മഹേശന്റെ മരണം: SIT രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായോ എന്ന് ചോദ്യം; 'അതെന്തുവാ' എന്ന് ആഭ്യന്തരമന്ത്രി

എസ്‌ഐടി എന്താണെന്ന് മനസിലാകാത്ത വിധത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം

മഹേശന്റെ മരണം: SIT രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായോ എന്ന് ചോദ്യം; 'അതെന്തുവാ' എന്ന് ആഭ്യന്തരമന്ത്രി
dot image

ആലപ്പുഴ: എസ്എന്‍ഡിപി യോഗം യൂണിറ്റ് സെക്രട്ടറിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്‍ ജീവനൊടുക്കിയ സംഭവത്തിലെ എസ്‌ഐടി അന്വേഷണം സംബന്ധിച്ച ചോദ്യത്തോട് വ്യക്തമായ മറുപടി ഇല്ലാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'അതെന്തുവാ' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രി വി ഡി സതീശന് രണ്ട് തവണ കത്തയച്ചിരുന്നു. എസ്‌ഐടി രൂപീകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു എസ്‌ഐടി എന്താണെന്ന് മനസിലാകാത്ത വിധത്തിലുള്ള രമേശ് ചെന്നിത്തലയുടെ അവ്യക്തമായ മറുപടി.

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മഹേശന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തരമന്ത്രിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ജൂണ്‍ ആറിനാണ് വി എം സുധീരന്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. കെ കെ മഹേശന്റെ ഭാര്യ ഉഷാദേവിയുടെ അപേക്ഷയും മുഖ്യമന്ത്രിക്ക് അയച്ച കത്തിനൊപ്പം വി എം സുധീരന്‍ ഉള്‍പ്പെടുത്തിയിരുന്നു. കെ കെ മഹേശന്റെ മരണത്തില്‍
സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം എന്നായിരുന്നു വി എം സുധീരന്‍ കത്തില്‍ പറഞ്ഞത്. ഇതിനിടെ മഹേശനെയും ഭാര്യ ഉഷാദേവിയേയും അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി.

ഇതിന് പിന്നാലെയാണ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് രണ്ടാമത് കത്തയച്ചത്. മഹേശനെതിരെ വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നതെന്നും വി എം സുധീരന്‍ കത്തില്‍ പറഞ്ഞിരുന്നു. ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകരുത്. ഉഷാദേവിയുടെ പരാതിയില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കത്ത് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ആറ് വര്‍ഷം മുന്‍പ് 2020 ജൂണ്‍ 24നാണ് എസ്എന്‍ഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ മഹേശന്‍ ജീവനൊടുക്കിയത്. വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കത്ത് എഴുതിവെച്ചായിരുന്നു മഹേശന്‍ ജീവനൊടുക്കിയത്. സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ കുറഞ്ഞ പലിശക്ക് നല്‍കുന്ന വായ്പകള്‍ എടുത്ത ശേഷം, എസ്എന്‍ഡിപി യൂണിയനുകള്‍ അത് അംഗങ്ങള്‍ക്ക് കൂടിയ നിരക്കില്‍ നല്‍കിയതാണ് മൈക്രോഫിനാന്‍സ് കേസുകള്‍ക്ക് ആധാരം. വായ്പ നല്‍കാതെ നിര്‍ധന സ്ത്രീകളുടെ പേരില്‍ വ്യാജരേഖകള്‍ കാണിച്ച് വന്‍ തുകകള്‍ തട്ടിയെടുത്തു എന്ന കേസുകളും ഇതിലുണ്ട്.

മൈക്രോഫിനാന്‍സ് പദ്ധതികളുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആയിരുന്ന കെ കെ മഹേശന്‍ അക്കാരണം കൊണ്ട് തന്നെ പ്രതിയായി. എന്നാല്‍ പ്രതിപ്പട്ടികയില്‍ ആദ്യസ്ഥാനത്ത് എത്തിയ വെള്ളാപ്പള്ളിയും സംഘവും ഒത്തുകളിച്ച് തന്നെ മാത്രം കുരുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആശങ്കപ്പെട്ടാണ് മഹേശന്‍ ജീവനൊടുക്കിയത്. ആറുവര്‍ഷം എത്തുമ്പോള്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് ഈ കേസ് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പുതിയ അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നേരത്തെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരന്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് പരിഗണിക്കപ്പെട്ടിരുന്നില്ല.

Content Highlights- The Kerala Home Minister Ramesh Chennithala responded to a question on whether a Special Investigation Team would be constituted to investigate K K Maheshan's death

dot image
To advertise here,contact us
dot image