

കണ്ണൂർ: പയ്യന്നൂരിൽ സിപിഐഎമ്മിൻ്റെ വോട്ടുകൾ അട്ടിമറിക്കപ്പെട്ടെന്ന് ഉറപ്പിച്ച് ജില്ലാ നേതൃത്വം. നേതാക്കൾ തന്നെ പാർട്ടി വോട്ട് അട്ടിമറിക്കാൻ നേതൃത്വം നൽകിയെന്നാണ് സിപിഐഎം ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ജില്ലാ കമ്മിറ്റി യോഗത്തിൽ ഒരു അംഗം നടത്തിയ വെളിപ്പെടുത്തലാണ് നിർണ്ണായകമായത്. സിപിഐഎമ്മിൻ്റെ രാമന്തളി ലോക്കൽ സെക്രട്ടറി വോട്ട് അട്ടിമറിക്കാൻ രഹസ്യനീക്കം നടത്തിയെന്ന് തളിപറമ്പിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം ജില്ലാ കമ്മിറ്റി യോഗത്തിൽ തുറന്നടിക്കുകയായിരുന്നു. പാർട്ടി അനുഭാവിയായ വോട്ടറെ വിളിച്ച് രാമന്തളി ലോക്കൽ സെക്രട്ടറി വോട്ട് മറിയ്ക്കാൻ ആവശ്യപ്പെട്ടുന്നുവെന്നാണ് വെളിപ്പെടുത്തൽ. പാർട്ടി അനുഭാവിയെ വിളിച്ച ലോക്കൽ സെക്രട്ടറി വി കുഞ്ഞികൃഷ്ണന് വോട്ട് ചെയ്യണമെന്നും ഫോൺ കോൾ രഹസ്യമാക്കി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടെന്നും ജില്ലാ കമ്മിറ്റി അംഗം വെളിപ്പെടുത്തി. ഈ വോട്ടർ വിളിച്ച് ഈ വിവരം തന്നോട് പറയുകയായിരുന്നുവെന്ന് തളിപ്പറമ്പിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം സിപിഐഎം ജില്ലാ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.
ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വെളിപ്പെടുത്തുന്നതിനെക്കുറിച്ച് അന്വേഷിച്ച ജില്ലാ നേതൃത്വത്തിന് വോട്ട് അട്ടിമറി ബോധ്യപ്പെട്ടു. വിശദമായ അന്വേഷണത്തിന് സിപിഐഎം നേതൃത്വം പ്രാഥമിക തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി റിവ്യൂവിന് ശേഷം സംഘടനാ നടപടി ഉറപ്പാണെന്നാണ് നേതൃത്വം പറയുന്നത്. വോട്ട് അട്ടിമറിക്ക് നേതാക്കൾ കൂട്ടുനിന്നുവെന്ന് പയ്യന്നൂർ ഏരിയ കമ്മിറ്റിയിലും ചർച്ച ഉയർന്നിരുന്നു.
നേരത്തെ പയ്യന്നൂരിൽ സിപിഐഎം സ്ഥാനാർത്ഥി ടി ഐ മധുസൂദനൻ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച വിമത സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനോട് പരാജയപ്പെട്ടത് സിപിഐഎമ്മിനെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത തെരുവിലേക്ക് നീണ്ടിരുന്നു. ഏരിയാ കമ്മിറ്റി പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം പയ്യന്നൂര്‍ ഏരിയാ നേതൃത്വത്തിനെതിരെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിങ്ങള്‍ തോല്‍പ്പിച്ചത് ഒരു വ്യക്തിയെയല്ല പ്രസ്ഥാനത്തെയാണെന്നും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്. ഏരിയാ സെക്രട്ടറി പി സന്തോഷ്, മുന്‍ എംഎല്‍എ സി കൃഷ്ണന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവര്‍ക്കെതിരെയാണ് പരാജയവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കണ്ടെത്തലിൽ നേരത്തെ ടി പുരുഷോത്തമനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. എകെജി ഭവന്‍ ബ്രാഞ്ച് അംഗമായിരുന്നു പുരുഷോത്തമന്‍. ബൂത്ത് സെക്രട്ടറിമാരായി പ്രവര്‍ത്തിച്ച അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും നടപടി എടുക്കാൻ നീക്കമുണ്ട്. വി കുഞ്ഞികൃഷ്ണനെ സഹായിക്കാന്‍ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ വിവരവും ജില്ലാ കമ്മിറ്റിക്ക് മുന്നിലുണ്ട്.
Content Highlights: CPIM is reportedly preparing disciplinary action in Payyanur following allegations of a secret attempt to divert votes in favor of Ramanthali local secretary Kunjikrishnan. The development has sparked political discussions within the party.