
അമേരിക്കയിലേക്ക് പോര്‍ച്ചുഗല്‍ ടീമെത്തുമ്പോള്‍ അവര്‍ കിരീടത്തോടെ മടങ്ങുമെന്നായിരുന്നു ഫുട്‌ബോള്‍ ലോകം ഒന്നടങ്കം കരുതിയത്. യുവേഫ നേഷന്‍സ് ലീഗിലെ അവരുടെ കിരീട നേട്ടവും മികച്ച പ്രതിഭകളും അവരെ ആത്മവിശ്വാസത്തിന്റെ നെറുകയിലെത്തിച്ചു. എന്നാല്‍ എല്ലാം അസ്തമിക്കുന്നതായാണ് പോരാട്ടങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകുന്നത്. തട്ടിയും മുട്ടിയും നോക്കൗട്ടിലെത്തി എന്നതാണ് ആശ്വാസം. ഇനി എന്താണ് ഭാവിയെന്ന് കണ്ടറിയണം.
ലോകകപ്പിന് മുമ്പ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മധ്യനിരയായിരുന്നു പോര്‍ച്ചുഗലിന്റേത്. ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരുള്ള ടീമാണ് ഇതെന്നതായിരുന്നു അതിന് കാരണം. ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റിന്യ, ജോവോ നെവസ്, ബെര്‍ണാര്‍ഡോ സില്‍വ തുടങ്ങിയ പ്രതിഭകള്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പായിരുന്നു. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗുകളില്‍ അവരുടെ പ്രകടനം മികച്ചതായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരവും, ഒരു സീസണിലെ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ എന്ന റെക്കോര്‍ഡ് നേട്ടവും കൊണ്ടാണ് ബ്രൂണോ ഫെര്‍ണാണ്ടസ് ലോകകപ്പിനെത്തിയത്. താരത്തിന്റെ പ്രകടനം പോര്‍ച്ചുഗലിനെ ഏറെ ആവേശത്തിലാക്കി. അതേസമയം വിറ്റിന്യ എത്തിയത് തുടര്‍ച്ചയായി രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്ന നേട്ടവുമായാണ്. കൂടാതെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും പിഎസ്ജി താരത്തിനുണ്ട്. ജോവോ നെവേസും പിഎസ്ജിയിലെ മികച്ച സീസണിന് ശേഷമാണ് ലോകകപ്പിനെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ബെര്‍ണാര്‍ഡോ സില്‍വയും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇതെല്ലാം കൊണ്ട് പോര്‍ച്ചുഗലിന്റെ മധ്യനിര ലോകകപ്പില്‍ അരങ്ങുവാഴുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ അതെല്ലാം കീഴ്‌മേല്‍ മറിയുന്ന പ്രകടനമാണ് ടീമിന്റെ ഭാഗത്തുനിന്നുണ്ടായത്.
കോംഗോയുമായുള്ള ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ ഉള്‍പ്പടെ വിമര്‍ശനങ്ങളുടെ കൂരമ്പേറ്റു. പ്രത്യേകിച്ച് പോര്‍ച്ചുഗല്‍ മധ്യനിര വിമര്‍ശനം ഏറ്റുവാങ്ങി. ഫൈനല്‍ തേര്‍ഡിലേക്ക് പന്തെത്തിക്കുന്നതില്‍ പരാജയപ്പെട്ട മധ്യനിര കോംഗൊക്കെതിരെ ആദ്യ ഗോളിന് ശേഷം അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പോലും പിന്നോട്ട് പോകുന്ന കാഴ്ചയാണുണ്ടായത്. ക്രിസ്റ്റ്യാനോയ്ക്ക് പന്ത് നല്‍കാത്തത് ടീമിലെ അസ്വാരാസ്യങ്ങള്‍ കാരണമാണെന്നും വിമര്‍ശനമുയര്‍ന്നു. രണ്ടാം മത്സരത്തില്‍ ഉസ്‌ബെകിസ്താനെതിരെ അഞ്ച് ഗോളിന്റെ വലിയ വിജയം നേടിയത് മാത്രമാണ് ടീമിന്റെ മികച്ച പ്രകടനം. മൂന്നാം മത്സരത്തില്‍ കൊളംബിയയോട് ഗോള്‍ രഹിത സമനില സമനില വഴങ്ങിയതും തലനാരിഴയ്ക്ക് തോല്‍വി അകന്നതും വീണ്ടും വിമര്‍ശനത്തിനിടയാക്കി. ഗ്രൂപ്പില്‍ രണ്ടാമതായാണ് പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. അവസാന മത്സരത്തിലും മധ്യനിരയിലെ പോരായ്മയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇത്രയും മികച്ചൊരു മധ്യനിരയെ പോര്‍ച്ചുഗലിന് ലഭിച്ചിട്ടും തന്ത്രങ്ങളില്‍ മാറ്റംവരുത്താതെ കളിപ്പിക്കുന്ന റോബര്‍ട്ടോ മാര്‍ട്ടിനസ് എന്ന പരിശീലകനും വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്. കിരീടമില്ലാതെ വീണ്ടും ലോക വേദിയില്‍നിന്ന് മടങ്ങേണ്ടി വരുമോ എന്നതാണ് അടുത്ത ചോദ്യം. പോര്‍ച്ചുഗല്‍ നിരാശപ്പെടുത്തുകയാണ് എന്നതില്‍ ആരാധകര്‍ക്കും എതിരഭിപ്രായമില്ല.
content highlights: What happened to Portugal? Cristiano Ronaldo faces criticism yet again