ബാങ്കിൽ ജോലിക്കായി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകി; സ്ത്രീ പിടിയിൽ

ഊരൂട്ടമ്പലം അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്ന ചിഞ്ചു ദാസിനെയാണ് പൊലീസ് പിടികൂടിയത്

dot image

തിരുവനന്തപുരം: ബാങ്കിലെ ജോലിക്കായി പൊലീസിന്റെ വ്യാജ പിസിസി തയ്യാറാക്കി നൽകിയ സ്ത്രീ പിടിയിൽ. ഊരൂട്ടമ്പലം അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്ന ചിഞ്ചു ദാസിനെയാണ് പൊലീസ് പിടികൂടിയത്. ഊരൂട്ടമ്പലം അക്ഷയ സെന്ററിൽ 2023 മാർച്ചിലായിരുന്നു സംഭവം. ഷിജിൻ എന്നയാൾക്ക് എച്ച്ഡിഎഫ്‌സി ബാങ്കിൽ ഹാജരാക്കുന്നതിലേക്കാണ് പ്രതി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത്.

പിസിസി ഹാജരാക്കിയപ്പോൾ അതിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

പരിശോധന നടത്തിയപ്പോഴാണ് വ്യാജ പിസിസി ആണെന്ന് മനസ്സിലായത്. തുടർന്ന് ഷിജിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പിസിസി തയ്യാറാക്കുന്നതിനായുള്ള പ്രതിഫലം പ്രതിയായ ചിഞ്ചു ദാസിന്റെ ബാങ്ക് അക്കൗണ്ടിൽ വാങ്ങിയതായി മനസ്സിലായി. ഈ സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയെങ്കിലും ജാമ്യം നിഷേധിച്ചു. തുടർന്നാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സമാന രീതിയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചിഞ്ചു ദാസിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുകയാണ്. പ്രതി ചിഞ്ചു ദാസ് ഈ അക്ഷയ സെന്ററിൽ എട്ട് വർഷത്തോളം ജോലി ചെയ്തിരുന്നു.

Content Highlights: Woman arrested for defrauding bank by giving fake Police Clearance Certificate

dot image
To advertise here,contact us
dot image