UDF അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും, പല മാറാടുകളും ആവർത്തിക്കും: എ കെ ബാലൻ

കോണ്‍ഗ്രസിന്റേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നും എ കെ ബാലന്‍

UDF അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും, പല മാറാടുകളും ആവർത്തിക്കും: എ കെ ബാലൻ
dot image

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍. ഇടത് മുന്നണി വീണ്ടും വരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രിയെയും പി എമാരെയും നിയമിക്കാനിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിന്റേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നും എ കെ ബാലന്‍ പറഞ്ഞു.

'ശബരിമല ചര്‍ച്ച ചെയ്യിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പോറ്റി ആദ്യം കയറിയത് എവിടെയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. പീഡം കട്ടത് ആരെന്ന് കണ്ടെത്തണം. ശബരിമല വിഷയം കോണ്‍ഗ്രസിന് തിരിച്ചടിയാവും. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തമ്മില്‍ പാര വെച്ചാണ് കഴിഞ്ഞ തവണ തിരിച്ചടി ഉണ്ടാക്കിയത്. കുളം കലക്കി മീന്‍ പിടിക്കാനാണ് കെ സി വേണുഗോപാലിന്റെ നീക്കം. വി ഡി സതീശനെയും രമേശ് ചെന്നിത്തലയേയും തമ്മിലടിപ്പിക്കുന്നു. മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയാവാനാണ് വേണുഗോപാലിന്റെ ശ്രമം. അവസാനം വേണുഗോപാല്‍ എല്ലാം നശിപ്പിക്കും', എ കെ ബാലന്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ കുറിച്ചും എ കെ ബാലന്‍ പ്രതികരിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാടിനോട് യോജിപ്പില്ലെന്നും വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാട് അവരാണ് വ്യക്തമാക്കേണ്ടതെന്നും എ കെ ബാലന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് മുസ്‌ലിം ലീഗിന്റെ നേതൃത്വമാണെന്നും എ കെ ബാലന്‍ വിമര്‍ശിച്ചു. ജമാഅത്തിനേക്കാള്‍ വൃത്തികെട്ട രീതിയിലാണ് ലീഗിന്റെ ചില നേതാക്കള്‍ പ്രതികരിക്കുന്നതെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ കലാപങ്ങള്‍ തടഞ്ഞത് ഇടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് പാലക്കാട് നടന്നെന്നും ആര്‍എസ്എസും ജമാഅത്തും പാലക്കാട് കലാപത്തിന് ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞെന്നും എ കെ ബാലന്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ആര്‍എസ്എസിനെതിരെ ശക്തമായി നിലപാടെടുത്ത് മാറ് കാട്ടിയ ധീരനായ നേതാവാണ് പിണറായി വിജയനെന്നും എ കെ ബാലന്‍ പറഞ്ഞു. വലിയ പ്രതിച്ഛായ മതന്യൂനപക്ഷങ്ങള്‍ക്കുണ്ടെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ശക്തമായി ഇടതുപക്ഷം എതിര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

'യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും. അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും. ഒന്നാം മാറാട്, രണ്ടാം മാറാട്, തലശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്‌ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്', എ കെ ബാലന്‍ പറഞ്ഞു.

Content Highlights: Ahead of the Kerala Assembly elections CPIM leader A K Balan criticised the Congress and the Muslim League

dot image
To advertise here,contact us
dot image