

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് ഇതുവരെയും മത്സരിച്ചിട്ടുള്ളതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും മത്സരിക്കാന്‍ കെ സുരേന്ദ്രന്‍ താല്‍പര്യം അറിയിച്ചെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആദ്യം തൃശ്ശൂര്‍, പിന്നെ പാലക്കാട് ഒടുവില്‍ വട്ടിയൂര്‍ക്കാവ്. ഒരു മണ്ഡലത്തിലും മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ ആവശ്യപ്പെട്ടിട്ടില്ല. ഒരുപാട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ തോറ്റിട്ടുമുണ്ട്. മല്‍സരിച്ചതെല്ലാം പാര്‍ട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളില്‍. ദയവായി എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് തല്‍പ്പര കക്ഷികളോട് അഭ്യര്‍ത്ഥിക്കുന്നു..' കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് കേരളത്തിലൊരിടത്തും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന് വിശദീകരിച്ച് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.
അതേസമയം വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുളള ആഗ്രഹം പ്രകടിപ്പിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും പ്രാദേശിക നേതാക്കളുമായും ജനങ്ങളുമായും അടുത്ത ബന്ധമാണുളളതെന്നും ജി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. താന്‍ ജീവിക്കുന്നത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണെന്നും നാച്ചുറല്‍ കാന്‍ഡിഡേറ്റ് എന്ന നിലയില്‍ തന്റെ പേര് ഉയര്‍ന്നുവന്നേക്കുമെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.
Content Highlights: not asked anyone to contest the assembly elections said K surendran