

2018 ലെ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് തന്‍റെ സ്വന്തം മണ്ഡലമായ പറവൂറില്‍ വിഡി സതീശന്‍ എംഎല്‍എ ആരംഭിച്ച പദ്ധതിയാണ് പുനര്‍ജ്ജനി. പ്രദേശത്ത് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതായിരുന്നു പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റേറ്റ് ഫോര്‍ ഹ്യുമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയുടെ പ്രധാന പങ്കാളികള്‍. പറവൂര്‍ മണ്ഡലത്തില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന 280 പേര്‍ക്ക് പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്നാണ് കണക്ക് ഇതില്‍ 37 വീടുകള്‍ വിദേശ മലയാളികളില്‍ നിന്ന് പിരിച്ച പണം ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.
പുനര്‍ജ്ജനി പദ്ധതി നടപ്പിലാക്കുന്നതിനായി വിദേശത്ത് നിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും ഇതിലൂടെ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നുമുള്ള ആരോപണങ്ങളും വിഡി സതീശനെതിരെ ഉയർന്നിരുന്നു. ആര്‍ ജെ ഡി ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ പാനികുളങ്ങര ഈ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തു. 2020ലാണ് വി ഡി സതീശനെതിരെ കേസിനാസ്പദമായ പരാതി ലഭിക്കുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത് 2023 ജൂണ്‍ മാസത്തിലും. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിന്റെ പേരില്‍ അമേരിക്കയില്‍ നടന്ന പണപ്പിരിവ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുനര്‍ജ്ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന് അനുമതി നല്‍കുന്നത്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്നതടക്കമുള്ള പരാതിയിലായിരുന്നു അന്വേഷണം.
പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകളൊന്നും കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, വിദേശത്ത് നിന്ന് പിരിച്ച പണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താമെന്ന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത ശുപാര്‍ശ ചെയ്തിരുന്നു. വിജിലന്‍ലിന് കേസെടുക്കാനുള്ള കണ്ടെത്തലില്ലെന്നും വിദേശപണം ദുരുപയോഗം ചെയ്‌തോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും യോഗേഷ് ഗുപ്ത വ്യക്തമാക്കിയിരുന്നു. വിദേശത്ത് പോയത് അനുമതിയില്ലാതെ ആണെന്ന ആരോപണവും പരിശോധിക്കാമെന്നും ശുപാര്‍ശയിലുണ്ടായിരുന്നു.
ഹൈക്കോടതി രണ്ട് വട്ടം തള്ളിയ കേസാണ് പുനര്‍ജ്ജനി പദ്ധതിയുമായി ബന്ധപ്പെട്ടുള്ളത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് ഈ വിഷയം ഭരണപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. അന്ന് വേണമെങ്കില്‍ കേസ് വിജിലന്‍സ് അന്വേഷിച്ചോട്ടെ എന്ന് വി ഡി സതീശന്‍ വെല്ലുവിളിക്കുകയും ചെയ്തു.
ഇപ്പോള്‍ പുനര്‍ജ്ജനി അഴിമതി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ് വിജിലന്‍സ്. വിജിലന്‍സിന്റെ ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് ആറ് മാസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പുനര്‍ജ്ജനി പദ്ധതിയുടെ പേരില്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്.
എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങി വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചാണ് സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തിരിക്കുന്നത്. എഫ്‌സിആര്‍എ നിയമം, 2010ലെ സെക്ഷന്‍ 3 (2) (a) പ്രകാരം സിബിഐ അന്വേഷണം നടത്താമെന്നാണ് വിജിലന്‍സ് ശുപാര്‍ശ ചെയ്യുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂള്‍ ഓഫ് പ്രൊസീജിയേഴ്‌സിലെ അനുബന്ധം 2ലെ റൂള്‍ 41 പ്രകാരം നിയമസഭാ സാമാജികന്‍ എന്നീ തരത്തില്‍ നടത്തിയ നിയമലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന പേരില്‍ പുനര്‍ജ്ജനി പദ്ധതിക്കായി ഫൗണ്ടേഷന്‍ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചിരുന്നത്. യുകെയില്‍ നിന്ന് 22500 പൗണ്ട്(20 ലക്ഷം രൂപയോളം) വിവിധ വ്യക്തികളില്‍ നിന്ന് സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. യുകെ ആസ്ഥാനമായുള്ള മിഡ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രറ്റ് എന്ന എന്‍ജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആര്‍ഐ അക്കൗണ്ടിലേക്ക് പണം അയച്ചത്.
യുകെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്ത് യന്ത്രം വാങ്ങാന്‍ 500 പൗണ്ട് വീതം നല്‍കണമെന്ന് വി ഡി സതീശന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ തെളിവായി വിജിലന്‍സ് പരിശോധിച്ചിട്ടുണ്ട്. പരാതിക്കാരനായ ജെയ്‌സണ്‍ പാനിക്കുളങ്ങര വി ഡി സതീശന്‍ പിരിച്ചുവെന്ന് സമ്മതിക്കുന്ന വീഡിയോ തെളിവുകള്‍ ഇഡിക്ക് കൈമാറിയിരുന്നു. എംഎല്‍എ എന്ന നിലയിലുള്ള ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിദേശ യാത്രകള്‍ നടത്തി പണം പിരിച്ചുവെന്നും സതീശനെതിരായ പരാതിയില്‍ പറയുന്നു.
Content Highlight; The Punarjani project was introduced as a flood relief initiative in Piravom. Over time, the scheme became politically controversial, with debates and allegations bringing opposition leader VD Satheesan into focus. The issue has since gained prominence in Kerala’s political discussions.