

നാം കഴിക്കുന്ന ഭക്ഷണം പല രീതിയിലില്‍ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. കരള്‍ കാന്‍സറിനെക്കുറിച്ചുള്ള പുതിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഭക്ഷണവും കരള്‍ പ്രവര്‍ത്തനങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. മസാച്ചുസൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത് ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണം കരള്‍ കോശങ്ങളില്‍ കാന്‍സര്‍ ഉണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കരളില്‍ വീക്കം കൊഴുപ്പ് അടിഞ്ഞുകൂടല്‍ എന്നിവയ്ക്ക് കാരണമാകും. ഇത് 'സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ്' എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്. ഉയര്‍ന്ന മദ്യപാനം പോലുള്ള ദീര്‍ഘകാല സമ്മര്‍ദ്ദങ്ങള്‍ മൂലവും ഉണ്ടാകാവുന്ന ഈ രോഗം ലിവര്‍ സിറോസിസ്, കരള്‍ നാശം, ഒടുവില്‍ ക്യാന്‍സര്‍ എന്നിവയിലേക്ക് നയിച്ചേക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

ദീര്‍ഘകാലമായി കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ കരളിന് എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ ഗവേഷകര്‍ എലികളില്‍ പരീക്ഷണം നടത്തുകയായിരുന്നു. എലികള്‍ക്ക് ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണം നല്‍കുകയും അതോടൊപ്പം അവയുടെ കരളിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. മാത്രമല്ല അവയുടെ സിംഗിള്‍ - സെല്‍ ആര്‍എന്‍എ-സ്വീക്വന്‍സിംഗ് നടത്തുകയും ചെയ്തു. ഈ നിരീക്ഷണത്തിലൂടെ എലികളുടെ ജീനുകളെ പ്രവര്‍ത്തനക്ഷമമാക്കിയിരുന്ന കോശങ്ങള്‍ സമ്മര്‍ദ്ദകരമായ ചുറ്റുപാടിനെ അതിജീവിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. apoptossi ( ഒരു ജീവിയുടെ വളര്‍ച്ചയുടെയോ വികാസത്തിന്റെയോ സാധാരണവും നിയന്ത്രിതവുമായ ഭാഗമായി സംഭവിക്കുന്ന കോശങ്ങളുടെ നാശം) നെ കൂടുതല്‍ പ്രതിരോധിക്കുന്നതും പെരുകാന്‍ സാധ്യതയുളളതുമായ ജീനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കരള്‍ കോശങ്ങള്‍ കൊഴുപ്പ് കൂടിയ ഭക്ഷണത്തെ വീണ്ടും വീണ്ടും നേരിടാന്‍ നിര്‍ബന്ധിതരാവുകയാണെങ്കില്‍ കോശങ്ങള്‍ അവയ്ക്ക് അതിജീവിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെങ്കിലും അപകടകരമായ ട്യൂമറിജെനിസിസിന് സാധ്യത വര്‍ധിപ്പിക്കുന്നു.

പഠനത്തില്‍ കൊഴുപ്പ് കൂടുതലുളള ഭക്ഷണം കഴിച്ച മിക്കവാറും എല്ലാ എലികള്‍ക്കും കരള്‍ കാന്‍സര്‍ കണ്ടെത്തിയിരുന്നു. ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയ എലികള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ ബാധിച്ചെങ്കിലും ഇത്തരം ഭക്ഷണം കഴിക്കുന്ന മനുഷ്യരില്‍ ഈ പ്രക്രീയക്ക് 20 വര്‍ഷമെങ്കിലും സമയമെടുക്കുമെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. ഭക്ഷണക്രമം, മദ്യപാനം അല്ലെങ്കില്‍ വൈറല്‍ അണുബാധ പോലെയുള്ള മറ്റ് അപകട ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് വൃക്തികള്‍ക്കിടയില്‍ കാന്‍സറുണ്ടാകാനുളള കാലയളവ് വ്യത്യാസപ്പെട്ടേക്കാം.
Content Highlights:There are certain foods that can lead to liver inflammation, liver cirrhosis, and later cancer, and they should be avoided. Find out what they are