

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തിനെതിരെ മന്ത്രിമാരായ വി ശിവന്‍കുട്ടിയും വീണാ ജോര്‍ജും സജി ചെറിയാനും. അടൂര്‍ പ്രകാശിന്റെ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമായിരിക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
ദിലീപിന് നീതി കിട്ടി എന്ന അടൂര്‍ പ്രകാശിന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം. അടൂർ പ്രകാശിന്റെ പ്രസ്ഥാനത്തിൻ്റെ സ്ത്രീവിരുദ്ധതയാണ് കണ്ടതെന്നും ഇരയ്‌ക്കൊപ്പം തുടര്‍ന്നും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ദിലീപിനെ കേസില്‍നിന്ന് ഒഴിവാക്കിയത് കൊണ്ടായിരിക്കും അടൂര്‍ പ്രകാശ് അങ്ങനെ പറഞ്ഞതെന്നാണ് സജി ചെറിയാന്‍ അഭിപ്രായപ്പെട്ടത്.
'അതിജീവിതയ്ക്ക് ആദ്യഭാഗത്തില്‍ തന്നെ നീതി കിട്ടി. ഏതെങ്കിലും ഒരാളെ കുറ്റവാളി ആക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കോടതി പരിശോധിച്ചാണ് ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞത്. അത് സംബന്ധിച്ച് കൂടുതല്‍ പരിശോധന വേണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ടാണ് അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആര്‍ക്കെങ്കിലും ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനോ മോശപ്പെടുത്താനോ അല്ല അപ്പീല്‍ പോകുന്നത്', മന്ത്രി വ്യക്തമാക്കി.
ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.
'ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്', അടൂര്‍ പ്രകാശ് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. സര്‍ക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരിഹാസം.
Content Highlights: V Sivankutty Veena George and Saji cherian on Adoor Prakash support towards Dileep