

ബൊഗോട്ട: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് കോളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. 'എന്നെ കൊണ്ടുപോകൂ, ഞാന്‍ നിങ്ങളെ കാത്തിരിക്കുകയാണ്' എന്നാണ് ഗുസ്താവോ പെട്രോയുടെ പ്രസ്താവന. കൊളംബിയ രോഗാതുരമായ രാജ്യമാണെന്ന ട്രംപിന്റെ ആരോപണത്തിന് പിന്നാലെയാണ് പെട്രോയുടെ വെല്ലുവിളി.
താന്‍ അനധികൃതമായി അധികാരത്തിലെത്തിയയാളല്ലെന്നും ലഹരിക്കടത്തുകാരനല്ലെന്നും പെട്രോ എക്‌സില്‍ കുറിച്ചു. വേണ്ടിവന്നാല്‍ അമേരിക്കയ്‌ക്കെതിരെ പൊരുതാന്‍ താന്‍ ആയുധമെടുക്കാന്‍ തയ്യാറാണെന്നും പെട്രോ പറഞ്ഞു. വെനസ്വേലക്കെതിരായ നടപടിക്ക് പിന്നാലെ കൊളംബിയക്കെതിരെ സമാനമായ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു.
'ഇനി ആയുധം എടുക്കില്ലെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ നാടിന് വേണ്ടി ഞാന്‍ ഒരിക്കല്‍കൂടി അത് ചെയ്യും. എന്നെ കൊണ്ടുപോകൂ…ഞാന്‍ ഇവിടെ നിങ്ങളെ കാത്തിരിക്കുകയാണ്. എന്നെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. നിങ്ങള്‍ വേണമെങ്കില്‍ ഞാന്‍ നിങ്ങളെ കാത്ത് ഇവിടെ തന്നെയുണ്ട്', പെട്രോ പറഞ്ഞു.
ട്രംപ് അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കൂ. അമേരിക്ക ബോംബിട്ടാല്‍ രാജ്യത്തെ കര്‍ഷകര്‍ മലനിരകളില്‍ ആയിരക്കണക്കിന് ഗറില്ലകളായി മാറും. രാജ്യം സ്‌നേഹിക്കുന്ന പ്രസിഡന്റിനെ തടലങ്കലിലാക്കിയാല്‍ ജനങ്ങള്‍ തിരിച്ചടിക്കും എന്നും പെട്രോ പറഞ്ഞു.
രോഗിയായ ഒരാളാണ് കൊളംബിയ ഭരിക്കുന്നതെന്നും കൊക്കെയ്ന്‍ നിര്‍മ്മിക്കാനും അത് അമേരിക്കയില്‍ വില്‍ക്കാനും ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹമെന്നും ട്രംപ് പറഞ്ഞിരുന്നു. പെട്രോയ്ക്ക് കൊക്കെയ്ന്‍ മില്ലും ഫാക്ടറികളുമുണ്ടെന്നും അധികകാലം പ്രവര്‍ത്തിക്കില്ലെന്നുമായിരുന്നു ട്രംപിന്റെ കടന്നാക്രമണം.
നേരത്തെ ഗുസ്താവോ പെട്രോയ്ക്ക്മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാന്‍ പെട്രോ വിസമ്മതിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. കൊളംബിയയിലെ കൊക്കെയ്ന്‍ വ്യവസായത്തെയും ക്രിമിനല്‍ ഗ്രൂപ്പുകളെയും നിയന്ത്രിക്കുന്നതില്‍ പെട്രോ പരാജയമാണെന്നും യു എസ് ആരോപിച്ചിരുന്നു.
Content Highlights: ‘Come get me, I’m waiting for you’ Colombian President Petro dares Donald Trump