

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകനും ക്രിക്കറ്ററുമായ അർജുൻ തെണ്ടുൽക്കറുടെ വിവാഹം മാർച്ചിൽ. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു.
വിവാഹ ആഘോഷങ്ങൾ 2026 മാർച്ച് മൂന്നിന് ആരംഭിക്കും, പ്രധാന ചടങ്ങ് മാർച്ച് അഞ്ചിന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
റെഡിറ്റ് എഎംഎ (ആസ്‌ക് മി എനിതിംഗ്) സെഷനിൽ സച്ചിൻ തന്നെയായിരുന്നു അർജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം സ്ഥിരീകരിച്ചത്. അർജുന്റെ വിവാഹനിശ്ചയം കഴിഞ്ഞോ എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ, അതെ എന്ന് സച്ചിൻ മറുപടി നൽകി. അവന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിനായി തങ്ങൾ എല്ലാവരും വളരെ ആവേശത്തിലാണെന്നും സച്ചിൻ അന്ന് മറുപടിയിൽ പറഞ്ഞിരുന്നു.
പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത സാനിയ ചന്ദോക്ക്, മുംബൈയിലെ വ്യവസായ പ്രമുഖരായ ഘായ് കുടുംബാംഗമാണ്. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, പ്രശസ്ത ഐസ്‌ക്രീം ബ്രാൻഡായ ബ്രൂക്ക്‌ലിൻ ക്രീമറി എന്നിവയുടെ ഉടമസ്ഥരാണ്.
ഇരുപത്തഞ്ചുകാരനായ അർജുൻ ഇടംകൈയൻ ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയെ പ്രതിനിധാനം ചെയ്യുന്ന അർജുൻ, ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായും കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ-19 ടീമിലും ഇടംനേടിയിരുന്നു. റെഡ് ബോൾ ക്രിക്കറ്റിൽ 17 മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും ഉൾപ്പെടെ 532 റൺസ് നേടുകയും 37 വിക്കറ്റും നേടി.
Content Highlights: Arjun Tendulkar Set To Get Married To Saaniya Chandhok! Wedding Date revealed