

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവന ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. യുഡിഎഫ് ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. എ കെ ബാലൻ ചില കാൽക്കുലേഷനുകൾക്ക് പുറത്ത് പറഞ്ഞതായിരിക്കാം. ഞങ്ങൾ അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിൽ പോലും വരില്ല, പിന്നയല്ലേ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഏൽക്കുന്ന പ്രശ്‌നം വരുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
സിപിഐഎമ്മിന്റെ വർഗീയതക്കെതിരായ നിലപാട് ശക്തമായി ഉയർത്തിപ്പിടിക്കുന്ന നേതാവാണ് എ കെ ബാലൻ. അത് ചിലർക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടുകാണില്ല. അതിനെ പലതരത്തിൽ വ്യാഖ്യാനിക്കുന്നുണ്ടാകാം. ഏറ്റവും ഒടുവിലായി വന്ന പ്രശ്‌നത്തെ കുറിച്ച് വിശദാംശങ്ങൾ തനിക്ക് വ്യക്തമായി അറിയില്ല. അദ്ദേഹം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിന് എതിരായ നീക്കമായി മാത്രമേ അത് കാണാൻ സാധിക്കൂ. വിഷയം പരിശോധിച്ച് കൂടുതൽ കാര്യം പറയാം- ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷം കൂടുതൽ കരുത്തോടെ ജനങ്ങളെ സമീപിക്കും. ഇടതു പക്ഷത്തിന്റെ നയപരിപാടികൾ അംഗീകരിക്കാൻ തയ്യാറാകുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ, പാർട്ടികൾ ഇവരെയെല്ലാം സ്വീകരിച്ച് എൽഡിഎഫ് അടിത്തറ വിപുലപ്പെടുത്തുന്നതിനുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങളോട് ഒരു കാലത്തും വ്യത്യസ്ത നിലപാട് സ്വീകരിക്കാത്ത പ്രസ്ഥാനമാണ് ഇടതു മുന്നണിയെന്നും നുണപ്രചാരണവുമായി കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലൻ പറഞ്ഞത്. 'ഒന്നാം മാറാട്, രണ്ടാം മാറാട്, തലശ്ശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്‌ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്', എന്നായിരുന്നു എ കെ ബാലന്റെ പരാമര്‍ശം.
പിന്നാലെ എ കെ ബാലന് എതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിന്‍വലിച്ച് എ കെ ബാലന്‍ മാപ്പ് പറയണമെന്നും ഒരാഴ്ചക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ഒരു കോടി രൂപ നഷ്ട പരിഹാരവും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുസ്‌ലിം സംഘടനക്ക് എതിരെ വിദ്വേഷവും ഭീതിയും പടര്‍ത്തി മറ്റ് മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് എ കെ ബാലന്റെ ലക്ഷ്യമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ജമാത്തത്തെ ഇസ്‌ലാമി സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, അഡ്വക്കറ്റ് അമീന്‍ ഹസന്‍ വഴിയാണ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ചത്. വിഷയത്തിൽ യുഡിഎഫ് നേതാക്കളും എ കെ ബാലനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിട്ടുണ്ട്.
Content Highlights: ldf convener tp ramakrishnan reacts on a k balan controversial statement about jamaat e islami and udf