
തിരുവനന്തപുരം: ആഗസ്റ്റ് 14 വിഭജന ഭീതി സ്മരണ ദിനമായി ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നിര്‍ദേശം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ശോഭ കെടുത്താനും അതിന്റെ ചരിത്രപ്രാധാന്യം കുറച്ചുകാണിക്കാനുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 2021 ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്ത് വിഭജന ഭീതി ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. അതാണിപ്പോള്‍ കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനിയില്‍ 'ആ വേദനയില്‍ ഉപ്പുപുരട്ടരുത്' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.
ഭരണഘടനാപദവി അലങ്കരിക്കുന്ന സംസ്ഥാനത്തെ പ്രഥമപൗരന്‍ തന്നെ ഭരണഘടനാ വിരുദ്ധമായ വിഭജനരാഷ്ട്രീയത്തിന്റെ വക്താവായ ആര്‍എസ്എസിന്റെ വക്കാലത്തുമായി രംഗത്തുവരുന്നത് അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. മതനിരപേക്ഷത മാത്രമല്ല, ഭരണഘടന തന്നെയാണ് ലക്ഷ്യമാക്കുന്നതെന്ന ബോധ്യത്തോടെയുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം മാത്രമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് സംഘപരിവാറിന്റെ പുതിയ ഭാഷ്യം. ഹിന്ദുത്വരാഷ്ട്രവാദികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ആള്‍ക്കൂട്ടക്കൊലകള്‍ നടത്താനും ബുള്‍ഡോസര്‍രാജ് നടപ്പിലാക്കാനും ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ വേട്ടയാടാനും സ്വാതന്ത്ര്യം ലഭിച്ചത് മോദി അധികാരത്തിലേറിയതിന് ശേഷമാണ് എന്നാണെങ്കില്‍ അത് വസ്തുതയാണെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.
ദ്വിരാഷ്ട്രവാദം ജിന്ന ഉയര്‍ത്തുന്നതിനേക്കാള്‍ മുന്നേ സവര്‍ക്കറാണ് ഉയര്‍ത്തിയത്. 1923 ല്‍ സവര്‍ക്കര്‍ രചിച്ച 'ആരാണ് ഹിന്ദു അഥവാ ഹിന്ദുത്വ' എന്ന പുസ്തകത്തിലാണ് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക രാഷ്ട്രം വേണമെന്ന ആശയം മുന്നോട്ടുവെക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത ഏടാണ് വിഭജനവും ക്രൂരമായ വര്‍ഗീയ ലഹളകളും കൂട്ടക്കൊലകളും. ആ ഓര്‍മ്മകള്‍ ജ്വലിപ്പിച്ച നിര്‍ത്തി രാജ്യത്തെ വര്‍ഗീയ അന്ധതയിലേക്ക് നയിക്കാനാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശ്രമം. അതിന് ചൂട്ടുപിടിക്കുകയാണ് ഗവര്‍ണര്‍ എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
Content Highlights: CPIM M V Govindan Against partition Horror day