

കണ്ണൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന യുഡിഎഫ് നിലപാടാണെന്നും പൊതു സമൂഹം അങ്ങനെ ചിന്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപ്പീലിനെതിരായ അടൂര്‍ പ്രകാശിന്റെ പരിഹാസത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. അപ്പീല്‍ സംബന്ധിച്ച് യുഡിഎഫ് കണ്‍വീനര്‍ നല്‍കിയത് വിചിത്രമായ മറുപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'നാടിന്റെ പൊതു വികാരത്തിന് എതിരായ പ്രസ്താവനയാണിത്. പ്രോസിക്യൂഷന്‍ കേസ് നന്നായി കൈകാര്യം ചെയ്തു. വിധി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കി. ഇനിയും അത് തുടരും', മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് ദിലീപിന്റെ തോന്നലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപിന് നീതി ലഭിച്ചെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് മറ്റ് പണിയില്ലാത്തത് കൊണ്ടാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും പ്രതികരണം വിവാദമാകുകയും ചെയ്തതോടെ അദ്ദേഹം മലക്കം മറിയുകയായിരുന്നു.
അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. അപ്പീല്‍ പോയി അതിജീവിതകള്‍ക്ക് നീതി ലഭിക്കുന്നുണ്ടോയെന്നും അടൂര്‍ പ്രകാശ് ചോദിച്ചു. അപ്പീല്‍ പോകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കണം. അപ്പീല്‍ പോകണോ വേണ്ടയോ എന്നത് അടൂര്‍ പ്രകാശോ യുഡിഎഫോ അല്ല തീരുമാനിക്കേണ്ടത്. അപ്പീല്‍ പോകരുതെന്ന് തടസം നിന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: CM Pinarayi Vijayan against Adoor Prakash on actress attack case statement