

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. കുറഞ്ഞ നിരക്കില്‍ വീട്ടുജോലിക്കാരെയും മറ്റ് സഹായികളെയും വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ആകര്‍ഷകമായ ഓഫറുകളില്‍ കുടുങ്ങരുതെന്നും തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങളെ അറിയിച്ചു.
കുറഞ്ഞ നിരക്കില്‍ വീട്ടുജോലിക്കാരെയും സഹായികളെയും നല്‍കും എന്നതാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. ഇക്കാര്യം ചൂണ്ടികാട്ടി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പരസ്യങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഓഫറുമായി എത്തുന്നവര്‍ തട്ടിപ്പ് സംഘങ്ങളാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ദുബായ് പൊലീസ്.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി ഫ്രോഡ് സെന്റര്‍. ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി ഇത്തരം പരസ്യങ്ങള്‍ക്ക് പിന്നാലെ പോയ പലര്‍ക്കും പണം നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വീട്ടുജോലിക്കാരെ ആവശ്യമുള്ളവര്‍ ലൈസന്‍സുള്ളതും സര്‍ക്കാര്‍ അംഗീകൃതവുമായ റിക്രൂട്ട്മെന്റ് ഏജന്‍സികളെ മാത്രം സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ പണം കൈമാറുന്നത് അപകടകരമാണെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ മാത്രമേ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പുകാരുടെ പുതിയ തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ദുബായ് പൊലീസ് നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ ജാഗ്രതാ നിര്‍ദേശം.
ഏതെങ്കിലും സേവനദാതാക്കള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതിനോ പണം കൈമാറുന്നതിനോ മുന്‍പ് അവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.സമൂഹമാധ്യമങ്ങളില്‍ സംശയാസ്പദമായ പരസ്യങ്ങളോ ഓഫറുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ദുബായ് പൊലീസിന്റെ സ്മാര്‍ട്ട് ആപ്പ് വഴി നേരിട്ട് പരാതി നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയും പരാതി നല്‍കാം.
Content Highlight : Dubai Police warns against fake recruitment ads circulating on social media. The alert comes amid increasing activity by fraudsters offering domestic helpers and other helpers at low rates.