'അടൂർ പ്രകാശ് പറഞ്ഞതായിരിക്കാം യുഡിഎഫിന്റെ ഔദ്യോഗിക നിലപാട്, അതിജീവിതയ്‌ക്കൊപ്പമല്ലെന്ന് വ്യക്തമായി';പി രാജീവ്

'നടിയെ ആക്രമിച്ച കേസിലും അപ്പീല്‍ പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. വിധി പൂര്‍ണമായും വന്ന ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക'

'അടൂർ പ്രകാശ് പറഞ്ഞതായിരിക്കാം യുഡിഎഫിന്റെ ഔദ്യോഗിക നിലപാട്, അതിജീവിതയ്‌ക്കൊപ്പമല്ലെന്ന് വ്യക്തമായി';പി രാജീവ്
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് മന്ത്രി പി രാജീവ്. വിധിയില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും പി രാജീവ് പറഞ്ഞു. 'ഹേമ കമ്മിറ്റിയെ തുടര്‍ന്ന് സിനിമ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. മേല്‍കോടതിയെ സമീപിക്കേണ്ട സാഹചര്യങ്ങളിലെല്ലാം സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു.' പി രാജീവ് വ്യക്തമാക്കി.

'നടിയെ ആക്രമിച്ച കേസിലും അപ്പീല്‍ പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. വിധി പൂര്‍ണമായും വന്ന ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. അടൂര്‍ പ്രകാശ് പറഞ്ഞതായിരിക്കാം യുഡിഎഫിന്റെ ഔദ്യോഗിക നിലപാട്. പ്രതിപക്ഷം നിലപാട് മാറ്റിയതോടെ അവര്‍ അതിജീവിതയ്‌ക്കൊപ്പമല്ലെന്ന് വ്യക്തമായി. കുറ്റവാളിയെ തീരുമാനിക്കേണ്ടത് നീതിന്യായ സംവിധാനമാണ്.' പി രാജീവ് ചൂണ്ടിക്കാണിച്ചു.

'ജഡ്ജിക്കെതിരായ ആക്രമണം ഗൗരവതരമാണ്. കോടതി മാറണമെന്ന അതിജീവിതയുടെ ആവശ്യത്തിനൊപ്പം അന്ന് സര്‍ക്കാര്‍ നിന്നിരുന്നു. വിധിയെ വിമര്‍ശിക്കാം, പക്ഷെ വ്യക്തിപരമായ വിമര്‍ശനം പാടില്ല. നിയമത്തിന് മുന്‍പില്‍ നാല് പേര്‍ കുറ്റവിമുക്തരാണ്. ഇനി അപ്പീല്‍ പോകുമ്പോള്‍ അവര്‍ നിയമനടപടി നേരിടും.' പി രാജീവ് കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷം വിജയപ്രതീക്ഷയിലാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഭരണാനുകൂല പ്രതികരണമാണ് ഉള്ളതെന്നും തദ്ദേശ സ്ഥാപനത്തിന് കൂടുതല്‍ ഫണ്ട് നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും പി രാജീവ് പറഞ്ഞു. 'സര്‍ക്കാരിന് എല്ലാ മേഖലയിലും നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അതിദാരിദ്ര്യ മുക്തമാക്കിയതും ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചതും അനുകൂലമാകും.' പി രാജീവ് വ്യക്തമാക്കി.

'കേരളത്തില്‍ പൊലീസ് സംവിധാനം സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയാവുക ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. സംസ്ഥാനം കൂടുതല്‍ വ്യവസായ സൗഹൃദമാവുകയും തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്തു.' പി രാജീവ് പറഞ്ഞു.

ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

'ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്', അടൂര്‍ പ്രകാശ് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. സര്‍ക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരിഹാസം.

Content Highlight; 'What Adoor Prakash said may be the official stance of the UDF, it is clear that it is not in favor of survival'; P Rajeev

dot image
To advertise here,contact us
dot image