

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ പ്രത്യേക അന്വേഷണസംഘം. ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമാണെന്നും പിത്തളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി. അനുവദിക്കുന്നു എന്ന് മിനുട്‌സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ എഴുതിയെന്നും എസ്‌ഐടി കണ്ടെത്തി. ഇതിന് പിന്നാലെയാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻപോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയത് എന്നാണ് കണ്ടെത്തൽ.
സ്വർണം പൂശാൻ തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കി. മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രി അല്ല. അത്തരം രേഖകൾ ലഭ്യമല്ലെന്ന് എസ്‌ഐടി ഹൈക്കോടതിയിൽ അറിയിച്ചു. സ്വർണപ്പാളികൾ കൊടുത്തുവിടാൻ അനുവാദം വാങ്ങിയില്ല. തന്ത്രിയുടെ അഭിപ്രായവും എ പത്മകുമാർ തേടിയിട്ടില്ലെന്നും എസ്‌ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്വർണക്കൊള്ള കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് എസ്‌ഐടി റിപ്പോർട്ടിലുള്ളത്. സ്വർണപാളികൾ അറ്റകുറ്റപ്പണിക്ക് കൊടുത്തുവിട്ട നടപടിക്രമങ്ങളിൽ മനഃപൂർവം വീഴ്ച വരുത്തി. 2019ൽ സ്വർണപ്പാളികൾ പോറ്റിക്ക് കൊടുത്തുവിട്ട ശേഷം മേൽനോട്ടം വഹിക്കുന്നതിൽ കെ എസ് ബൈജു വീഴ്ച വരുത്തി. ദേവസ്വം സ്വർണപ്പണിക്കാരന്റെ സാന്നിധ്യത്തിൽ ഡി സുധീഷ്‌കുമാർ മഹസറിൽ ചെമ്പുതകിടുകൾ എന്ന് രേഖപ്പെടുത്തിയെന്നും എസ്‌ഐടി റിപ്പോർട്ടിലുണ്ട്.
ശബരിമല സ്വർണക്കവർച്ചക്കേസിൽ അരങ്ങേറിയത് വിശാല ഗൂഢാലോചനയെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വർണ്ണക്കവർച്ച സംഘടിത കുറ്റകൃത്യമാണ്. ദ്വാരപാലക ശില്‍പ പാളികള്‍ക്കൊപ്പം മറ്റ് സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണവും തട്ടിയെടുക്കാന്‍ പ്രതികള്‍ വലിയ പദ്ധതി തയ്യാറാക്കി. വലിയ കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്നും എസ്‌ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയും ബെല്ലാരിയിലെ സ്വർണവ്യാപാരിയായ നാഗ ഗോവർദ്ധനും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് എസ്ഐടി നൽകിയ വിശദീകരണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2025 ഒക്ടോബറിൽ മൂന്ന് പ്രതികളും ബെംഗളുരുവിൽ കൂടിക്കാഴ്ച നടത്തി. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഈ കൂടിക്കാഴ്ച. അന്വേഷണത്തിലൂടെ ഇക്കാര്യം വ്യക്തമായെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നുണ്ട്.
Content Highlights: the correction in the Devaswom minutes was intentional; SIT against A Padmakumar