റോഡ് സുരക്ഷ ഇനി ‘എഐ’ കരുത്തിൽ; സുരക്ഷാ സംവിധാനങ്ങൾ അടിമുടി പരിഷ്കരിച്ച് അബുദാബി പൊലീസ്

സാങ്കേതിക പരിഷ്കാരങ്ങൾക്കൊപ്പം തന്നെ റോഡുകളിൽ യുവാക്കളുടെ അശ്രദ്ധ കാരണം ഉണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കാൻ വിപുലമായ ബോധവത്ക്കരണ പരിപാടികളും പൊലീസ് സംഘടിപ്പിക്കും

റോഡ് സുരക്ഷ ഇനി ‘എഐ’ കരുത്തിൽ; സുരക്ഷാ സംവിധാനങ്ങൾ അടിമുടി പരിഷ്കരിച്ച് അബുദാബി പൊലീസ്
dot image

റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളുമായി അബുദാബി പൊലീസ് രംഗത്ത്. അപകടങ്ങൾ പരമാവധി കുറയ്ക്കാനും അടിയന്തര സാഹചര്യങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ പ്രതികരിക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ സ്മാർട്ട് സുരക്ഷാ പദ്ധതികൾക്കാണ് അധികൃതർ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരപരിധിക്ക് പുറത്തുള്ള ഹൈവേകളിലെയും മറ്റ് പ്രദേശങ്ങളിലെയും പട്രോളിങ് സംവിധാനം അടിമുടി പരിഷ്കരിക്കും.

കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സെയ്‌തൂൺ അൽ മുഹൈരിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. പരമ്പരാഗത രീതിയിലുള്ള വാഹന പട്രോളിങ്ങിനപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും തത്സമയ ഡേറ്റാ സംവിധാനങ്ങളും പരസ്പരം കോർത്തിണക്കിയാണ് പുതിയ സുരക്ഷാ വലയം തീർക്കുന്നത്. ഇത് വഴി റോഡപകടങ്ങൾ ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തേക്ക് എത്തുന്നതിനുള്ള പ്രതികരണ സമയം പരമാവധി കുറയ്ക്കാൻ സാധിക്കും.

സാങ്കേതിക പരിഷ്കാരങ്ങൾക്കൊപ്പം തന്നെ റോഡുകളിൽ യുവാക്കളുടെ അശ്രദ്ധ കാരണം ഉണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കാൻ വിപുലമായ ബോധവത്ക്കരണ പരിപാടികളും പൊലീസ് സംഘടിപ്പിക്കും. കൂടാതെ, പുതിയ സാങ്കേതികവിദ്യകൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർക്ക് ലോകോത്തര നിലവാരത്തിലുള്ള പ്രത്യേക പരിശീലനം നൽകാനും അബുദാബി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പുതിയ സ്മാർട്ട് സംവിധാനങ്ങൾ നിലവിൽ വരുന്നതോടെ യുഎഇയിലെ റോഡ് സുരക്ഷാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Content Highlights: Abu Dhabi Police have revamped their road safety systems using artificial intelligence, introducing advanced monitoring and enforcement tools to improve traffic safety and reduce accidents.

dot image
To advertise here,contact us
dot image