രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ അടൂർ പ്രകാശ്;തിരുത്തി KPCCയും വിമർശിച്ച് ഭരണപക്ഷവും;ഒടുവിൽ മലക്കം മറിച്ചിൽ

ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണമായിരുന്നു യുഡിഎഫിന് ഇന്ന് തിരിച്ചടിയായി മാറിയത്

രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ അടൂർ പ്രകാശ്;തിരുത്തി KPCCയും വിമർശിച്ച് ഭരണപക്ഷവും;ഒടുവിൽ മലക്കം മറിച്ചിൽ
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഇന്ന് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണമായിരുന്നു യുഡിഎഫിന് ഇന്ന് തിരിച്ചടിയായി മാറിയത്. വോട്ട് രേഖപ്പെടുത്തി മടങ്ങവേ നടത്തിയ പ്രതികരണത്തില്‍ ദിലീപിന് നീതി ലഭിച്ചെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് മറ്റ് പണിയില്ലാത്തത് കൊണ്ടാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ നിരാശ പ്രകടിപ്പിക്കുകയും ഒന്നടങ്കം അതിജീവിതയ്‌ക്കൊപ്പമാണെന്നുമുള്ള കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായിട്ടായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

പിന്നാലെ അടൂരിനെ വിമര്‍ശിച്ചും തിരുത്തിയും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. അടൂര്‍ പ്രകാശിനെ തിരുത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് പറഞ്ഞു. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും പ്രതികരിച്ചു. അതിജീവിതയ്‌ക്കൊപ്പമാണ് തങ്ങളെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളെല്ലാം ആവര്‍ത്തിച്ചത്.

അടൂര്‍ പ്രകാശിനെതിരെ ഭരണപക്ഷവും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, പി രാജീവ്, സജി ചെറിയാന്‍ തുടങ്ങിയവരും രംഗത്തെത്തി. അടൂർ പ്രകാശിൻ്റേത് യുഡിഎഫ് നിലപാടെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അടൂരിന്റെ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഒടുവില്‍ ഗത്യന്തരമില്ലാതെ തന്റെ നിലപാടില്‍ നിന്ന് മലക്കം മറിയുകയായിരുന്നു അടൂര്‍ പ്രകാശ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നായിരുന്നു അടൂര്‍ പ്രകാശ് വിശദീകരണവുമായി രംഗത്തെത്തിയത്. ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അപ്പീല്‍ പോകണോ വേണ്ടയോ എന്നത് അടൂര്‍ പ്രകാശോ യുഡിഎഫോ അല്ല തീരുമാനിക്കേണ്ടത്. അപ്പീല്‍ പോകരുതെന്ന് തടസം നിന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Adoor Prakash controversy on Dileep in first phase of Local Body Election

dot image
To advertise here,contact us
dot image