

തിരുവനന്തപുരം: പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊലചെയ്യപ്പെട്ട സുധാകരന്റെ ഇളയ മകൾ അഖിലക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നാടിനെ നടുക്കിയ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിൽ ലക്ഷ്മിയെന്ന 75 കാരിയെയും 56കാരനായ മകൻ സുധാകരനെയും അയൽവാസിയായ ചെന്താമര കൊലപ്പെടുത്തുകയായിരുന്നു. 2025 ജനുവരി 27നായിരുന്നു സംഭവം. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. നിലവിൽ ഇയാൾ ജയിലിൽ തുടരുകയാണ്.
അതേസമയം പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ/ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാൻ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് 2025 മെയ് 18നും 31നും ഇടയിൽ നഷ്ടപ്പെട്ട 14 തൊഴിൽ ദിവസങ്ങൾക്ക് നഷ്ടപരിഹാരം നൽകും. 1,72,160 മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 48,20,48,000 രൂപ അനുവദിക്കും.
ഇടുക്കി ജില്ലയിലെ കട്ടപ്പന വില്ലേജിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരണപ്പെട്ട തമിഴ്നാട് സ്വദേശികളായ ജയറാം, മൈക്കിൾ, സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കും.
ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത 20 കർഷകർക്ക്/ സംരംഭകർക്ക് മാർജിൻ മണി വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
Content Highlights: Three lakh rupees will be allocated from the Chief Minister's Relief Fund to the daughter of Sudhakaran, who was murdered in Nenmara