'വിധി സര്‍ക്കാരിന്റെ പരാജയം, അപ്പീല്‍ പോകണം'; ദിലീപിനെ പിന്തുണച്ച അടൂര്‍ പ്രകാശിനെ തിരുത്തി കെപിസിസി

ദിലീപിന് നീതി ലഭിച്ചെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തത് കൊണ്ടാണെന്നും അടൂര്‍ പരിഹസിച്ചിരുന്നു

'വിധി സര്‍ക്കാരിന്റെ പരാജയം, അപ്പീല്‍ പോകണം'; ദിലീപിനെ പിന്തുണച്ച അടൂര്‍ പ്രകാശിനെ തിരുത്തി കെപിസിസി
dot image

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തിരുത്തി കെപിസിസി. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ പരാജയമാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന് നീതി ലഭിച്ചെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തത് കൊണ്ടാണെന്ന് പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കെപിസിസി രംഗത്തെത്തിയിരിക്കുന്നത്.

അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു നേതാക്കള്‍ പ്രതികരിച്ചത്. അടൂര്‍ പ്രകാശിന്റെ പരാമര്‍ശം വ്യക്തിപരമാണെന്ന് മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.

യുഡിഎഫിന്റെ ചെയര്‍മാന്‍ പ്രതിപക്ഷ നേതാവാണെന്നും നടിയെ ആക്രമിച്ച കേസില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ വിധി വായിച്ച ശേഷം മറുപടി പറയുമെന്നും എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫും പ്രതികരിച്ചത്.

ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

'ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്', അടൂര്‍ പ്രകാശ് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. സര്‍ക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരിഹാസം.
Content Highlights: KPCC against Adoor Prakash on Dileep support statement

dot image
To advertise here,contact us
dot image