

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ് കണ്‍വീനര്‍ ആരുടെ ഭാഗത്താണെന്ന് ചോദിച്ച ബിനോയ് വിശ്വം സ്ത്രീ പീഡകര്‍ക്കാണോ യുഡിഎഫ് വെഞ്ചാമരം വീശുന്നതെന്നും ചോദിച്ചു.
'രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുമക്കുന്ന യുഡിഎഫിന് നടനെ തുണക്കാനും മടി കാണില്ല. യുഡിഎഫ് അവരുടെ ഭാഗത്താണെങ്കില്‍ ജനങ്ങള്‍ യുഡിഎഫിനെ ശിക്ഷിക്കും. യുഡിഎഫ് കണ്‍വീനറുടെ പ്രസ്താവന കണ്ട ഒറ്റ വോട്ടര്‍മാരും യുഡിഎഫിന് വോട്ട് ചെയ്യാന്‍ പോകുന്നില്ല. സ്ത്രീ വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന നടപടിയാണ് യുഡിഎഫിന്റേത്. അമ്മ, പെങ്ങമ്മാരുള്ള ആര്‍ക്കും ക്ഷമിക്കാന്‍ കഴിയില്ല. അതിജീവിതയുടെ പോരാട്ടത്തിന്റെ ഭാഗത്താണ്', ബിനോയ് വിശ്വം പറഞ്ഞു.
ദിലീപിന്റെ ഹുങ്കും പണക്കൊഴുപ്പും പ്രതാപവും കണ്ട് സിനിമയിലെ സ്ത്രീകള്‍ റാന്‍ മൂളാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധമാണ് പ്രതിപക്ഷ നിലപാടെന്നും എല്‍ഡിഎഫ് എന്നും അതിജീവിതക്കൊപ്പമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വിധിയുടെ അവസാന വാക്കായിട്ടില്ല. ഇപ്പോഴും പൂര്‍ണമായും സത്യം തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണ്. അങ്ങനെയെങ്കില്‍ ഈ കുറ്റം ചെയ്യാന്‍ ആരാണ് തുണയായത്. ആ ചോദ്യം കേരളം ചോദിക്കുന്നുണ്ട്', ബിനോയ് വിശ്വം പറഞ്ഞു. അതിജീവിതമാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ പ്രതികരണം.
ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.
'ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്', അടൂര്‍ പ്രകാശ് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. സര്‍ക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരിഹാസം.
Content Highlights: Binoy Viswam and M A Baby against Adoor Prakash support on Dileep