

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനായി താൻ നടത്തിയ അഭ്യർത്ഥന രാജ്യത്തെ ജനങ്ങൾ വലിയ തോതിൽ ഏറ്റെടുത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മൻ കി ബാത്തിന്റെ' 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ വിവാഹങ്ങൾക്ക് പുതിയ സ്വർണ്ണം വാങ്ങേണ്ടതില്ലെന്ന് നിരവധി കുടുംബങ്ങൾ തീരുമാനിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.
"പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്വർണ്ണം വാങ്ങുന്നത് പരമാവധി ഒഴിവാക്കാനും വിദേശ യാത്രകൾ മാറ്റിവെക്കാനും ഞാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഈ ആഹ്വാനത്തിന് വലിയ പിന്തുണയാണ് പൗരന്മാരിൽ നിന്നും ലഭിക്കുന്നത്. നിരവധി കുടുംബങ്ങൾ തങ്ങളുടെ അനുഭവങ്ങൾ എന്നോട് പങ്കുവെച്ചു. ആവശ്യമെങ്കിൽ പഴയ സ്വർണ്ണം പുനരുപയോഗിച്ച് പുതിയ ആഭരണങ്ങൾ നിർമ്മിക്കുമെന്നും, ഇത്തവണ വിവാഹങ്ങൾക്ക് പുതിയ സ്വർണ്ണം വാങ്ങില്ലെന്നുമാണ് പലരും തീരുമാനിച്ചിരിക്കുന്നത്. വിദേശ യാത്രകൾ മാറ്റിവെച്ചതിനെക്കുറിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെയും അറിയിച്ചിട്ടുണ്ട്."- പ്രധാനമന്ത്രി പറഞ്ഞു.
പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ കാർ പൂളിംഗ് വലിയ തോതിൽ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരേ ദിശയിലേക്ക് സ്വന്തം വാഹനങ്ങളിൽ പോയിരുന്നവർ ഇപ്പോൾ ഒരുമിച്ച് യാത്ര ചെയ്യാൻ തുടങ്ങി. സാധ്യമാകുമ്പോഴെല്ലാം ആളുകൾ ബസുകളും മെട്രോയും ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. രാസവളങ്ങളുടെ ഉപയോഗം കുറച്ച് പ്രകൃതിദത്ത വളങ്ങളിലേക്ക് മാറാനുള്ള ആഹ്വാനം കർഷകരും ഏറ്റെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആഗോള പ്രതിസന്ധിയെ ഭാരതീയർ ഒരുമിച്ച് നേരിടുന്നതിൽ വലിയ സന്തോഷമുണ്ടെന്നും പൊതുജനപങ്കാളിത്തത്തിന്റെ ഈ കരുത്ത് നമ്മെ വിജയിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജൂൺ മാസത്തിൽ പ്രതിരോധ-വ്യോമയാന മേഖലകളിൽ രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളും പ്രധാനമന്ത്രി മൻ കി ബാത്തിൽ പങ്കുവെച്ചു. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച (Made in India) സി-295 വിമാനം അതിന്റെ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഇത്തരം 40 വിമാനങ്ങളാണ് ഇന്ത്യയില്‍ നിർമ്മിക്കുന്നത്. ഇത് എയ്‌റോസ്‌പേസ് മേഖലയ്ക്കും എം.എസ്.എം.ഇ കൾക്കും വലിയ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Prime Minister Narendra Modi said that soaring gold prices have prompted many families to avoid buying or wearing gold jewellery at weddings. His remarks highlight the growing impact of elevated bullion prices on household budgets and consumer spending, particularly during the wedding season, when gold traditionally plays a significant cultural and financial role.