'ഹോർമുസ് കടലിടുക്ക് തുറപ്പിക്കും, ചൈനയും ഫ്രാൻസും യുദ്ധക്കപ്പലുകൾ അയക്കും എന്നാണ് പ്രതീക്ഷ'; ട്രംപ്

ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം

'ഹോർമുസ് കടലിടുക്ക് തുറപ്പിക്കും, ചൈനയും ഫ്രാൻസും യുദ്ധക്കപ്പലുകൾ അയക്കും എന്നാണ് പ്രതീക്ഷ'; ട്രംപ്
dot image

വാഷിങ്ങ്ടൺ: ഹോർമുസ് കടലിടുക്ക് ഏതുവിധേനയും തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഇതിനായി ചൈന അടക്കമുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലുകളും മറ്റും അയക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. കടലിടുക്ക് തുറക്കുന്നതിനും സുരക്ഷിതമായി നിലനിർത്തുന്നതിനും ഈ രാജ്യങ്ങൾ അമേരിക്കയ്‌ക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

'ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ ശ്രമിച്ചതിനെത്തുടർന്ന് ദുരിതമനുഭവിക്കുന്ന പല രാജ്യങ്ങളും, പ്രത്യേകിച്ച് അമേരിക്കയുമായി ചേർന്ന്, കടലിടുക്ക് തുറക്കാനും സുരക്ഷിതവുമായി നിലനിർത്താനും യുദ്ധക്കപ്പലുകൾ അയയ്ക്കും. ഇറാന്റെ സൈനിക ശേഷിയുടെ 100% നമ്മൾ ഇതിനകം നശിപ്പിച്ചു കഴിഞ്ഞു, പക്ഷേ അവർക്ക് ഒന്നോ രണ്ടോ ഡ്രോൺ അയക്കാനോ, ഒരു മൈൻ ഇടാനോ, അല്ലെങ്കിൽ ഈ ജലപാതയിൽ ഒരു ക്ലോസ് റേഞ്ച് മിസൈൽ എത്തിക്കാനോ എളുപ്പമാണ്. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ എന്നിവർ കടലിടുക്ക് തുറക്കാനായി കപ്പലുകളയക്കും എന്നാണ് പ്രതീക്ഷ. അതേസമയം, അമേരിക്ക തീരപ്രദേശത്ത് ബോംബാക്രമണം നടത്തും. ഇറാനിയൻ ബോട്ടുകളെയും കപ്പലുകളെയും തുടർച്ചയായി വെടിവയ്ക്കും. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, നമുക്ക് ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവും സ്വതന്ത്രവുമാക്കാൻ കഴിയും' എന്നാണ് ട്രംപ് കുറിച്ചത്.

അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ പ്രവർത്തനങ്ങൾ വിജയം കാണുന്നതായാണ് വിലയിരുത്തൽ. ഇന്ത്യൻ പതാകയേന്തിയ ശിവാലിക്, നന്ദാദേവി എന്ന കപ്പലുകൾ കൂടി ഇന്ന് ഹോർമുസ് കടലിടുക്ക് കടന്നു. സുരക്ഷിതമായിട്ടാണ് ഇവ ഹോർമുസ് കടലിടുക്ക് കടന്നത്. ഇവ രണ്ട് ദിവസത്തിനുള്ളിൽ മുംബൈയിലോ കണ്ട്ല തുറമുഖത്തോ എത്തും എന്നാണ് വിവരം.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് കടന്നത് അഞ്ച് ഇന്ത്യൻ കപ്പലുകളാണ്. ഇന്ത്യയിൽ എൽപിജി പ്രതിസന്ധി അതിരൂക്ഷമായിരിക്കെ കടലിടുക്ക് കടന്ന ഈ കപ്പലുകൾ ആശ്വാസം കൊണ്ടുവരും എന്നാണ് വിലയിരുത്തൽ. രണ്ട് കപ്പലിലും കൂടി 92,700 ടൺ ഏൽപിജിയാണ് ഉള്ളത്. ശിവാലിക് എന്ന കപ്പൽ വെള്ളിയാഴ്ച്ച രാത്രിയാണ് ഹോർമുസ് കടന്നത്. നന്ദാദേവി ഇന്ന് കാലത്താണ് ഹോർമുസ് കടന്നത്.

നേരത്തെ പരിമൾ, പുഷ്പ എന്നീ രണ്ട് കപ്പലുകൾക്കാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയത്. അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത്. ഇന്ത്യയുടെ എണ്ണ കപ്പലുകൾ ആക്രമിക്കില്ലെന്നും ഇറാൻ ഉറപ്പ് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.

നാല് ഫോൺ സംഭാഷണങ്ങളാണ് ഇന്ത്യയും ഇറാനും തമ്മിൽ കപ്പലുകൾ കടത്തിവിടുന്നത് സംബന്ധിച്ച് നടന്നത്. എസ് ജയ്ശങ്കർ നേരിട്ട് നടത്തിയ ഇടപെടലാണ് ഫലം കണ്ടത്. യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയ സമയത്തുതന്നെ ജയ്ശങ്കർ ഇറാനുമായി ബന്ധപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചപ്പോൾ ആ നയതന്ത്രത്തിന് മറ്റൊരു മാനം കൈവരികയായിരുന്നു.

ഇന്ത്യൻ കപ്പലുകൾ ഇനിയും സുരക്ഷിതമായി ഹോർമുസ് കടക്കുമെന്നാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഇറാൻ പ്രതിനിധിയായ മൊഹമ്മദ് ഫത്താലി ഇന്ത്യ ഇറാന്റെ ഉറ്റ സുഹൃത്താണെന്നും ശുഭകരമായ വാർത്തകൾ കേൾക്കാമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ശിവാലിക്, നന്ദാദേവി എന്ന കപ്പലുകൾ ഹോർമുസ് കടന്നത്.

ഇന്ത്യയും ഇറാനും ഒരേ താത്പര്യങ്ങളാണ് കൈക്കൊള്ളുന്നത് എന്നും ഫത്താലി പറഞ്ഞിരുന്നു. സഹകരണവും സുഹൃത്ത്ബന്ധവും വഴി ഉടലെടുക്കപ്പെട്ടതാണ് ഇറാൻ-ഇന്ത്യ ബന്ധം. യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യ പല രീതിയിൽ ഇറാനെ സഹായിച്ചിട്ടുണ്ട് എന്നും ഫത്താലി വ്യക്തമാക്കിയിരുന്നു.

Content Highlights: Donald Trump said the Strait of Hormuz will be reopened by any means necessary amid rising tensions in the region. He expressed hope that several countries, including China, would deploy warships and other naval assets to ensure the security of the crucial global shipping route.

dot image
To advertise here,contact us
dot image