പശ്ചിമേഷ്യന്‍ പ്രതിസന്ധി; പരുത്തിയുടെ തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍, ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് ആശ്വാസം

പരുത്തി ഇറക്കുമതിക്ക് നിലവിലുണ്ടായിരുന്ന 11% തീരുവ ജൂണ്‍ 1 മുതല്‍ ഒക്ടോബര്‍ 30 വരെ ഒഴിവാക്കും. കഴിഞ്ഞ 12 മാസത്തിനിടെ രണ്ടാം തവണയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുവ ഒഴിവാക്കുന്നത്

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പരുത്തിയുടെ തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍, ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് ആശ്വാസം
dot image

പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരുത്തിയുടെ തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് കൂടുതല്‍ പരുത്തി ലഭിക്കുന്നതിനായാണ് നീക്കം. പരുത്തി ഇറക്കുമതിക്ക് നിലവിലുണ്ടായിരുന്ന 11% തീരുവ ജൂണ്‍ 1 മുതല്‍ ഒക്ടോബര്‍ 30 വരെ ഒഴിവാക്കും. കഴിഞ്ഞ 12 മാസത്തിനിടെ രണ്ടാം തവണയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുവ ഒഴിവാക്കുന്നത്. കഴിഞ്ഞ വര്‍ഷവും അമേരിക്ക ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സമാനമായ ഇളവ് ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് നല്‍കിയിരുന്നു.

ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം അറിയിച്ചതനുസരിച്ച്, ഈ താത്കാലിക തീരുവ ഇളവ് ടെക്‌സ്‌റ്റൈല്‍, വസ്ത്ര നിര്‍മ്മാണ മേഖലകളിലെ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസം ലഭിക്കുമെന്നും, അതേസമയം ആഭ്യന്തര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

തീരുവ ഇളവ് വരുന്നതോടെ ചെറുകിട-ഇടത്തരം ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ക്ക് ഇത് ഗുണകരമാകും. വിപണിയില്‍ പരുത്തിയുടെ ലഭ്യത വര്‍ധിപ്പിക്കുകയും ആഭ്യന്തര ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

വ്യവസായ രംഗത്തെ പ്രതിനിധികള്‍ സര്‍ക്കാരിനോട് അറിയിച്ചതനുസരിച്ച്, പരുത്തിയുടെ ആവശ്യകതയും പ്രത്യേകിച്ച് പോളിസ്റ്റര്‍ പോലുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളുടെ ആവശ്യകതയും വര്‍ധിച്ചു. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ പരുത്തിയുടെ വില 10 മുതല്‍ 15% വരെ ഉയര്‍ന്നിട്ടുണ്ട്. ചില ഇടങ്ങളില്‍ സംഭരണവും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

അതേസമയം, ആഗോള ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് എണ്ണ വിപണന കമ്പനികള്‍ വിലവര്‍ധനയുടെ ഭാരം ഉപഭോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങിയതിനാല്‍ ആഭ്യന്തര ഇന്ധനവിലയും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.

2026 ജൂണ്‍ 1 മുതല്‍ ഒക്ടോബര്‍ 30 വരെ പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവയും കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസും ഒഴിവാക്കുന്നത് ടെക്‌സ്‌റ്റൈല്‍, വസ്ത്ര നിര്‍മ്മാണ മേഖലകളിലെ ചെലവ് കുറയ്ക്കുകയും പരുത്തിയുടെ ലഭ്യത മെച്ചപ്പെടുത്തുകയും ചെയ്യും. പരുത്തിയുടെയും നൂലിന്റെയും വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യവസായങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് ടെക്‌സ്‌റ്റൈല്‍ അസോസിയേഷനുകള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയില്‍ പരുത്തി അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

Content Highlights: India has suspended the 11% cotton import duty until October 30, 2026, to lower textile production costs and improve cotton availability

dot image
To advertise here,contact us
dot image