ജോലി വിട്ടയുടന്‍ പിഎഫ് പിന്‍വലിക്കല്ലേ; അത് ചിലപ്പോള്‍ നിങ്ങളുടെ ലാഭം ഇല്ലാതാക്കും

ജോലി ഉപേക്ഷിച്ചാല്‍ ഇപിഎഫ് ബാലന്‍സിന് പലിശ ലഭിക്കില്ല എന്നത് ഒരു വലിയ തെറ്റായ ധാരണയാണ്. നിങ്ങള്‍ ജോലിയില്‍ ഇല്ലാതിരുന്നാല്‍ പോലും 58 വയസ് തികയുന്നത് വരെ നിങ്ങളുടെ ഇപിഎഫ് ബാലന്‍സിന് ഇപിഎഫ്ഒ പലിശ നല്‍കിക്കൊണ്ടിരിക്കും.

ജോലി വിട്ടയുടന്‍ പിഎഫ് പിന്‍വലിക്കല്ലേ; അത് ചിലപ്പോള്‍ നിങ്ങളുടെ ലാഭം ഇല്ലാതാക്കും
dot image

ജോലി മാറുമ്പോഴോ കരിയറില്‍ ഒരു ഇടവേള എടുക്കുമ്പോഴോ ഉടന്‍ തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) പിന്‍വലിക്കുന്നത് പലര്‍ക്കുമൊരു ശീലമാണ്. എന്നാലിത് വലിയൊരു സാമ്പത്തിക തെറ്റാണ്. ഇത്തരത്തിലുള്ള തിടുക്കത്തിലുള്ള പിന്‍വലിക്കല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ കാരണമാകും. ഇങ്ങനെ ചെയ്താല്‍ തുടര്‍ച്ചയായ പലിശ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കില്ല.

ജോലി ഉപേക്ഷിച്ചാല്‍ ഇപിഎഫ് ബാലന്‍സിന് പലിശ ലഭിക്കില്ല എന്നത് ഒരു വലിയ തെറ്റായ ധാരണയാണ്. നിങ്ങള്‍ ജോലിയില്‍ ഇല്ലാതിരുന്നാല്‍ പോലും 58 വയസ് തികയുന്നത് വരെ നിങ്ങളുടെ ഇപിഎഫ് ബാലന്‍സിന് ഇപിഎഫ്ഒ പലിശ നല്‍കിക്കൊണ്ടിരിക്കും. 58 വയസില്‍ ജോലി നിര്‍ത്തിയാല്‍, പിന്നീട് പരമാവധി 3 വര്‍ഷം കൂടി മാത്രമേ പലിശ ലഭിക്കുകയുള്ളൂ. വിരമിക്കല്‍ കാലത്തേക്കായി ഒരാള്‍ക്ക് സമ്പാദ്യം വളര്‍ത്തുന്ന പ്രധാന ഘടകം കൂട്ടുപലിശയാണ്. പ്രതിവര്‍ഷം 8.25 ശതമാനം പലിശ ലഭിക്കുന്ന ഇപിഎഫ് ബാലന്‍സ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയൊരു തുകയായി വളരും. നേരത്തെ പണം പിന്‍വലിക്കുന്നത് ഈ വളര്‍ച്ചയെ തടസപ്പെടുത്തുകയും ഭാവിയില്‍ വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യും.

ഇപിഎഫ് പിന്‍വലിക്കുമ്പോള്‍ നികുതി ഒഴിവാക്കാന്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കിയ ശേഷം പിന്‍വലിക്കുന്ന തുക പൂര്‍ണമായും നികുതി രഹിതമാണ്. എന്നാല്‍ ഇതിന് മുമ്പ് പണം പിന്‍വലിച്ചാല്‍ അത് നികുതി ബാധ്യതകള്‍ക്ക് കാരണമായേക്കാം.

പണം പിന്‍വലിക്കുന്നതിന് പകരം, പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അതേ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (UAN) ഉപയോഗിച്ച് പഴയ ബാലന്‍സ് പുതിയ അക്കൗണ്ടിലേക്ക് മാറ്റണം. ഇത് സ്‌ക്കീമിന്റെ തുടര്‍ച്ച ഉറപ്പാക്കാനും നികുതി ആനുകൂല്യങ്ങള്‍ നിലനിര്‍ത്താനും സഹായിക്കുന്നു. അടിയന്തര ചികിത്സ, വീട് നിര്‍മ്മാണം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മാത്രം ഇപിഎഫ് നിയമങ്ങള്‍ അനുവദിക്കുന്ന ഭാഗികമായ പിന്‍വലിക്കല്‍ (Partial withdrawal) ഉപയോഗപ്പെടുത്തുക.

അക്കൗണ്ട് കാര്യക്ഷമമായി നിലനിര്‍ത്താന്‍ നിങ്ങളുടെ തൊഴിലുടമ ജോലിയില്‍ നിന്ന് വിരമിച്ച ദിവസം കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കെവൈസി (KYC), ബാങ്ക് വിവരങ്ങള്‍ എന്നിവ കൃത്യമായി പുതുക്കുന്നത് പലിശ തടസമില്ലാതെ ലഭിക്കാന്‍ അത്യാവശ്യമാണ്. നിങ്ങളുടെ റിട്ടയര്‍മെന്റ് കാലം സുരക്ഷിതമാക്കാന്‍ ഇപിഎഫ് നിക്ഷേപം അനാവശ്യമായി പിന്‍വലിക്കാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

Content Highlights: Withdrawing your EPF early can break the power of compound interest and significantly reduce your long-term retirement savings.

dot image
To advertise here,contact us
dot image