

പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ, വ്യവസായ പാരമ്പര്യം പൊളിച്ചെഴുതാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും ടാറ്റ ഗ്രൂപ്പ് ഹൂഗ്ലി ടൗണ്‍ഷിപ്പിലേക്ക് തിരിച്ചുവരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ. ടാറ്റ തിരിച്ചെത്തേണ്ടത് സാമ്പത്തിക അനിവാര്യതയാണെന്നും സംസ്ഥാനം വ്യവസായ സൗഹൃദമാണെന്നു കാണിക്കാന്‍ സഹായിക്കുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടു മുമ്പ് സംസ്ഥാനം സ്വീകരിച്ച വ്യവസായ നയം നിക്ഷേപകര്‍ക്ക് നല്‍കിയത് തെറ്റായ സന്ദേശമാണെന്നും അത് തിരുത്താനാണ് പുതിയ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഭട്ടാചാര്യ വ്യക്തമാക്കി.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, പുതിയ ഭൂവിനിയോഗ നയം തയാറാക്കുന്ന വേളയിലാണ് ബിജെപി അധ്യക്ഷന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. വന്‍കിട പദ്ധതികള്‍ക്കായി ഭൂമി വിട്ടുകൊടുക്കത്തക്ക വിധത്തിലാകും ചട്ടങ്ങള്‍ തയ്യാറാക്കുകയെന്നാണ് വിവരം. 2008ല്‍ സിംഗൂരിലെ ടാറ്റയുടെ നാനോ പ്ലാന്റ്, മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. ഇടതു സര്‍ക്കാരായിരുന്നു ടാറ്റക്ക് ഭൂമി കൈമാറിയത്. പ്രക്ഷോഭത്തിലെ വിജയം മമതക്ക് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനായി. എന്നാല്‍ അന്ന് പ്ലാന്റ് തകര്‍ത്തത് സംസ്ഥാനത്തിന്റെ വ്യവസായ രംഗത്തിന് വലിയ തിരിച്ചടിയായെന്ന് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ വ്യവസായ വളര്‍ച്ചയ്ക്ക് ഭൂനയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വളരെ നിര്‍ണായകമാണെന്ന് ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വ്യവസായ മരവിപ്പ് പരിഹരിക്കുന്നതിന് സാമ്പത്തിക പുനഃക്രമീകരണം ആവശ്യമാണ്. തൊഴിലധിഷ്ഠിത മേഖലകളിലും മൂലധനാധിഷ്ഠിത മേഖലകളിലും ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പാര്‍ട്ടിയുടെ വിപുലമായ പദ്ധതി ബിജെപി നേതാവ് വിശദീകരിച്ചു.
പശ്ചിമ ബംഗാളില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനുള്ള ഈ ശ്രമം ഒരു വഴിത്തിരിവാകും. മേഖലയെ വീണ്ടും ഒരു പ്രധാന വ്യവസായ കേന്ദ്രമാക്കി മാറ്റും. ബിസിനസ് സൗഹൃദാന്തരീക്ഷവുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ നയങ്ങളെ ഭട്ടാചാര്യ രൂക്ഷമായി വിമര്‍ശിച്ചു. ഈ നയങ്ങളാണ് സംസ്ഥാനത്ത് നിന്ന് ബിസിനസ്സുകള്‍ ഒഴിഞ്ഞുപോകാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. കൂടുതല്‍ ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഉറപ്പാക്കി ഈ പ്രവണത മാറ്റാന്‍ പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Seeking to recast the political and industrial legacy of Singur, West Bengal BJP president Samik Bhattacharya said the state government wants the Tata Group to return to the Hooghly township, describing it as both an economic necessity and a powerful signal that the state is again open for business.