പൊതുസമ്മതനല്ലാത്തയാളെ മേയറായി ഉയർത്തിക്കാട്ടിയെന്ന് CPIM റിപ്പോർട്ട്; യോഗത്തിനിടെ ഇറങ്ങിപ്പോയി അനിരുദ്ധൻ

നാടകവും സാംബശിവന്റെ കഥാപ്രസംഗവും കണ്ടാണ് സിപിഐഎമ്മിൽ എത്തിയതെന്നും പാർട്ടിയാണ് തനിക്ക് എല്ലാമെന്നും വി കെ അനിരുദ്ധൻ

പൊതുസമ്മതനല്ലാത്തയാളെ മേയറായി ഉയർത്തിക്കാട്ടിയെന്ന് CPIM റിപ്പോർട്ട്; യോഗത്തിനിടെ ഇറങ്ങിപ്പോയി അനിരുദ്ധൻ
dot image

തിരുവനന്തപുരം: പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായെന്ന് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്. റിപ്പോർട്ട് അവതരണത്തിന് പിന്നാലെ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മേയർ സ്ഥാനാർത്ഥിയുമായിരുന്ന വി കെ അനിരുദ്ധൻ യോഗത്തിൽനിന്ന് വികാരാധീനനായി ഇറങ്ങിപ്പോയി. കൊല്ലം സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് നാടകീയ രംഗങ്ങൾ. കൊല്ലം കോർപ്പറേഷൻ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിംഗിനിടെയായിരുന്നു സംഭവം.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് വി കെ അനിരുദ്ധൻ ഇറങ്ങിപോയത്. നാടകവും സാംബശിവന്റെ കഥാപ്രസംഗവും കണ്ടാണ് സിപിഐഎമ്മിൽ എത്തിയതെന്നും പാർട്ടിയാണ് തനിക്ക് എല്ലാമെന്നും വി കെ അനിരുദ്ധൻ ജില്ലാ കമ്മിറ്റി യോഗത്തിൽ മറുപടി നൽകി. ഇതിന് ശേഷമായിരുന്നു വി കെ അനിരുദ്ധൻ കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയത്.

ഇടതിന്റെ ഉരുക്കുകോട്ട പൊളിച്ച് 25 വർഷങ്ങൾക്കുശേഷമാണ് കൊല്ലം കോർപ്പറേഷനിൽ യുഡിഎഫ് ആദ്യമായി അധികാരം പിടിച്ചത്. കോർപ്പറേഷൻ രൂപീകരിച്ച ശേഷം ആദ്യമായാണ് കോർപ്പറേഷനിൽ യുഡിഎഫ് ഭരണസമിതി അധികാരത്തിലെത്തുന്നത്. യുഡിഎഫ് 27 സീറ്റും എൽഡിഎഫ് 16 സീറ്റും എൻഡിഎ 12 സീറ്റുമാണ് നേടിയത്. ഒരുസീറ്റ് സ്വതന്ത്രനും നേടിയിരുന്നു. കോർപ്പറേഷനിലെ തോൽവി എൽഡിഎഫിന് കനത്ത ആഘാതമായിരുന്നു സൃഷ്ടിച്ചത്.

കന്നിമേൽ വെസ്റ്റ് വാർഡിൽനിന്നും മത്സരിച്ച വി കെ അനിരുദ്ധനെ ബിജെപി സ്ഥാനാർത്ഥിയായ അജിത്ത് ചോഴത്തിൽ തോൽപ്പിച്ചിരുന്നു. അജിത്ത് ചോഴത്തിൽ 1160 വോട്ട് നേടിയപ്പോൾ വി കെ അനിരുദ്ധൻ 1133 വോട്ടാണ് നേടിയത്.

Content Highlights:‌ Kollam Corporation failure of ldf; cpim leader VK Anirudhan left the meeting emotional

dot image
To advertise here,contact us
dot image