
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളെ തള്ളി കാരണം കാണിക്കല്‍ നോട്ടീസില്‍ ഡോ ഹാരിസ് ചിറക്കലിന്‍റെ വിശദീകരണം. ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഹാരിസ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ ഡോ ഹാരിസിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിനാണ് അദ്ദേഹം മറുപടി നൽകിയത്.
ചികിത്സ മുടങ്ങിയ ദിവസം ഹാരിസ് ബദൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയില്ലെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ താൻ പറഞ്ഞ ദിവസം ഉപകരണം ഉണ്ടായിരുന്നില്ലെന്നും പിറ്റേന്ന് മറ്റൊരു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത് അദ്ദേഹം സ്വന്തമായി വാങ്ങിയ ഉപകരണം ഉപയോഗിച്ചാണെന്നും അത് സർക്കാർ വാങ്ങിയ ഉപകരണമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപകരണക്ഷാമം എന്തുകൊണ്ട് സൂപ്രണ്ടിനോടോ പ്രിൻസിപ്പലിനോടോ പറഞ്ഞില്ല എന്നതിന് പലതവണയായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദീകരണം നൽകി.
ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച് പരസ്യപ്രതികരണം നടത്തിയത് ചട്ടലംഘനമാണെന്ന വിമർശനത്തിനും അദ്ദേഹം മറുപടി നൽകി. പരസ്യ പ്രതികരണത്തില്‍ ക്ഷമാപണം നടത്തിയെന്നാണ് ഹാരിസിന്‍റെ മറുപടി. കഴിഞ്ഞ ദിവസമാണ് ഹാരിസ് വിശദീകരണം നൽകിയത്.
Content Highlights: Dr. Harris Chirakkal's explanation in the show cause notice denying the allegations against him