

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ എട്ടാ പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അടൂര്‍ പ്രകാശ് പറഞ്ഞതിനോട് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു. അതിജീവിതയ്ക്ക് ഒപ്പമാണ് താനെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും ശശി തരൂര്‍ പറഞ്ഞു.
എന്നാല്‍ കോടതിയെ മാനിക്കുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന സംശയിക്കുമ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. അതിജീവിത അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും എട്ട് വര്‍ഷം അവര്‍ ഈ കേസിന് പിന്നാലെയായിരുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. സര്‍ക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരിഹാസം.
എന്നാല്‍ ഇതിനെതിരെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിജീവിതയ്ക്ക് ഒപ്പമാണ് തങ്ങളെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി അടക്കമുള്ള മന്ത്രിമാരും മറ്റ് സിപിഐഎം, സിപിഐ നേതാക്കളും രംഗത്തെത്തിയിരുന്നു.
അതേസമയം പ്രതികരണം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ് രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നും ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നുമായിരുന്നു അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ വിശദീകരണം. അപ്പീല്‍ പോകണോ വേണ്ടയോ എന്നത് അടൂര്‍ പ്രകാശോ യുഡിഎഫോ അല്ല തീരുമാനിക്കേണ്ടത്. അപ്പീല്‍ പോകരുതെന്ന് തടസം നിന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Shashi Tharoor against Adoor Prakash on supporting Dileep