

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷന്‍ നടപടിയില്‍ സിപിഐഎം അടക്കം വ്യാപക വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു നടപടി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രിന്‍സിപ്പലിന് വീഴ്ച ഉണ്ടായതായി ഉത്തരവില്‍ ആവര്‍ത്തിക്കുന്നുണ്ട്. മാനുഷിക പരിഗണന മൂലമാണ് നടപടി പിന്‍വലിച്ചതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ആറ്റിങ്ങല്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജവാദിനെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. മെയ് 31 ന് വിരമിക്കാനിരിക്കെയായിരുന്നു നടപടിയുണ്ടായത്. ഈ സാഹചര്യം പരിഗണിച്ചായിരുന്നു സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നത് ചട്ടലംഘനമാണെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള ടീച്ചേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
Content Highlights- The suspension imposed on a principal for a social media post criticizing the Chief Minister has been withdrawn.