

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ബലാത്സംഗക്കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. തീരുമാനമെടുക്കും മുമ്പ് തന്നെ കേള്‍ക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.
താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് കേസിലെ അതിജീവിതയുടെ ഭർത്താവ് ആരോപിച്ചിരുന്നു. എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ആരോപണം. കുടുംബപ്രശ്‌നത്തിൽ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തുവെന്നും യുവാവ് ആരോപിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും യുവാവ് പറഞ്ഞിരുന്നു. രാഹുലിന്റെ എംഎൽഎ സ്ഥാനമാണ് കോൺഗ്രസ് ആദ്യം രാജിവെപ്പിക്കേണ്ടതെന്നും യുവാവ് ആവശ്യപ്പെട്ടു. തനിക്കും നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി വന്നതാണെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി വന്ന ആളാണെങ്കിൽ അദ്ദേഹം തന്നെയും കൂടി വിളിച്ചിരുത്തി സംസാരിക്കണ്ടേ. അതല്ലേ ഒരു നാട്ടുനടപ്പ്. രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. രാഹുൽ തെറ്റ് ചെയ്തു എന്ന് പൊലീസിനും കോടതിക്കും ബോധ്യമാവുകയാണെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം. ഒരു എംഎൽഎയ്ക്ക് എന്തെങ്കിലും പ്രത്യേക പരിഗണനയുണ്ടോ എന്നും യുവാവ് ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബജീവിതം തകർത്തെന്നും യഥാർത്ഥ ഇര താനാണെന്നുമാണ് യുവാവ് പരാതിയിൽ പറഞ്ഞിരുന്നത്. തന്റെ ദാമ്പത്യ ജീവിതം നശിപ്പിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത്. യുവതി വിവാഹിതയാണെന്ന് അറിഞ്ഞിട്ടും പ്രതിയുടെ ലൈംഗിക താൽപര്യം കൊണ്ടും ലൈംഗിക വൈകൃതവും കൊണ്ടാണ് ഇത്തരത്തിലൊരു തെറ്റ് നടന്നത്. മനഃപൂർവ്വം തന്റെ കുടുംബ ജീവിതം തകർക്കാനാണ് അയാൾ ശ്രമിച്ചത്. അച്ഛന്റെയും അമ്മയുടെയും ഏക മകനായതിനാൽ അവരുടെ കാര്യങ്ങൾ നോക്കാനായി പാലക്കാട്ടേക്ക് വരികയും താമസിക്കുകയും ചെയ്യേണ്ടിവന്നിരുന്നു. തങ്ങൾക്കിടയിലുണ്ടായ ചെറിയ സൗന്ദര്യപ്പിണക്കങ്ങളെ പ്രതി മുതലെടുക്കുകയായിരുന്നു. രാഹുലിന്‍റെ വാദങ്ങളെല്ലാം തെറ്റാണെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.
Content Highlights: woman approached the High Court opposing the anticipatory bail application in rahul mamkootathil case