

പാലക്കാട്: സംസ്ഥാനത്ത് ബിജെപി എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം കൂട്ടുന്നത് കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഫണ്ട് കിട്ടാനെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരുടെ പരിഹാസം. എങ്കില്‍ മാത്രമെ കൊടകര വഴി അടിച്ചെടുക്കാന്‍ സാധിക്കൂവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട് ബിജെപിയുടെ വളര്‍ച്ച ദുര്‍ബലമാണ്. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിക്ക് ഒന്നരലക്ഷം വോട്ട് ലഭിച്ചിരുന്നു. 20 വര്‍ഷത്തിന് ശേഷവും അത് രണ്ടരലക്ഷം മാത്രമാണ്. ബിജെപിയുടെ ഗ്രാഫ് താഴോട്ടാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
'പാലക്കാട് അടിസ്ഥാനപരമായി യുഡിഎഫ് മണ്ഡലമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടത് സര്‍ക്കാരിന്റെ നയവൈകല്യങ്ങളും ഭരണപരാജയങ്ങളുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക. പാലക്കാടും അതുതന്നെയാണ് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നം. യുഡിഎഫ് സ്ഥാനാര്‍ത്ഥി അത്യുജ്ജ്വലമായ വിജയം നേടും. സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം പകുതി മാത്രമെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രകടമാവും. സര്‍ക്കാരിനെതിരെ യഥാര്‍ത്ഥ പാലക്കാടന്‍ കാറ്റ് വീശാനിരിക്കുന്നേയുള്ളൂ. അതില്‍ ഇടതുപക്ഷത്തിന്റെ കോട്ടകളൊക്കെ കടപുഴകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വീശിയത് മന്ദമാരുതന്‍', സന്ദീപ് വാര്യര്‍ പറഞ്ഞു.
പാലക്കാട് ബിജെപി വിജയം നേടിയെന്നത് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തെറ്റാണെന്നും ഇതരജില്ലകളെ അപേക്ഷിച്ചുകൊണ്ട് ബിജെപിയുടെ വളര്‍ച്ച ജില്ലയില്‍ ദുര്‍ബലമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. താന്‍ കേരളത്തിലെവിടെ മത്സരിക്കാനും തയ്യാറാണ്. ധര്‍മ്മടത്ത് പോയി മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും. മത്സരിക്കേണ്ടെന്ന് പറഞ്ഞാല്‍ മത്സരിക്കില്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: BJP's growth in Palakkad is low Said Sandeep Varier