മധ്യകാലഘട്ടത്തിലെ ഒരു സാർവ്വത്രിക രീതിയായിരുന്നു. റിച്ചാർഡ് ഈറ്റൻ ചൂണ്ടിക്കാണിക്കുന്നത് പോലെ, ഒരു ഭരണകൂടത്തിന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള ചിഹ്നം എന്ന നിലയിലാണ് മധ്യകാലഘട്ടങ്ങളിൽ പലപ്പോഴും ക്ഷേത്രങ്ങൾ ലക്ഷ്യമാക്കപ്പെട്ടത്.

മധ്യ കാലഘട്ടത്തെ സംബന്ധിച്ച് നിലനിൽക്കുന്ന മറ്റൊരു പ്രധാന സംഗതി മതപരിവർത്തനങ്ങളെ സംബന്ധിച്ച് നിലനിൽക്കുന്ന സംഘപരിവാർ ആഖ്യാനങ്ങളാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മധ്യകാല ഘട്ടത്തിൽ നടന്നിട്ടുള്ള മതപരിവർത്തനങ്ങൾ മതപരമായ പ്രാധാന്യത്തേക്കാൾ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങൾ കൊണ്ടാണ് പ്രസക്തമായിട്ടുള്ളത്. അതിൻ്റെ പിന്നിലെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളെയും യാഥാർഥ്യങ്ങളെയും വിസ്മരിക്കുകയും മതപരിവർത്തനങ്ങളെ മുഴുവൻ വെറും മതപരമായ ഔത്സുക്യമാക്കി ചുരുക്കുകയും ചെയ്യുന്നത് ജാതീയതയും ജന്മിത്വവും സൃഷ്ടിച്ച സാമൂഹികാവസ്ഥകളെ വിശകലനം ചെയ്യാനുള്ള മടി കൊണ്ട് മാത്രമാണ്. ഇസ്‌ലാമിലേക്കുള്ള പരിവർത്തനങ്ങളെ വാളുകൊണ്ട് ഉണ്ടായതെന്ന് ചിത്രീകരിക്കുന്നത് സാമൂഹിക യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്നതാണ്. ജാതിവ്യവസ്ഥയിലെ അടിച്ചമർത്തലുകളിൽ നിന്ന് രക്ഷനേടാനും, സൂഫി പീറുമാരുടെ മാനവികമായ സന്ദേശങ്ങളാൽ ആകൃഷ്ടരായുമാണ് വലിയൊരു വിഭാഗം ജനങ്ങൾ ഇസ്‌ലാം സ്വീകരിച്ചത്. ഒറ്റക്കോ തെറ്റക്കോ നിർബന്ധിത മതപരിവർത്തനം എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കിൽ തന്നെ, അത് വ്യാപകമായ ഒരു പൊതു സാമൂഹിക പ്രക്രിയയായിരുന്നില്ല.

​വീരഗാഥകളിൽ നിന്ന് വർഗ്ഗീയ ബിംബങ്ങളിലേക്ക് ചരിത നായകരെ പ്രതിഷ്ഠിച്ച് കൊണ്ടാണ് കൃത്രിമമായ ദേശീയ ബോധങ്ങൾക്ക് ഹിന്ദുത്വ ശ്രമിക്കുന്നത്. ഒരേ സമയം ചരിത്രത്തോടും ചരിത്ര പുരുഷന്മാരോടും അവർ അനീതി കാണിക്കുകയാണ്.
​ഛത്രപതി ശിവജിയെയും മഹാറാണാ പ്രതാപിനെയും തങ്ങളുടെ വിശ്വാസ സംരക്ഷകർ മാത്രമായി അവതരിപ്പിക്കുന്നതിലൂടെ, അവരുടെ യഥാർത്ഥ രാഷ്ട്രീയ ദീർഘ വീക്ഷണത്തെയും ഭരണ തന്ത്രജ്ഞതയെയും അവഗണിക്കുകയാണ് ചെയ്യുന്നത്.
​ശിവജിയുടെ സൈന്യത്തിൽ വലിയൊരു വിഭാഗം മുസ്ലീങ്ങൾ ഉണ്ടായിരുന്നുവന്നതും അദ്ദേഹത്തിന്റെ നാവികസേനയിൽ മുസ്ലിം കമാൻഡർമാരുണ്ടായിരുന്നുവന്നതുമാണ് യഥാർത്ഥ ചരിത്രം. അദ്ദേഹം ഒരു ഹിന്ദു രാജ്യം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ തന്നെ, മതനിരപേക്ഷമായ ഭരണരീതികളും നീതിബോധവും പുലർത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ ഒരു മതപരമായ ബിംബം മാത്രമാക്കുമ്പോൾ, ഒരു ഭരണാധികാരി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമഗ്രതയാണ് ചോർന്നുപോകുന്നത്.

റാണാ പ്രതാപ് നടത്തിയത് ഒരു മത യുദ്ധമേയായിരുന്നില്ല. രാജസ്ഥാന്റെ അസ്തിത്വവും സ്വാശ്രയത്വവും നിലനിർത്താനുള്ള ഒരു രാജാവിന്റെ പോരാട്ടമായിരുന്നു അവയെല്ലാം. അക്ബറിന്റെ ദർബാറിലുണ്ടായിരുന്ന രാജാ മാൻസിംഗ് ആയിരുന്നു റാണാ പ്രതാപിനെതിരെയുള്ള മുഗൾ സൈന്യത്തെ നയിച്ചത്. ഇവിടെ രാജാക്കന്മാർ പക്ഷം പിടിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഒരു നിർമിത ദേശീയതയുടെ ആവിഷ്കാരങ്ങൾക്ക് വേണ്ടി ഇവയെയെല്ലാം സംഘപരിവാർ മിത്ത് വൽക്കരിക്കുകയും തീവ്രമായ ഭാവനകളോടെ തിരുത്തിയെഴുതുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്

​റാണാ പ്രതാപുമായി ബന്ധപ്പെട്ടും സംഘപരിവാർ സൃഷ്ടിക്കുന്നത് ഇതേ പ്രതിസന്ധി തന്നെയാണ്. അക്ബറിനെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെ മതങ്ങൾ തമ്മിലുള്ള ഒരു യുദ്ധമായി അവതരിപ്പിക്കുകയും റാണാ പ്രതാപ് എന്ന ഭരണാധികാരിയെ അദ്ദേഹത്തിൻ്റെ യഥാർത്ഥമായ ഗുണഗണങ്ങളോടെ ചരിത്രത്തിൽ നിലനിർത്താനുള്ള അവകാശത്തെ റദ്ദ് ചെയ്യുകയുമാണ് ഇവിടെയും സംഭവിക്കുന്നത്. റാണാ പ്രതാപ് നടത്തിയത് ഒരു മത യുദ്ധമേയായിരുന്നില്ല. രാജസ്ഥാന്റെ അസ്തിത്വവും സ്വാശ്രയത്വവും നിലനിർത്താനുള്ള ഒരു രാജാവിന്റെ പോരാട്ടമായിരുന്നു അവയെല്ലാം. അക്ബറിന്റെ ദർബാറിലുണ്ടായിരുന്ന രാജാ മാൻസിംഗ് ആയിരുന്നു റാണാ പ്രതാപിനെതിരെയുള്ള മുഗൾ സൈന്യത്തെ നയിച്ചത്. ഇവിടെ രാജാക്കന്മാർ പക്ഷം പിടിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഒരു നിർമിത ദേശീയതയുടെ ആവിഷ്കാരങ്ങൾക്ക് വേണ്ടി ഇവയെയെല്ലാം സംഘപരിവാർ മിത്ത് വൽക്കരിക്കുകയും തീവ്രമായ ഭാവനകളോടെ തിരുത്തിയെഴുതുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്.

The conflict between Mughal Emperor Akbar and Maharana Pratap of Mewar was a legendary 16th-century clash of ideologies. While Akbar sought to consolidate all Rajput states under his empire, Pratap fiercely refused to surrender his sovereignty and honor.
റാണാ പ്രതാപ് അക്ബർ സംഘർഷങ്ങൾ/AI image

ചരിത്രം എന്നത് കഴിഞ്ഞുപോയ കാലത്തിന്റെ അടയാളപ്പെടുത്തലാണ്. അതിനെ വർത്തമാനകാലത്ത് നമുക്ക് ആവശ്യമുള്ളതുപോലെ വെട്ടിയൊട്ടിച്ചാൽ, അത് ചരിത്രമല്ലാതായി മാറും. പിന്നീട് അതൊരു മിത്തായിത്തീരും. നിർമ്മിത ശത്രുത എന്ന ഈ പദ്ധതി, ഇന്ത്യൻ സമൂഹത്തിന്റെ നാനാത്വത്തെ തകർക്കാൻ സഹായിക്കുന്ന ഒരു മിത്ത് മാത്രമാണ്. മധ്യകാല ഇന്ത്യ എന്നത് മതപരമായ പകയുടെ മാത്രം കഥയല്ല, മറിച്ച് അധികാരത്തിനും രാഷ്ട്രീയ അതിജീവനത്തിനുമുള്ള നിരന്തരമായ പോരാട്ടങ്ങളുടെ കഥ കൂടിയാണ്.
​മധ്യകാല ഇന്ത്യയെ അതിസങ്കീർണ്ണമായ ഒരു സാമൂഹിക, രാഷ്ട്രീയ ഇടമായി കാണാൻ ശ്രമിക്കുമ്പോൾ മാത്രമാണ് നമുക്ക് നമ്മുടെ വർത്തമാനകാലത്തെയും ഭാവിയിലെ ദേശീയതയെയും ആരോഗ്യകരമായി കെട്ടിപ്പടുക്കാൻ സാധിക്കുക.

Content Highlights: An in-depth analysis of how medieval Mughal history is interpreted through Hindutva narratives, examining historical revisionism, identity politics, and the construction of perceived communal hostility.

dot image
To advertise here,contact us
dot image