

ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും പിന്തുണയുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. 2027 ലോകകപ്പ് വരെ ഇരുവര്‍ക്കും ഗ്രൌണ്ടിൽ തുടരാനാവുമെന്ന് അഫ്രീദി പറഞ്ഞു. എപ്പോഴും തന്റെ തീരുമാനങ്ങളാണ് ശരിയെന്ന ഗംഭീറിന്റെ വാദം പൊളിഞ്ഞെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
.
'ഇന്ത്യൻ ടീമിന്റെ നട്ടെല്ലാണ് കോഹ്ലിയും വിരാടും. ദക്ഷിണാഫ്രിക്കക്കും ഓസീസിനുമെതിരായ പരമ്പരകളിൽ നിന്ന് മനസിലായത് അടുത്ത ലോകകപ്പും അവർ കളിക്കുമെന്നാണ്. സുപ്രധാന സീരിസുകളിലൊക്കെ ഇരുവർക്കും ടീമിൽ ഇടം നൽകണം.
ഇന്ത്യൻ പരിശീലക വേഷമണിഞ്ഞ തുടക്ക കാലത്ത് തന്റെ തീരുമാനങ്ങൾ എല്ലാം ശരിയാണെന്ന് ഗംഭീർ ഉറച്ച് വിശ്വസിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് മനസിലായിക്കാണും. എല്ലാ കാലത്തും അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ശരിയാവണമെന്നില്ല എന്ന്'- അഫ്രീദി പറഞ്ഞു.
ദേശീയ ജഴ്സിയണിഞ്ഞിരുന്ന കാലത്ത് ഗംഭീറും അഫ്രീദിയും പലകുറി ഗ്രൗണ്ടിൽ വാക്ക് കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്. രോഹിത് തന്റെ സിക്‌സർ റെക്കോർഡ് തകർത്തത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അഫ്രീദി കൂട്ടിച്ചേർത്തു.
'റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരൻ തന്നെ അത് തകർത്തതിൽ ഏറെ സന്തോഷം.. ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന എന്റെ റെക്കോർഡ് 18 വർഷം ആര്‍ക്കും എത്തിപ്പിടിക്കാനായില്ല. ഒടുക്കം അതും തകർക്കപ്പെട്ടില്ലേ. ഇതാണ് ക്രിക്കറ്റ്'- അഫ്രീദി പറഞ്ഞു.
Content Highlight: "Proved You Are Not Always Right"; Afridi against Gambhir