

കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് എസ്‌ഐ രേഷ്മ തന്നെ പൊലീസ് സ്റ്റേഷനില്‍ വെച്ച് അപമാനിച്ചെന്ന പരാതിയില്‍ നടി അന്‍സിബയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ തിങ്കളാഴ്ച നടി ലക്ഷ്മിപ്രിയയുടെ മൊഴിയെടുക്കും. കൂടാതെ തൃപ്പൂണിത്തുറ വനിതാ സെല്‍ എസ് ഐ രേഷ്മയുടെയും മൊഴിയും രേഖപ്പെടുത്തും. പ്രാഥമിക അന്വേഷണത്തിന് ശേഷം തുടര്‍നടപടിയെന്ന് തൃക്കാക്കര എസിപി അറിയിച്ചു.
ഗുരുതരമായ ആരോപണമാണ് തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ രേഷ്മ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്‍സിബ ഉന്നയിച്ചത്. നടി ലക്ഷ്മിപ്രിയക്ക് അന്‍സിബ അയച്ച ഒരു വാട്‌സാപ്പ് സന്ദേശം ലക്ഷ്മിപ്രിയയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എന്ന് കാണിച്ച് പരാതി തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ആ പരാതിയില്‍ അന്‍സിബയെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. 3 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തനിക്ക് വലിയ ഹരാസ്‌മെന്റ് നേരിടേണ്ടി വന്നു എന്നാണ് അന്‍സിബ പറയുന്നത്. സന്ദേശം അയച്ചതില്‍ ഖേദ പ്രകടനം എഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിക്കുകയും ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കുകയും,തുടര്‍ച്ചയായി അധിക്ഷേപിക്കുകയും ചെയ്തുവെന്നുകാണിച്ചാണ് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വനിതാ സെല്ലില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തിനാല്‍ ആരോപണങ്ങള്‍ക്ക് തെളിവുകളെടുക്കാനുള്ള സാഹചര്യമില്ല. തുടര്‍ന്നാണ് അൻസിബയുടെ വ്യക്തമായ മൊഴി രേഖപ്പെടുത്തിയത്. പരാതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് കൈമാറുമെന്ന് എസിപി അറിയിച്ചിട്ടുണ്ട്.
Content Highlights: Authorities are set to record the statement of actress Lakshmipriya in connection with a complaint filed by Ansiba