

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും വിജയ് സിനിമയ്ക്ക് വലിയ ഓളമാണ് ഉണ്ടാകാറുള്ളത്. എന്നാൽ സിനിമയുടെ റിലീസ് പ്രതിസന്ധിയിൽ തുടരുകയാണ്. സിനിമയ്ക്ക് ഇതുവരെ സെൻസർ ബോർഡിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചിട്ടില്ല. റിലീസിന് 3 നാൾ മാത്രം ബാക്കിയാണുള്ളത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചു കഴിഞ്ഞു. ജനനായകന് എന്തുകൊണ്ട് പ്രദര്‍ശനാനുമതി കൊടുക്കുന്നില്ല എന്ന ചോദ്യമാണ് നിറയുന്നത്.
ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് പ്രതിസന്ധിലായി എന്നുള്ള റിപ്പോർട്ടുകൾ ഉയർന്നത്.ചിത്രത്തിന് പ്രദർശനാനുമതി നൽകാതെ മനപ്പൂർവ്വം റിലീസ് തടയുകാണെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിപിച്ചിരിക്കുകയാണ്.
സർട്ടിഫിക്കറ്റ് നൽകുന്നതിന് മനപ്പൂർവം കാലതാമസം വരുത്തുകയാണെന്ന് തമിഴക വെട്രി കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ ആരോപിച്ചു. അടുത്ത നടപടികൾ സ്വീകരിക്കുന്നതിനായി സിബിഎഫ്സിയുമായും വിജയിയുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 'ഇത് രാഷ്ട്രീയ വിഷയമാക്കാനോ രാഷ്ട്രീയ മാനം നൽകുന്നതിനോ ഞങ്ങൾക്ക് താത്പര്യമില്ല. ഞങ്ങൾ കുറച്ച് സമയം കൂടി കാത്തിരിക്കും. എന്നാൽ വൈകാതെ തന്നെ തുടർനടപടികൾ സ്വീകരിക്കേണ്ടിവരും,' എന്നാണ് അദ്ദേഹം പറഞ്ഞത്.

ചിത്രം യു/ എ സർട്ടിഫിക്കറ്റിന് അർഹമാണെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. 25 രാജ്യങ്ങളിൽ ചിത്രത്തിന് അനുമതി ലഭിച്ചു. ഇന്ത്യയിൽ മാത്രമാണ് അനുമതി വൈകുന്നതെന്നും നിർമാതാക്കൾ കോടതിയിൽ പറഞ്ഞു. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയുടെ പകർപ്പ് ഹാജരാക്കാൻ സെൻസർ ബോർഡിനോട് കേസ് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ വാക്കാൽ ആവശ്യപ്പെട്ടു. സെൻസർ ബോർഡ് അന്യായമായി അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
ചിത്രം സെൻസർ ബോർഡ് കണ്ടിട്ടുണ്ടെന്നും തൃപ്തരാണെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു. ചിത്രം കാണുകപോലും ചെയ്യാത്തൊരാളുടെ പരാതിയെത്തുടർന്നാണ് റിവൈസിങ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. റിവൈസിങ് കമ്മിറ്റിക് വിടാനുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും നിർമാതാക്കൾ ആരോപിച്ചു. അതേസമയം, പുതിയ കമ്മിറ്റി വീണ്ടും ചിത്രം കാണുമെന്ന് സെൻസർ ബോർഡ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മറ്റ് ഭാഷകളിലെ സെൻസർ സർട്ടിഫിക്കറ്റും യഥാർത്ഥ തമിഴ് പതിപ്പ് സർട്ടിഫൈ ചെയ്തതിന് ശേഷം മാത്രമേ ലഭിക്കൂ. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഡബ്ബ് ചെയ്ത പതിപ്പുകളിലും ചിത്രം തിയേറ്ററുകളിൽ എത്തുന്നുണ്ട്.
അതേസമയം, ജനുവരി 9ന് ഇറങ്ങാൻ നിശ്ചയിച്ചിരുന്ന ജനനായകനായി വമ്പൻ ഫാൻ ഷോകളാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും രാവിലെ ആറ് മണിക്ക് ആദ്യ ഷോകൾ നടത്താനാണ് തീരുമാനിയിരിക്കുന്നത്. ഇപ്പോൾ റിലീസ് പ്രതിസന്ധിയിലായതോടെ വലിയ ആശങ്കയിലാണ് വിജയ് ആരാധകർ.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ സിനിമ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
Content Highlights: The film Jananayakan has not been granted screening permission as the Central Board of Film Certification has withheld final approval.