

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചക്കേസിൽ അരങ്ങേറിയത് വിശാല ഗൂഢാലോചനയെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. സ്വർണ്ണക്കവർച്ച സംഘടിത കുറ്റകൃത്യമാണ്. ദ്വാരപാലക ശില്‍പ പാളികള്‍ക്കൊപ്പം മറ്റ് സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണവും തട്ടിയെടുക്കാന്‍ പ്രതികള്‍ വലിയ പദ്ധതി തയ്യാറാക്കി. വലിയ കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്നും എസ്‌ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും ബെല്ലാരിയിലെ സ്വർണവ്യാപാരിയായ നാഗ ഗോവർദ്ധനും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും, ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് എസ്ഐടി നൽകിയ വിശദീകരണ റിപ്പോർട്ടിൽ പറയുന്നു. കേസിലെ പത്താം പ്രതിയാണ് നാഗ ഗോവർദ്ധൻ. 2025 ഒക്ടോബറിൽ മൂന്ന് പ്രതികളും ബെംഗളുരുവിൽ കൂടിക്കാഴ്ച നടത്തി. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഈ കൂടിക്കാഴ്ച. അന്വേഷണത്തിലൂടെ ഇക്കാര്യം വ്യക്തമായെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നുണ്ട്.
2019ലെ സ്വർണ്ണക്കവർച്ചയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ച കുറ്റകൃത്യം മറയ്ക്കാനായിരുന്നു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. പ്രതികളുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് മതിയായ തെളിവുകള്‍ ലഭിച്ചു. സിഡിആർ പരിശോധനയിൽ ഇക്കാര്യം വ്യക്തമായി. പിടിക്കപ്പെടാതിരിക്കാൻ ബെംഗളൂരുവിൽവെച്ച് വൻ ആസൂത്രണം നടത്തിയെന്നും എസ്‌ഐടി പറയുന്നു. സംഘടിത കുറ്റകൃത്യമാണ് നടന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയുടെ പരമ്പരയാണ്. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനയുടെ ഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും അന്വേഷണ സംഘം കോടതിയിൽ വാദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വാറന്‍റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതും മഹസറില്‍ ചെമ്പ് പാളികള്‍ എന്നെഴുതിയതും ഉള്‍പ്പടെയുള്ളവ ക്രിമനല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും എസ്ഐടി പറയുന്നു.
ക്ഷേത്രത്തിൽ പണം ചെലവഴിച്ചുവെന്നത് സ്വർണം അപഹരിച്ചുവെന്ന കുറ്റത്തിൽനിന്ന് ഒഴിവാക്കാനുള്ള കാരണമല്ല. പ്രതി നൽകിയ സ്‌പോൺസർഷിപ്പ് സ്വർണ്ണത്തേക്കാൾ സ്വർണം അയാൾക്ക് തിരികെ ലഭിച്ചു. ഈ സ്വർണം ശബരിമല ക്ഷേത്രത്തിന്റെ സ്വത്താണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ഗോവർദ്ധൻ സ്വന്തമാക്കിയത്. പ്രതി സ്‌പോണ്‍സര്‍ ചെയ്തത് 184 ഗ്രാം സ്വര്‍ണ്ണമാണ് ഇതിനെക്കാള്‍ 474.96 ഗ്രാം സ്വര്‍ണ്ണം നാഗഗോവര്‍ദ്ധന് തിരികെ ലഭിച്ചുവെന്നും എസ്‌ഐടി വ്യക്തമാക്കി. പ്രതി ക്ഷേത്രത്തിൽ നടത്തിയ വഴിപാടുകൾക്കോ ദാനധർമങ്ങൾക്കോ അയാൾ ചെയ്ത കുറ്റകൃത്യങ്ങളിൽനിന്ന് അദ്ദേഹത്തെ മുക്തനാക്കാനാകില്ലെന്നും എസ്‌ഐടി പറയുന്നു. കേസിൽ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയതോതിൽ സംഭാവനകൾ നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും ജാമ്യഹർജിയിൽ ഗോവർധൻ ഉന്നയിച്ചിരുന്നു. നാഗ ഗോവര്‍ദ്ധന്റെയും എ പത്മകുമാറിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കും
Content Highlights: SIT informed the High Court that a big conspiracy was involved in the Sabarimala gold theft case