

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ ഇത് ആറ് ജില്ലകളിലായിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാക്കനാട് കളക്ടറേറ്റ് വളപ്പില്‍ മരം കടപുഴകി വീണു. മോട്ടോര്‍ വാഹന വകുപ്പിന്റെ കാര്‍ തകര്‍ന്നു. വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. കളക്ടറേറ്റ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലാണ് മരം വീണത്. വാഹനത്തിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തൃക്കാക്കര ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സും എത്തി മരം മുറിച്ചുമാറ്റി. കളക്ടറേറ്റ് പ്രധാന കവാടത്തിന് സമീപത്തെ കുടുംബശ്രീ ടീ ഷോപ്പിന് സമീപത്തെ മരമാണ് റോഡിന് കുറുകെ വീണത്.
കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ജൂലൈ 2 വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുളളതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദേശം.
Content Highlights: The India Meteorological Department (IMD) has updated its weather warning, issuing an Orange Alert for 11 districts in Kerala following continuous heavy rainfall across the state.