

തിരുവനന്തപുരം: സിപിഐഎം നേതാവ് എ കെ ബാലന് എതിരെ വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിന്‍വലിച്ച് എ കെ ബാലന്‍ മാപ്പ് പറയണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഒരു കോടി രൂപ നഷ്ട പരിഹാരവും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുസ്‌ലിം സംഘടനക്ക് എതിരെ വിദ്വേഷവും ഭീതിയും പടര്‍ത്തി മറ്റ് മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് എ കെ ബാലന്റെ ലക്ഷ്യമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ജമാത്തത്തെ ഇസ്‌ലാമി സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, അഡ്വക്കറ്റ് അമീന്‍ ഹസന്‍ വഴിയാണ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ചത്.
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലൻ പറഞ്ഞത്. 'ഒന്നാം മാറാട്, രണ്ടാം മാറാട്, തലശ്ശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്‌ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്', എന്നായിരുന്നു എ കെ ബാലന്റെ പരാമര്‍ശം.
വര്‍ഗീയ കലാപങ്ങള്‍ തടഞ്ഞത് ഇടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് പാലക്കാട് നടന്നെന്നും ആര്‍എസ്എസും ജമാഅത്തും പാലക്കാട് കലാപത്തിന് ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞെന്നും എ കെ ബാലന്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ആര്‍എസ്എസിനെതിരെ ശക്തമായി നിലപാടെടുത്ത് മാറ് കാട്ടിയ ധീരനായ നേതാവാണ് പിണറായി വിജയനെന്നും എ കെ ബാലന്‍ പറഞ്ഞു. വലിയ പ്രതിച്ഛായ മതന്യൂനപക്ഷങ്ങള്‍ക്കുണ്ടെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ശക്തമായി ഇടതുപക്ഷം എതിര്‍ത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എംപി അടക്കമുള്ളവർ വിമർശനം ഉന്നയിച്ച് രംഗത്തെത്തി.
Content Highlights: Jamaath Islami has issued a legal notice to senior CPI(M) leader AK Balan, alleging objectionable remarks made against the organisation