

കുവൈറ്റിലേക്ക് വൻ മയക്കുമരുന്ന് കടത്താനുള്ള ശ്രമം സുരക്ഷാ വിഭാഗം തടഞ്ഞു. ആഭ്യന്തര മന്ത്രാലയം നടത്തിയ കർശനമായ പരിശോധനയിലാണ് ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 12 കിലോ ക്രിസ്റ്റൽ മെത്തുമായാണ് രണ്ട് അറബ് പൗരന്മാർ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥർ വലയിലാക്കിയത്.
അതീവ രഹസ്യമായാണ് പ്രതികൾ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. ഹൈഡ്രോളിക് സിലിണ്ടറുകൾ ഉൾപ്പെടെയുള്ള ഭാരമേറിയ യന്ത്രോപകരണങ്ങൾക്കുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സൂക്ഷ്മമായ പരിശോധനയിൽ ഇത് കണ്ടെത്തുകയായിരുന്നു.
പിടിയിലായ പ്രതികളെയും ലഹരിമരുന്നും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയായ ലഹരിമരുന്ന് കടത്തും വിതരണവും തടയാൻ നിരീക്ഷണവും പരിശോധനകളും കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഹരി മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Security agencies in Kuwait successfully intercepted an attempt to smuggle a significant quantity of narcotics into the country. Authorities have launched further investigations to identify those involved in the operation.