AIADMKയിൽ ഭിന്നത; മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് വിജയ്‌യുടെ ടിവികെ അധികാരത്തിൽ വന്നത്

AIADMKയിൽ ഭിന്നത; മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു
dot image

ചെന്നൈ: തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എഐഎഡിഎംകെയില്‍ ആഭ്യന്തര കലഹം രൂക്ഷം. അവരുടെ മൂന്ന് വിമത എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ഭരണകക്ഷിയായ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയില്‍ ചേര്‍ന്നു. ഈറോഡ് ജില്ലയിലെ പെരുന്തുറൈ എംഎല്‍എ എസ് ജയകുമാര്‍, ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകം എംഎല്‍എ മരഗതം കുമാരവേല്‍, തിരുപ്പുര്‍ ജില്ലയിലെ ധാരാപുരം എംഎല്‍എ പി സത്യഭാമ എന്നിവരാണ് രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നത്. മൂവരും തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകറിന് രാജി സമര്‍പ്പിച്ചു.

രാജി സമര്‍പ്പിച്ചയുടനെ എംഎല്‍എമാര്‍ ടിവികെ മന്ത്രി ആധവ് അര്‍ജുനെ അദ്ദേഹത്തിന്റെ ചേംബറില്‍ കണ്ടു. എഐഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായ കൊങ്ങു മേഖലയില്‍ ഉള്‍പ്പെടുന്നവയാണ് ധാരാപുരം, പെരുന്തുറൈ എന്നീ മണ്ഡലങ്ങള്‍. ഇതോടെ സഭയിലെ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് വിജയ്‌യുടെ ടിവികെ അധികാരത്തിൽ വന്നത്. ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ഇല്ലാതിരുന്നതിനാൽ കോൺഗ്രസ്, ഐയുഎംഎൽ, വിസികെ, ഇടത് പാർട്ടികൾ എന്നിവരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. പിന്നീട് എഐഎഡിഎംകെയിലെ വിമത വിഭാഗവും സർക്കാരിന് പിന്തുണ നൽകുകയായിരുന്നു.

സി വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 25 എംഎൽഎമാരാണ് വിജയ് സർക്കാരിന് പിന്തുണ നൽകിയിരുന്നത്. മേയ് 13-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഇവർ ടിവികെക്ക് അനുകൂലമായി വോട്ട് ചെയ്തു. എങ്കിലും, വിമത വിഭാഗത്തിലുണ്ടായിരുന്ന അഞ്ച് എംഎൽഎമാർ തിരികെ എടപ്പാടി പളനിസ്വാമി പക്ഷത്തേക്ക് മടങ്ങിപ്പോയി. ഇതോടെ പളനിസ്വാമിക്ക് ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം 27 ആയി ഉയർന്നു.

Content Highlight : Three people who resigned from the Tamil Nadu Assembly joined the TVK led by Chief Minister Vijay on Monday.

dot image
To advertise here,contact us
dot image