'മധ്യകേരളത്തിലെ മുസ്ലിം ലീഗിൻ്റെ ശബ്‌ദം'; വി കെ ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

'മധ്യകേരളത്തിലെ മുസ്ലിം ലീഗിൻ്റെ ശബ്‌ദം'; വി കെ ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
dot image

കൊച്ചി: മുൻ മന്ത്രിയും എംഎൽഎയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി. ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിൻ്റെ ശബ്ദമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രേഡ് യൂണിയൻ രംഗത്തും ഇബ്രാഹിംകുഞ്ഞ് സജീവമായിരുന്നു എന്നതും മുഖ്യമന്ത്രി ഓർത്തെടുത്തു.

'മുൻമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിൻ്റെ വിയോഗത്തിൽ അനുശോചിക്കുന്നു. നാലു തവണ എംഎൽഎയും അതിൽ രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിൻ്റെ ശബ്ദമായിരുന്നു. ട്രേഡ് യൂണിയൻ രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്ന നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു', മുഖ്യമന്ത്രി അനുശോചിച്ചു.

ജനകീയനായ ജനപ്രതിനിധിയെയാണ് നഷ്ടപ്പെട്ടത് എന്നും യുഡിഎഫിന് കനത്ത നഷ്ടമാണ് ഉണ്ടായത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. എല്ലാവരോടും ഒരു പോലെ പെരുമാറിയ ആളായിരുന്നു അദ്ദേഹമെന്നും സൗമ്യനായാണ് ജനങ്ങളോട് ഇടപെട്ടത് എന്നും സതീശൻ ഓർത്തെടുത്തു.

ഭരണരംഗത്ത് നീതി നടപ്പിലാക്കിയ, എല്ലാവർക്കും സഹായം ചെയ്ത വ്യക്തിയായിരുന്നു ഇബ്രാഹിംകുഞ്ഞ് എന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചിച്ചു. മർകസ് സിറ്റി ആരംഭിച്ച സമയത്ത്, റോഡുകൾ വീതി കൂട്ടാനും നന്നാക്കാനും ഇബ്രാഹിംകുഞ്ഞ് മുൻകൈയെടുത്തു എന്നും കാന്തപുരം പറഞ്ഞു. നിയമക്കുരുക്കിൽ കിടന്ന ഉത്തരവുകൾ അദ്ദേഹം ഇടപെട്ട് വേഗത്തിൽ തീർപ്പാക്കി എന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയോടെയാണ് മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചത്. അർബുദബാധയെ തുടർന്ന് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. ഹൃദയത്തിന്റെയും കിഡ്‌നിയുടെയും പ്രവർത്തനം തകരാറിലായിരുന്നു.

രണ്ട് തവണ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്നു. വ്യവസായം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവും ലീഗിന്റെ തെക്കൻ കേരളത്തിലെ മുഖവുമായിരുന്ന ഇബ്രാഹിം കുഞ്ഞ് ട്രേഡ് യൂണിയൻ രംഗത്തും തിളങ്ങി. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളായ എംഎസ്എഫ്, യൂത്ത് ലീഗ് എന്നിവയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 2001, 2006 തെരഞ്ഞെടുപ്പുകളിൽ മട്ടാഞ്ചേരിയിൽ നിന്നും 2011, 2016 തെരഞ്ഞെടുപ്പുകളിൽ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി. 2005 ജനുവരി മുതൽ 2006 മെയ് വരെ വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി. ഐസ്‌ക്രീം കേസിൽ പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നാണ് 2005ൽ ഇബ്രാഹിം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു.

മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.

എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മന്ത്രിയായിട്ടുള്ള പ്രവർത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാൻ ക്രോണിക്കിളിന്റെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യുഎസ്എ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് എന്നിവയ്ക്കും അർഹനായി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ വി കെ ഇബ്രാഹിം കുഞ്ഞിനെ 2020 നവംബറിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ജനുവരിയിൽ ആരോഗ്യനില പരിഗണിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം നടക്കുക. ഇന്ന് വൈകിട്ട് ആറ് മണി മുതൽ സൗത്ത് കളമശ്ശേരി ഞാലകം കൺവൻഷൻ സെൻ്ററിൽ പൊതുദർശനം ഉണ്ടായിരിക്കും. രാത്രി 9 മണിയോടെ മൃതദേഹം ആലങ്ങാട് ചിറയത്തെ വീട്ടിലേക്ക് എത്തിക്കും.

Content Highlights: Kerala Chief Minister expressed deep condolences following the death of V. K. Ebrahim Kunju, saying he was a prominent Muslim League leader from central Kerala

dot image
To advertise here,contact us
dot image